വിരാട് കോഹ്ലി പറയുന്നതിലും കാര്യമുണ്ട്: സ്മിത്തിന് 9.5 കോടി കൊടുക്കുമ്പോള്‍ കോഹ്ലിക്ക് നല്‍കുന്നത് 6.5 കോടി

single-img
30 November 2017

ഇന്ത്യന്‍ ക്രിക്കറ്റ് ടീം താരങ്ങളുടെ വേതനം വര്‍ദ്ധിപ്പിക്കണമെന്ന് അവശ്യപ്പെട്ട് ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയും മഹേന്ദ്ര സിംഗ് ധോണിയും കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു. ഇന്ത്യന്‍ ക്രിക്കറ്റ് നാള്‍ക്കുനാള്‍ വളര്‍ന്നു വരികയാണെന്നും ഇതിന്റെ പങ്ക് താരങ്ങള്‍ക്കും ലഭിക്കണമെന്നുമാണ് ഇവര്‍ ആവശ്യപ്പെടുന്നത്.

ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളുടെ വാര്‍ഷിക കരാര്‍ത്തുകയും മല്‍സരപ്രതിഫലത്തുകയും ഈ വര്‍ഷമാദ്യം ബിസിസിഐ ഇരട്ടിയാക്കി ഉയര്‍ത്തിയിരുന്നു. കോഹ്‌ലിയും മുന്‍ ക്യാപ്റ്റന്‍ ധോണിയുമടക്കമുള്ള സീനിയര്‍ താരങ്ങളുടെ കരാര്‍ തുക രണ്ടുകോടിയായാണു വര്‍ധിപ്പിച്ചത്.

എന്നാല്‍ രണ്ടുകോടി വെറും ചില്ലറക്കാശാണെന്നും പ്രതിഫലത്തുക ഇനിയും ഉയര്‍ത്തണമെന്നും ആവശ്യപ്പെട്ടു ടീം ഡയറക്ടര്‍ രവിശാസ്ത്രിയുള്‍പ്പെടെ അന്നു രംഗത്തെത്തുകയായിരുന്നു. രാജ്യാന്തര മല്‍സരങ്ങളില്‍നിന്നായി ഏറ്റവുമധികം പ്രതിഫലം പറ്റുന്ന ഇന്ത്യന്‍ താരം വിരാട് കോഹ്‌ലിയാണ്.

മികച്ച പ്രകടനങ്ങള്‍ക്കു ബിസിസിഐ നല്‍കുന്ന പ്രത്യേക പ്രതിഫലവും ചേരുന്നതോടെ കോഹ്‌ലിയുടെ വാര്‍ഷിക വരുമാനം 6.5 കോടി രൂപയാണ്. വേതനത്തിന്റെ കാര്യത്തില്‍ ഓസ്‌ട്രേലിയന്‍ നായകന്‍ സ്റ്റീവ് സ്മിത്ത്, ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ജോ റൂട്ട് എന്നിവരേക്കാള്‍ പിന്നിലാണു കോഹ്‌ലി.

9.5 കോടി രൂപയാണ് ഓസ്‌ട്രേലിയന്‍ നായകന്‍ കൈപറ്റുന്നത്. ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ട് 8.9 കോടി രൂപയും വരുമാനം കൈപറ്റുന്നുണ്ട്. എന്നാല്‍ പരസ്യവരുമാനവും ഐപിഎല്‍ വരുമാനവും ഉള്‍പ്പെടെ വര്‍ഷം 94 കോടിയോളം രൂപ കൈപ്പറ്റുന്ന കോഹ്‌ലിയുടെ അടുത്തെങ്ങുമില്ല ആരും.

അടുത്ത അഞ്ചുവര്‍ഷത്തേക്ക് ഐപിഎല്‍ ക്രിക്കറ്റിന്റെ സംപ്രേഷണത്തുക ബിസിസിഐ കഴിഞ്ഞയിടെ സ്റ്റാര്‍ സ്‌പോര്‍ട്‌സ് ചാനലിനു 16347.5 കോടി രൂപയ്ക്കു വിറ്റിരുന്നു. ഈ വന്‍ ലാഭത്തിലൊരു പങ്കാണു കോഹ്‌ലിയും സംഘവും തങ്ങള്‍ക്കു വേണമെന്ന് ആവശ്യപ്പെടുന്നത്.