പരസ്യങ്ങളുടെ സമയത്ത് ക്യാമറകള്‍ മാറുമ്പോഴാണ് ധോണി പലപ്പോഴും ദേഷ്യപ്പെടാറുള്ളത്: ധോണിയുടെ കളിക്കളത്തിലെ ‘കളി’കള്‍ തുറന്നു പറഞ്ഞ് സഹതാരം റെയ്‌ന

single-img
26 November 2017

കളിക്കളത്തിലെയും പുറത്തെയും മാന്യമായ പെരുമാറ്റം മൂലം ക്യാപ്റ്റന്‍ കൂള്‍ എന്നാണ് മഹേന്ദ്ര സിങ് ധോണി അറിയപ്പെടുന്നത്. ആകാശമിടിഞ്ഞു വീണാലും ധോണി കൂളായി നില്‍ക്കും. ആരോപണശരങ്ങളുയര്‍ന്നപ്പോഴും അദ്ദേഹം അതിനെ കൂളായി നേരിട്ടു.

മത്സരത്തില്‍ എത്ര സമ്മര്‍ദ്ദമുള്ള ഘട്ടത്തിലാണെങ്കിലും അത് മുഖത്ത് തെല്ലും കാണിക്കുകയുമില്ല. ക്യാപ്റ്റന്‍ സ്ഥാനത്തു നിന്നു മാറിയപ്പോഴും വിക്കറ്റിന് പുറകില്‍ ധോണി ഇപ്പോഴും കൂളാണ്. എന്നാല്‍ ധോണി ആളത്ര കൂളൊന്നുമല്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ധോണിയുടെ അടുത്ത സുഹൃത്തുക്കളിലൊരാളായ സുരേഷ് റെയ്‌ന.

ധോണിയുടെ കണ്ണുകളില്‍ ഭാവമാറ്റം കണ്ടെത്തുക വലിയ പ്രയാസമുള്ള കാര്യമാണ്. എന്നാല്‍ ധോണി ദേഷ്യപ്പെടാറില്ലെന്ന കാര്യം ശരിയല്ല. ഒരു പക്ഷെ ധോണി ദേഷ്യപ്പെടുന്നത് ക്യാമറകള്‍ പിടിച്ചെടുക്കാത്തതായിരിക്കാം. പരസ്യങ്ങളുടെ സമയത്ത് ക്യാമറകള്‍ മാറുമ്പോഴാണ് ധോണി പലപ്പോഴും ദേഷ്യപ്പെടാറുള്ളതെന്ന് റെയ്‌ന പറയുന്നു.

റെയ്‌ന ഒരു സ്വകാര്യ അഭിമുഖത്തിലാണ് ഇക്കാര്യങ്ങള്‍ തുറന്നുപറഞ്ഞത്. ധോണിയുടെ ഈ സ്വഭാവത്തിന് ഒരു ഉദാഹരണവും റെയ്‌ന പങ്കുവെക്കുന്നുണ്ട്. വര്‍ഷങ്ങള്‍ക്കു മുമ്പ് ഇന്ത്യ–പാകിസ്ഥാന്‍ മത്സരത്തിനിടെ ഉമര്‍ അക്മല്‍ തനിക്കെതിരെ ധോണിയോട് പരാതിപ്പെട്ടു.

എന്നാല്‍ ഉമറിന്റെ മേല്‍ സമ്മര്‍ദ്ദമുണ്ടാക്കുന്നതിനുള്ള ശ്രമങ്ങളാണ് നടത്തിയതെന്ന് ഞാന്‍ പറഞ്ഞു. അതിനു ധോണി മറുപടി പറഞ്ഞത് അങ്ങനെ തന്നെ തുടര്‍ന്നു കൊള്ളാനായിരുന്നുവെന്ന് റെയ്‌ന പറയുന്നു. കളി ജയിക്കുന്നതിന് വേണ്ടി എല്ലായ്‌പ്പോഴും മൂന്നു പ്ലാനുകളുമായിട്ടായിരിക്കും ധോണി ഗ്രൗണ്ടിലുണ്ടാകുകയെന്നും റെയ്‌ന കൂട്ടിച്ചേര്‍ത്തു. ഇന്ത്യന്‍ ടീമിലും ഐപിഎല്ലിലും ഏറെ നാള്‍ ഒരുമിച്ച് കളിച്ച താരങ്ങളാണ് റെയ്‌നയും ധോണിയും.