‘കളിക്കളത്തില്‍ ഞാന്‍ തമാശ കളിക്കാറില്ല’; റെയ്‌നക്ക് മറുപടിയുമായി ധോണി

single-img
29 November 2017

വിവാദ വിഷയങ്ങളില്‍ എന്നും മൗനം പുലര്‍ത്തുന്നയാളാണ് മുന്‍ ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിങ് ധോണി.
എന്നാല്‍ താന്‍ ‘ഒട്ടും കൂള്‍ അല്ലെന്ന്’ പറഞ്ഞ സുരേഷ് റെയ്‌നയുടെ പ്രസ്താവനയ്ക്ക് മറുപടിയുമായി ധോണി തന്നെ രംഗത്തെത്തിയിരിക്കുകയാണ്. ‘ബ്രേക്ക്ഫാസ്റ്റ് വിത്ത് ചാംപ്യന്‍സ്’ എന്ന ടിവി പരിപാടിയില്‍ പങ്കെടുക്കവേയാണ് ധോണിയെക്കുറിച്ച് റെയ്‌ന സംസാരിച്ചത്. ധോണി ദേഷ്യക്കാരനാണെന്നായിരുന്നു റെയ്‌നയുടെ വാക്കുകള്‍.

എന്നാല്‍ കളിക്കളത്തില്‍ താന്‍ തമാശ കളിക്കാറില്ലെന്നായിരുന്നു തന്റെ സ്വതസിദ്ധമായ ശൈലിയിലുള്ള ധോണിയുടെ മറുപടി. സാഹചര്യത്തിന് അനുസരിച്ചാണ് താന്‍ പ്രതികരിക്കാറെന്നും ധോണി വ്യക്തമാക്കുന്നു. തമാശ പറയാനും ആസ്വദിക്കാനുമൊക്കെ ഒരുപാട് അവസരങ്ങളുണ്ട്. പക്ഷെ കളിക്കുമ്പോള്‍ ഞാന്‍ തമാശ പറയാറില്ല. ഡ്രെസ്സിംഗ് റൂമില്‍ ഞാന്‍ തമാശകളൊക്കെ നന്നായി ആസ്വദിക്കാറുമുണ്ട്. സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് പ്രതികരിക്കാനാണ് ഞാന്‍ ശ്രമിക്കാറെന്നും ധോണി പറയുന്നു.

ഉത്തര കാശ്മീരില്‍ ഇന്ത്യന്‍ ആര്‍മി സംഘടിപ്പിച്ച പരിപാടിയിക്കിടെയായിരുന്നു ധോണിയുടെ പ്രതികരണം. മൈതാനത്ത് പലപ്പോഴും ധോണി ദേഷ്യപ്പെടാറുണ്ടെന്നായിരുന്നു റെയ്നയുടെ പ്രസ്താവന. പക്ഷേ ധോണിയുടെ ദേഷ്യം മറ്റുളളവര്‍ക്ക് മനസ്സിലാക്കാന്‍ പ്രയാസമാണ്. ധോണി ചിന്തിക്കുന്നത് എന്താണെന്ന് അദ്ദേഹത്തിന്റെ മുഖത്തുനിന്നും വായിച്ചെടുക്കാന്‍ സാധിക്കില്ല. ക്യാമറകള്‍ ഓഫ് ആകുന്ന സമയത്തോ ടിവിയില്‍ പരസ്യം പ്രദര്‍ശിപ്പിക്കുന്ന സമയത്തോ ആയിരിക്കും ധോണി തന്റെ ദേഷ്യം പ്രകടിപ്പിക്കുക എന്നായിരുന്നു റെയ്നയുടെ വെളിപ്പെടുത്തല്‍.