സൗദിയില്‍ നിന്നും പതിനയ്യായിരത്തോളം പ്രവാസികളെ നാടുകടത്തി

single-img
30 November 2017

ജിദ്ദ: സൗദിയില്‍ ഒരാഴ്ചക്കിടെ നടത്തിയ റെയ്ഡില്‍ ഒരു ലക്ഷത്തോളം നിയമ ലംഘകര്‍ പിടിയിലായതായി പൊതു സുരക്ഷാ വകുപ്പ് അറിയിച്ചു. ഈ മാസം 14ന് അവസാനിപ്പിച്ച പൊതുമാപ്പിനെ തുടര്‍ന്ന് രാജ്യത്തെ 13 പ്രവശ്യകളിലും പരിശോധന തുടരുകയാണ്.

നവംബര്‍ 15 മുതല്‍ 27 വരെയുള്ള ദിവസങ്ങളില്‍ നടത്തിയ പരിശോധനകളില്‍ 99,135 ഇഖാമ, തൊഴില്‍ നിയമ ലംഘകരാണ് പിടിയിലായത്. ഇവരില്‍ 57,546 പേര്‍ താമസ നിയമം ലംഘിച്ചവരും 17,303 പേര്‍ നുഴഞ്ഞുകയറ്റക്കാരും 24,286 പേര്‍ തൊഴില്‍ നിയമ ലംഘകരുമാണ്.

ഇക്കാലയളവില്‍ അതിര്‍ത്തി വഴി സൗദിയിലേക്ക് നുഴഞ്ഞുകയറുന്നതിന് ശ്രമിച്ച 1,325 പേരെ സുരക്ഷാ വകുപ്പുകള്‍ പിടികൂടിയിട്ടുണ്ട്. ഇക്കൂട്ടത്തില്‍ 564 പേരെ നാടുകടത്തി. അതിനിടെ അതിര്‍ത്തി വഴി അനധികൃത രീതിയില്‍ വിദേശത്തേക്ക് കടക്കുന്നതിന് ശ്രമിച്ച 29 പേര്‍ കഴിഞ്ഞ ദിവസം സുരക്ഷാ സൈനികരുടെ വലയില്‍പ്പെട്ടിരുന്നു.

അതേസമയം നിയമ ലംഘകര്‍ക്ക് സഹായ സൗകര്യങ്ങള്‍ നല്‍കിയ 376 വിദേശികളും 48 സൗദികളും പിടിയിലായി. 12,075 നിയമ ലംഘകര്‍ക്കെതിരെ ശിക്ഷാ നടപടികള്‍ സ്വീകരിച്ചുവരികയാണ്. 14,997 നിയമ ലംഘകരെ നാടുകടത്തി. 9,590 പേര്‍ക്കെതിരെ തത്സമയം ശിക്ഷാ നടപടികള്‍ സ്വീകരിച്ചു.

യാത്രാ രേഖകള്‍ക്ക് 12,395 പേരെ എംബസികള്‍ക്കും കോണ്‍സുലേറ്റുകള്‍ക്കും കൈമാറി. 12,808 പേര്‍ക്ക് ടിക്കറ്റ് ബുക്കിംഗ് നടപടികള്‍ പൂര്‍ത്തിയാക്കിവരികയാണെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. അതേസമയം അവസാന നിയമലംഘകനും പിടിയിലാവുന്നത് വരെ സൗദി അറേബ്യയില്‍ പരിശോധനയും അറസ്റ്റും തുടരുമെന്ന് ആഭ്യന്തര വിഭാഗം വ്യക്തമാക്കി.

നിയമ ലംഘകരില്ലാത്ത രാജ്യം എന്ന മുദ്രാവാക്യം സാക്ഷാല്‍ക്കരിക്കുന്ന വിധത്തില്‍ എല്ലാ തരം കുറ്റകൃത്യങ്ങളിലും നിയമലംഘനങ്ങളിലും ഏര്‍പ്പെടുന്നവരെയും ഇപ്പോള്‍ നടക്കുന്ന വ്യാപകമായ പരിശോധനകളില്‍ പിടികൂടുന്നുണ്ട്. നിയമ വകുപ്പ്, സിവില്‍ ഡിഫന്‍സ് തുടങ്ങി ബന്ധപ്പെട്ട വകുപ്പുകളില്‍ നിന്നുള്ള പ്രതിനിധികള്‍ കൂടി അടങ്ങുന്ന സംഘങ്ങളാണ് പരിശോധന നടത്തുന്നത്.