കുവൈത്തില്‍ വിദ്യാഭ്യാസ മേഖലയില്‍ ജോലി ചെയ്യുന്ന 1500ഓളം പ്രവാസികളെ ഒഴിവാക്കുന്നു

single-img
21 November 2017

കുവൈത്തില്‍ വിദ്യാഭ്യാസ മന്ത്രാലയത്തില്‍ ജോലി ചെയ്യുന്ന 1500ഓളം വിദേശികളുടെ സേവനം അവസാനിപ്പിക്കാന്‍ സിവില്‍ സര്‍വീസ് കമ്മീഷന്‍ നിര്‍ദേശം നല്‍കി. സ്വദേശിവല്‍ക്കരണ നടപടികളുടെ ഭാഗമായാണ് നടപടി. എന്നാല്‍ ഇത് അധ്യാപകരുടെ ക്ഷാമം രൂക്ഷമാക്കുമെന്നാണ് മന്ത്രാലയത്തിന്റെ വിലയിരുത്തല്‍.

2017-18 അധ്യയനവര്‍ഷം പൂര്‍ത്തിയാകുന്നതോടെ വിദേശികളായ 660 അധ്യാപകരുടെയും 798 അധ്യാപകേതര ജീവനക്കാരുടെയും സേവനം അവസാനിപ്പിക്കണമെന്നാണ് സിവില്‍ സര്‍വീസ് കമ്മീഷന്‍ വിദ്യാഭ്യാസ മന്ത്രാലയത്തിന് നല്‍കിയ നിര്‍ദേശത്തില്‍ പറയുന്നത്.

രാജ്യത്തെ പൊതു വിദ്യാലയങ്ങളില്‍ അധ്യാപകരുള്‍പ്പെടെയുള്ള ജീവനക്കാരുടെ ക്ഷാമം അനുഭവിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് 1500 ഓളം ജീവനക്കാരെ ഒഴിവാക്കണമെന്ന നിര്‍ദേശം കമ്മീഷന്‍ മുന്നോട്ട് വെച്ചിരിക്കുന്നത്. സര്‍ക്കാര്‍ വകുപ്പുകളില്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്ന സ്വദേശിവല്‍ക്കരണത്തിന്റെ ഭാഗമായാണ് ഇത്തരമൊരു നിര്‍ദേശം മന്ത്രാലയത്തിന് കൈമാറിയത്.

അതേസമയം സ്വദേശി വല്‍ക്കരണം കൃത്യമായി നടപ്പാക്കാന്‍ വിദ്യാഭ്യാസമന്ത്രാലയം പ്രയാസപ്പെടുന്നതായാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ശാസ്ത്ര വിഷയങ്ങള്‍ കൈകാര്യം ചെയ്യാന്‍ വേണ്ടത്ര സ്വദേശി അധ്യാപകര്‍ ഇല്ലാത്തതും, പുതിയ സ്‌കൂളുകള്‍ പ്രവര്‍ത്തനം ആരംഭിച്ചതും ആണ് മന്ത്രാലയം കാരണമായി ചൂണ്ടിക്കാട്ടുന്നത്.

അതോടൊപ്പം താമസ അലവന്‍സ് നിര്‍ത്തിയതുള്‍പ്പെടെയുള്ള നടപടികള്‍ വിദേശി അധ്യാപകരുടെ കൊഴിഞ്ഞു പോക്കിനും ഇടയാക്കിയിട്ടുണ്ട്. സ്വദേശികള്‍ അധ്യാപക ജോലി ചെയ്യാന്‍ താല്പര്യം കാണിക്കാത്തതും സ്വദേശി വല്‍ക്കരണ നടപടികള്‍ക്കു തിരിച്ചടിയാകുന്നതായി വിദ്യാഭ്യാസമന്ത്രാലയ വൃത്തങ്ങള്‍ വ്യക്തമാക്കുന്നു.