സൗദിയില്‍ സ്വര്‍ണക്കടകളില്‍ ഇനി വിദേശിയെ ജോലിക്ക് നിര്‍ത്തിയാല്‍ 20, 000 റിയാല്‍ പിഴ

single-img
29 November 2017

റിയാദ്: സൗദിയില്‍ സ്വര്‍ണക്കടകളില്‍ വിദേശിയെ ജോലിക്ക് നിര്‍ത്തിയാല്‍ ഇനി വന്‍ തുക പിഴയൊടുക്കണം. 20000 റിയാലാണ് പിഴ അടക്കേണ്ടി വരിക. നിയമം അടുത്ത ഞായറാഴ്ച മുതല്‍ പ്രബല്യത്തില്‍ വരും. വിദേശികളുടെ എണ്ണത്തിനനുസരിച്ച് പിഴ സംഖ്യയും ഇരട്ടിക്കുമെന്നാണ് സൂചന.

വിദേശികള്‍ പിടിക്കപ്പെട്ടാല്‍ സ്ഥാപനത്തിനാണ് പിഴ ചുമത്തുക. പ്രമുഖ ഷോപ്പിങ് മാളുകളിലും സ്വര്‍ണക്കടകള്‍ കേന്ദ്രീകരിച്ചും മുഴുസമയ പരിശോധന ഉണ്ടായിരിക്കുമെന്നും തൊഴില്‍ മന്ത്രാലയ വക്താവ് ഖാലിദ് അബല്‍ഖൈല്‍ പറഞ്ഞു. സൗദി തൊഴില്‍ മന്ത്രാലയം നടപ്പാക്കിവരുന്ന സ്വദേശിവത്കരണത്തിന്റെ ഭാഗമായാണ് നടപടി.

ഡിസംബര്‍ മൂന്ന് മുതലാണ് സ്വര്‍ണക്കടകളിലെ സമ്പൂര്‍ണ സ്വദേശിവത്കരണ നിയമം പ്രാബല്യത്തില്‍ വരുന്നത്. സ്വകാര്യ മേഖലയിലെ ഊര്‍ജ്ജിത സ്വദേശിവത്കരണത്തിന് തൊഴില്‍ മന്ത്രാലയം നടപ്പാക്കിവരുന്ന നിതാഖാത്തിന്റെ ഭാഗമായുള്ള നിയമത്തെക്കുറിച്ച് രണ്ട് മാസം മുമ്പ് മന്ത്രാലയം പ്രഖ്യാപിച്ചിരുന്നു. സ്ഥാപനങ്ങള്‍ സ്വദേശികളെ നിയമിച്ച നിയമാനുസൃതമാവണമെന്ന് ഒരാഴ്ച മുമ്പ് ഓര്‍മിപ്പിക്കുകയും ചെയ്തിരുന്നു.