87 റണ്‍സെടുത്ത് നില്‍ക്കെ ഡിക്ലയര്‍ ചെയ്യട്ടേയെന്ന് കോഹ്‌ലി; സെഞ്ചുറി അടിച്ചിട്ട് മതിയെന്ന് രവി ശാസ്ത്രി: വീഡിയോ വൈറലായതോടെ കോഹ്ലിയെ പുകഴ്ത്തി സോഷ്യല്‍ മീഡിയ

single-img
21 November 2017

ശ്രീലങ്കക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം സമനിലയില്‍ ആയെങ്കിലും മത്സരത്തിന്റെ പല ദൃശ്യങ്ങളും ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. ഇന്ത്യ ജയിക്കാതിരിക്കാന്‍ ലങ്കന്‍ ബാറ്റ്‌സ്മാന്‍മാര്‍ മന:പൂര്‍വ്വം സമയം വൈകിപ്പിച്ച വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായതിനു പിന്നാലെയാണ് കോഹ്ലിയെന്ന ക്യാപ്ടന്റെ മികവിനെ പുകഴ്ത്തുന്ന വീഡിയോ വൈറലായിരിക്കുന്നത്.

രണ്ടാം ഇന്നിംഗ്‌സില്‍ കോഹ്ലി 87 റണ്‍സെടുത്ത് നില്‍ക്കെയായിരുന്നു ഈ രസകരമായ സംഭവം. ഡ്രസ്സിങ് റൂമിലേക്ക് നോക്കി കൈകൊണ്ട് ആംഗ്യം കാണിച്ചാണ് കോഹ്‌ലി പരിശീലകന്‍ രവി ശാസ്ത്രിയോട് ഡിക്ലയര്‍ ചെയ്യട്ടെ എന്ന് ചോദിച്ചത്. എന്നാല്‍ വേണ്ടെന്നായിരുന്നു ശാസ്ത്രിയുടെ മറുപടി.

13 റണ്‍സ് കൂടി മതിയല്ലോ സെഞ്ചുറിക്കെന്നും അതു പൂര്‍ത്തിയാക്കിയിട്ട് ഇന്നിങ്‌സ് ഡിക്ലര്‍ ചെയ്യാമെന്നും രവി ശാസ്ത്രി ആംഗ്യത്തിലൂടെ മറുപടി നല്‍കി. ഗ്രൗണ്ടിലേക്ക് ഒരാളെ വിട്ട് ഈ തീരുമാനം അറിയിക്കുകയും ചെയ്തു. തുടര്‍ന്ന് കോഹ്‌ലി തന്റെ കരിയറിലെ അമ്പതാം സെഞ്ചുറി പൂര്‍ത്തിയാക്കി.

98ല്‍ നില്‍ക്കെ ലക്മലിനെ സിക്‌സിനു പറത്തിയാണ് വിരാട് കോലി തന്റെ കരിയറിലെ 50ാം സെഞ്ചുറി പിന്നിട്ടത്. 119 പന്തില്‍ നിന്ന് പുറത്താകാതെയാണ് കോഹ്‌ലി 104 റണ്‍സ് നേടിയത്. പിന്നാലെ എട്ടു വിക്കറ്റിന് 352 റണ്‍സെന്ന നിലയില്‍ ഇന്ത്യ രണ്ടാമിന്നിങ്‌സ് ഡിക്ലയര്‍ ചെയ്യുകയും ചെയ്തു.

https://twitter.com/SajnaAlungal/status/932838668149993473

അതേസമയം കൊല്‍ക്കത്ത ടെസ്റ്റില്‍ അത്ഭുതം പിറക്കുമെന്ന ആരാധകരുടെ പ്രതീക്ഷകള്‍ അസ്ഥാനത്താക്കി ഇന്നലെ ഇന്ത്യ ശ്രീലങ്ക മത്സരം സമനിലയില്‍ അവസാനിക്കുകയായിരുന്നു. ലങ്കയുടെ മൂന്നു വിക്കറ്റു കൂടി വീഴ്ത്തിയിരുന്നെങ്കില്‍ ഇന്ത്യക്ക് വിജയിക്കാമായിരുന്നു.

എന്നാല്‍ മന:പൂര്‍വ്വം സമയം വൈകിപ്പിച്ച് ലങ്കന്‍ ബാറ്റ്‌സ്മാന്‍മാര്‍ മത്സരം സമനിലയിലെത്തിക്കുകയായിരുന്നു. മഴ തടസ്സമായ ആദ്യ രണ്ട് ദിവസങ്ങളില്‍ നിന്നും ഒന്നാം ഇന്നിംഗ്‌സിലെ ബാറ്റിംഗ് പരാജയത്തില്‍ നിന്നും ഇന്ത്യന്‍ പട സടകുടഞ്ഞെഴുന്നേറ്റ് മികച്ച സ്‌കോര്‍ മുന്നോട്ട് വെച്ചപ്പോള്‍ ലങ്കന്‍ ബാറ്റിംഗ് നിര രണ്ടാം ഇന്നിംഗ്‌സില്‍ തകര്‍ന്നടിയുകയായിരുന്നു.

രണ്ടാം ഇന്നിംഗ്‌സില്‍ തകര്‍പ്പന്‍ ബാറ്റിംഗ് പുറത്തെടുത്ത നായകന്‍ വിരാട് കോഹ്ലി മുന്നില്‍ നിന്ന് പടനയിച്ചപ്പോള്‍ 231 റണ്‍സിന്റെ വിജയലക്ഷ്യമാണ് ഇന്ത്യ മുന്നോട്ട് വെച്ചത്. മികച്ച രീതിയില്‍ പന്തെറിഞ്ഞ ബൗളര്‍മാര്‍ ഇന്ത്യക്ക് ജയം സമ്മാനിക്കുമെന്നായിരുന്ന പ്രതീക്ഷ.

എന്നാല്‍ വെളിച്ചക്കുറവ് മൂലം കളി നേരത്തെ അവസാനിപ്പിച്ചപ്പോള്‍ ലങ്ക 7 വിക്കറ്റ് നഷ്ടത്തില്‍ 75 റണ്‍സ് എന്ന നിലയിലായിരുന്നു. ഇന്ത്യക്ക് വിജയം നഷ്ടമാക്കിയതിന് മുന്നില്‍ നിന്നത് ലങ്കന്‍ ബാറ്റ്‌സ്മാന്‍ നിരോഷന്‍ ഡിക്വെല്ലയായിരുന്നു. 19ാം ഓവര്‍ എറിയാനെത്തിയ മുഹമ്മദ് ഷമിയുടെ പന്ത് നേരിടാന്‍ വൈകിപ്പിച്ചാണ് ഡിക്വെല്ല ഇന്ത്യന്‍ താരങ്ങളുടെയും ആരാധകരുടെയും നീരസത്തിന് ആദ്യം തുടക്കമിട്ടത്.

ഷമി ആ ഓവറിലെ ആദ്യ പന്ത് എറിയാനെത്തിയപ്പോള്‍ ഡിക്വെല്ല ബാറ്റു ചെയ്യാന്‍ തയ്യാറായി നിന്നതു പോലുമില്ല. തുടര്‍ന്ന് ഷമിയും ക്യാപ്റ്റന്‍ വിരാട് കോലിയും അമ്പയറോട് തങ്ങളുടെ നീരസം അറിയിച്ചു. ഒട്ടും സമയമില്ലാത്തപ്പോള്‍ ഇങ്ങിനെ മന:പൂര്‍വ്വം സമയം വൈകിപ്പിക്കുന്നതെന്തിനാണ് എന്നായിരുന്നു ഇന്ത്യന്‍ താരങ്ങളുടെ ചോദ്യം.

തുടര്‍ന്ന് ഷമിയുടെ ഷോട്ട് ബോളില്‍ ഡിക്വെല്ല ഡിഫന്‍സീവ് ഷോട്ട് കളിച്ച് രക്ഷപ്പെട്ടു. പക്ഷേ വിട്ടുകൊടുക്കാന്‍ തയ്യാറാകാതിരുന്ന ഷമി, ഡിക്വെല്ലയുടെ അടുത്തെത്തി സത്യസന്ധമായി കളിക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ പിച്ചാണ് കാരണക്കാരന്‍ എന്നായിരുന്നു ഡിക്വെല്ലയുടെ മറുപടി.

ലങ്കന്‍ താരം വീണ്ടും സമയം വൈകിച്ചതോടെ അമ്പയര്‍മാരും കോലിയും പ്രശ്‌നത്തില്‍ ഇടപെട്ടു. വെറുതെ സമയം കളയുന്ന പരിപാടിയാണ് ഡിക്വെല്ലയുടേതെന്ന് കോലി ദേഷ്യത്തോടെ ചൂണ്ടിക്കാട്ടി. ഇനി ആവര്‍ത്തിക്കില്ലെന്ന് ഡിക്വെല്ല ഉറപ്പുനല്‍കിയതോടെയാണ് പ്രശ്‌നം അവസാനിച്ചത്. ഒടുവില്‍ ഏഴു വിക്കറ്റിന് 75 റണ്‍സെന്ന നിലയില്‍ വെളിച്ചക്കുറവ് മൂലം കളി മതിയാക്കുകയായിരുന്നു.