കാര്‍ മോഷണം എങ്ങനെ തടയാം; ഷാര്‍ജ പോലീസിന്റെ നിര്‍ദ്ദേശങ്ങള്‍

single-img
22 November 2017

ദുബായ്: മോഷ്ടാക്കളില്‍ നിന്നും കാറുകള്‍ സംരക്ഷിക്കാന്‍ നിര്‍ദേശങ്ങളുമായി ഷാര്‍ജ പോലീസ്. കാര്‍ മോഷണങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പുമായി പോലീസ് രംഗത്തെത്തിയത്. ‘സെക്യൂരിറ്റി ആന്‍ഡ് സേഫ്റ്റി’ എന്ന മുദ്രാവാക്യം ഉയര്‍ത്തി പുതുതായി ആരംഭിച്ച ക്യാംപയിന്റെ ഭാഗമായാണ് നിര്‍ദേശങ്ങള്‍.

അല്‍ നഹ്ദ, അല്‍ ബുഹൈറ, അല്‍ മജാസ്, അല്‍ ഖാന്‍, അല്‍ താവുന്‍, അല്‍ മംസര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും വലിയ രീതിയില്‍ മോഷണവുമായി ബന്ധപ്പെട്ട പരാതി ലഭിക്കുന്നുണ്ടെന്ന് പോലീസ് പറഞ്ഞു. കുറച്ചു സമയത്തേക്കാണെങ്കില്‍ പോലും വാഹനത്തിന്റെ എന്‍ജിന്‍ ഓണ്‍ ആക്കി പോകരുത്.

കാറുകളുടെ വാതില്‍ ലോക്ക് ചെയ്യാതെ പുറത്തു പോകരുത്, ഒറ്റപ്പെട്ട സ്ഥലങ്ങളിലോ മരുഭൂമികളിലോ നീണ്ട കാലത്തേക്ക് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്ത് പോകരുത്, വിലപ്പിടിപ്പുള്ള സാധനങ്ങള്‍ പുറത്തുകാണുന്ന രീതിയില്‍ കാറില്‍ സൂക്ഷിക്കരുത് തുടങ്ങിയ നിര്‍ദേശങ്ങളാണ് പോലീസ് മുന്നോട്ട് വെച്ചിരിക്കുന്നത്.

കൂടാതെ വാഹനങ്ങള്‍ യാതൊരുകാരണവശാലും ഇരുട്ടില്‍ നിര്‍ത്തിയിടരുത്, സുരക്ഷിത സ്ഥലങ്ങളില്‍ മാത്രം കാര്‍ പാര്‍ക്ക് ചെയ്യുക, കഴിയുന്നതും സിസിടിവി ക്യാമറകള്‍ ഉള്ള ഇടങ്ങളില്‍ പാര്‍ക്ക് ചെയ്യുക, കാര്‍ അലാറം ഉപയോഗിക്കുക എന്നീ കാര്യങ്ങളില്‍ ജാഗ്രത പുലര്‍ത്താനും നിര്‍ദേശത്തില്‍ പറയുന്നുണ്ട്.

എന്തെങ്കിലും രീതിയിലുള്ള അസ്വഭാവിക നീക്കം ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ തന്നെ 901 എന്ന ടോള്‍ ഫ്രീ നമ്പറില്‍ ഷാര്‍ജ പോലീസിനെ വിവരം അറിയിക്കണം. ധൃതിയില്ലാത്ത കാര്യം ആണെങ്കില്‍ 800151 എന്ന ടോള്‍ ഫ്രീ നമ്പറില്‍ വിളിക്കാവുന്നതാണെന്നും പോലീസ് വ്യക്തമാക്കി.