നെഞ്ചുവേദനയില്ലാതെ വരുന്ന ഹാര്‍ട്ട് അറ്റാക്ക്?: സൂക്ഷിക്കേണ്ടത് ആരൊക്കെ

single-img
22 November 2017

ഹൃദ്രോഗമാണ് പെട്ടെന്നുണ്ടാകുന്ന മരണങ്ങളുടെ പ്രധാന കാരണം. ഹാര്‍ട്ട് അറ്റാക് എപ്പോള്‍, ആര്‍ക്ക്, എവിടെവെച്ച് സംഭവിക്കും എന്നു പറയാനാകില്ല. ലോകത്തെ മരണങ്ങളില്‍ 24 ശതമാനവും ഹൃദയരോഗങ്ങള്‍ മൂലമാണ്. നെഞ്ചുവേദനയാണ് ഹൃദയാഘാതത്തിന്റെ ലക്ഷണം.

എന്നാല്‍ ചിലപ്പോള്‍ വേദനയില്ലാതെ ഹാര്‍ട്ട് അറ്റാക്ക് വന്നേക്കാം. ഇതിനെ സൈലന്റ് അറ്റാക്ക് എന്നാണ് വിളിക്കുന്നത്. ലക്ഷണങ്ങള്‍ ഒന്നും പ്രകടിപ്പിക്കാതെ നിശ്ശബ്ദമായെത്തി ജീവന്‍ കവരുന്ന സൈലന്റ് അറ്റാക്കിനെ ഏറെ പേടിക്കേണ്ടതുണ്ട്.

സൈലന്റ് അറ്റാക്ക്, ഹാര്‍ട്ട് അറ്റാക്കുണ്ടായ വ്യക്തിക്ക് ഉടന്‍തന്നെ വൈദ്യസഹായം തേടാന്‍ പലപ്പോഴും തടസ്സമാവുകയാണ് ചെയ്യുന്നത്. പലപ്പോഴും ഹാര്‍ട്ട് അറ്റാക്കിനെത്തുടര്‍ന്നുണ്ടാകുന്ന ശ്വാസംമുട്ടലും നെഞ്ചിടിപ്പുമായിട്ടായിരിക്കും പലരും ആസ്പത്രിയിലെത്തുന്നത്.

വേദനയില്ലാതെ വരുന്ന അറ്റാക്കുകളില്‍ ഇത് അറിയാതെ പോവുകയാണ്. പ്രമേഹരോഗികളില്‍ സൈലന്റ് അറ്റാക്കിനുള്ള സാധ്യത കൂടുതലാണ്. പലപ്പോഴും ഉറക്കത്തിലെ മരണത്തിന് പ്രധാന കാരണമാണിത്. ഏറ്റവും ശക്തിയേറിയതും ഹാനികരവുമായ അറ്റാക്കാണിത്.

സൈലന്റ് അറ്റാക്കില്‍ നെഞ്ചുവേദന അനുഭവപ്പെടാനുള്ള സമയമോ പ്രയാസം മറ്റൊരാളെ അറിയിക്കാനുള്ള സമയമോ ലഭിക്കില്ല. രോഗി അബോധാവസ്ഥയിലേക്കും അറിയാതെ മരണത്തിലേക്കും അതിവേഗത്തില്‍ നീങ്ങും. പ്രമേഹരോഗികളിലും ഹൈപ്പര്‍ ടെന്‍ഷനുള്ളവരിലും മുതിര്‍ന്നവരിലും സ്ത്രീകളിലുമാണ് പ്രത്യേകിച്ചും വേദനയില്ലാത്ത ഹാര്‍ട്ട് അറ്റാക്ക് ഉണ്ടാകുന്നത്.

ഏകദേശം 35 ശതമാനത്തോളം പ്രമേഹരോഗികള്‍ക്കും ഹാര്‍ട്ട് അറ്റാക്കിനെ തുടര്‍ന്ന് നെഞ്ചുവേദന ഉണ്ടാകാറില്ല. സ്വയം നിയന്ത്രിത നാഡീവ്യൂഹത്തെ ബാധിക്കുന്ന ന്യൂറോപ്പതിയാണ് വേദനരഹിതമായ ഹൃദയാഘാതത്തിന് കാരണം.