ഖത്തറിലെ താമസാനുമതി പുതുക്കാന്‍ ഇനിമുതല്‍ ഓണ്‍ലൈന്‍ സംവിധാനം മാത്രം: പുതുക്കാത്തവര്‍ക്ക് കനത്ത പിഴ

single-img
21 November 2017

ഖത്തറില്‍ വിസാരഹിത സന്ദര്‍ശനത്തിനെത്തുന്നവര്‍ക്ക് ഇനിമുതല്‍ താമസാനുമതി പുതുക്കണമെങ്കില്‍ ഓണ്‍ലൈന്‍ സംവിധാനം പ്രയോജനപ്പെടുത്തണം. ഇതിനായി എയര്‍പോര്‍ട്ട് പാസ്പോര്‍ട്ട് വിഭാഗത്തെ സമീപിക്കേണ്ടതില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. കാലാവധി കഴിഞ്ഞ് താമസാനുമതി പുതുക്കാത്തവരില്‍ നിന്ന് ഓരോ ദിവസത്തിനും 200 റിയാല്‍ വീതം ഈടാക്കുമെന്നും എയര്‍പോര്‍ട്ട് പാസ്പോര്‍ട്ട് വിഭാഗം ഡയറക്ടര്‍ അറിയിച്ചു.

ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് വിസാരഹിത സന്ദര്‍ശനം അനുവദിച്ച ഖത്തര്‍ ഒരുമാസത്തിന് ശേഷം 30 ദിവസത്തേക്കു കൂടി താമസാനുമതി നീട്ടാന്‍ സൗകര്യമൊരുക്കിയിരുന്നു. ഇതിനായി എയര്‍പോര്‍ട്ട് പാസ്പോര്‍ട്ട് വിഭാഗം ഓഫീസിലേക്കെത്തിയിരുന്നത് ദിവസവും നൂറു കണക്കിനാളുകളാണ്.

ഓണ്‍ലൈന്‍ സംവിധാനം നിലവിലുണ്ടെങ്കിലും പുതുക്കാനായി ഓഫീസില്‍ നേരിട്ടെത്തുന്നവരാണധികവും. ഈ സാഹചര്യത്തിലാണ് വിസാരഹിത സന്ദര്‍ശകരുടെ താമസാനുമതി ഇനി മുതല്‍ ഓണ്‍ലൈന്‍ വഴി മാത്രമേ പുതുക്കാവൂ എന്ന് എയര്‍പോര്‍ട്ട് പാസ്പോര്‍ട്ട് വിഭാഗം അറിയിച്ചത്.

ഖത്തറിലെത്തി ഒരുമാസത്തിനകം താമസാനുമതി പുതുക്കാത്തവരില്‍ നിന്ന് ഓരോ ദിവസത്തിനും 200 റിയാല്‍ വീതം ഈടാക്കും. അതേസമയം ഓണ്‍ലൈന്‍ റിനീവല്‍ സംവിധാനം പൂര്‍ണ്ണമായും സൗജന്യമായിരിക്കുമെന്ന് എയര്‍പോര്‍ട്ട് പാസ്പോര്‍ട്ട് വിഭാഗം ഡയരക്ടര്‍ കേണല്‍ മുഹമ്മദ് റാഷിദ് അല്‍ മസ്റൂഇ അറിയിച്ചു. ആഭ്യന്തര മന്ത്രാലയത്തിന്റെ www.moi.gov.qa എന്ന ഹോം പേജില്‍ ‘വിസാസ്’ എന്ന വിന്‍ഡോവില്‍ പ്രവേശിച്ച് ‘വിസ എക്‌സ് റ്റന്‍ഷന്‍’ വിന്‍ഡോവില്‍ കയറിയാണ് നടപടികള്‍ പൂര്‍ത്തീകരിക്കേണ്ടത്.