സൗദി അടുത്ത വര്‍ഷം മുതല്‍ ടൂറിസ്റ്റ് വിസകള്‍ അനുവദിച്ചേക്കും

single-img
24 November 2017

സൗദി അറേബ്യ അടുത്ത വര്‍ഷം മുതല്‍ ടൂറിസ്റ്റ് വിസകള്‍ അനുവദിച്ചേക്കും. ടൂറിസം, ദേശീയ പൈതൃക കമ്മീഷന്‍ പ്രസിഡന്റ് സുല്‍ത്താന്‍ ബിന്‍ സല്‍മാന്‍ രാജകുമാരനാണ് ഇതുസംബന്ധിച്ച സൂചന നല്‍കിയത്. സൗദിയിലേക്കുള്ള വിദേശ വിനോദ സഞ്ചാരികളുടെ വരവ് എളുപ്പമാക്കുന്നതിനാണ് ടൂറിസ്റ്റ് വീസ അനുവദിക്കുന്നത്.

നിലവില്‍ സന്ദര്‍ശക, ഉംറ, ഹജ് വീസകളും ഫാമിലി, ബിസിനസ് വിസകളും മാത്രമാണ് നല്‍കുന്നത്. ഈ ശ്രേണിയില്‍ ഇനി ടൂറിസ്റ്റ് വിസകള്‍ കൂടി ഉള്‍പ്പെടും. വിസാ നടപടികള്‍ എളുപ്പമാക്കുന്നതിനായി ഓണ്‍ലൈന്‍ വീസാ സംവിധാനം ഏര്‍പെടുത്തും.

ഇതോടെ വീസയ്ക്കായി എംബസികളെ ആശ്രയിക്കേണ്ടിവരില്ലെന്നും വ്യക്തമാക്കുന്നു. ആഭ്യന്തര ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കം. അവധിക്കാലം ചെലവഴിക്കാന്‍ വിദേശ രാജ്യങ്ങളിലേക്ക് പോകുന്ന പ്രവാസികളെ ആഭ്യന്തര ടൂറിസത്തിലേക്ക് ആകര്‍ഷിക്കുന്ന പദ്ധതികളും ആവിഷ്‌കരിക്കും.

വിനോദ സഞ്ചാരികളെ സ്വീകരിക്കുന്നതിന് ആവശ്യമായ ഹോട്ടലുകളും ഗതാഗതവും അടക്കം ഏറ്റവും മികച്ച പശ്ചാത്തല സൗകര്യങ്ങള്‍ സൗദിയിലുണ്ട്. മേഖലയിലെ ഏറ്റവും വലിയ എയര്‍പോര്‍ട്ട് ശൃംഖലയും സൗദിയിലാണെന്ന് സുല്‍ത്താന്‍ ബിന്‍ സല്‍മാന്‍ രാജകുമാരന്‍ പറഞ്ഞു.