യുഎഇയില്‍ വിവിധ ജയിലുകളില്‍ കഴിയുന്ന 1497 തടവുകാര്‍ക്ക് മോചനം

single-img
28 November 2017

ദുബായ്: യുഎഇയില്‍ വിവിധ ജയിലുകളില്‍ കഴിയുന്ന വിവിധ രാജ്യങ്ങളിലെ 1497 തടവുകാര്‍ക്ക് മോചനം. ദേശീയ ദിനം പ്രമാണിച്ചാണ് തടവുകാര്‍ക്ക് ഇളവ് നല്‍കിയത്. യു എ ഇ പ്രസിഡന്റും, വൈസ് പ്രസിഡന്റും, റാസല്‍ഖൈമ ഭരണാധികാരിയും തടവുകാരെ മോചിപ്പിക്കാന്‍ ഉത്തരവ് നല്‍കിയിട്ടുണ്ട്.

ദേശീയ ദിനം പ്രമാണിച്ച് 645 തടവുകാരെ മോചിപ്പിക്കാനാണ് യു എ ഇ പ്രസിഡന്റും അബൂദബി ഭരണാധികാരിയുമായ ശൈഖ് ഖലീഫ ബിന്‍ സായിദ് ആല്‍ നഹ്‌യാന്‍ ഉത്തരവിട്ടത്. തടവില്‍ കഴിഞ്ഞിരുന്നവര്‍ക്ക് ദേശീയദിനം കുടുംബത്തോടൊപ്പം ആഘോഷിക്കാന്‍ കഴിയുന്നവിധം ശൈഖ് ഖലീഫയുടെ ഉത്തരവ് നടപ്പാക്കുമെന്ന് അബൂദബി അറ്റോര്‍ണി ജനറല്‍ അലി മുഹമ്മദ് അല്‍ ബലൂഷി പറഞ്ഞു.

ദുബൈയിലെ ജയിലുകളില്‍ കഴിയുന്ന 606 തടവുകാരെ മോചിപ്പിക്കാനാണ് വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം ഉത്തവിട്ടത്. ഇതോടൊപ്പം റാസല്‍ഖൈമയിലെ ജയിലുകളില്‍ കഴിയുന്ന 246 തടവുപുള്ളികളെ മോചിപ്പിക്കാന്‍ റാക് ഭരണാധികാരി ശൈഖ് സൗദി ബിന്‍ സഖര്‍ ആല്‍ ഖാസിമിയും ഉത്തരവിട്ടു. വിവിധ രാജ്യക്കാരായ തടവ് പുള്ളികള്‍ മോചിതരാവുമെന്നാണ് സൂചന.