പ്രവാസികള്‍ക്ക് വീണ്ടും തിരിച്ചടി: ജോലിക്കാരുടെ എണ്ണവും ചെലവും ചുരുക്കാന്‍ കമ്പനികള്‍ പുതിയ നീക്കത്തിലേക്ക്; ലക്ഷക്കണക്കിന് വിദേശ തൊഴിലാളികളെ ബാധിച്ചേക്കും

single-img
19 November 2017

സൗദിയില്‍ കരാര്‍ ജോലിക്കാരുടെ എണ്ണവും ചെലവും ചുരുക്കാന്‍ കമ്പനികള്‍ പുതിയ നീക്കം നടത്തുന്നതായി റിപ്പോര്‍ട്ടുകള്‍. സൗദി തൊഴില്‍ മന്ത്രാലയം വിദേശ തൊഴിലാളികള്‍ക്ക് 2018 ജനുവരി മുതല്‍ ലവി 400 റിയാലാക്കി ഇരട്ടിപ്പിക്കാന്‍ തീരുമാനിച്ചിരുന്നു.

ഇതോടെ വലിയ തുക തൊഴിലാളികളുടെ ലെവിക്കായി കമ്പനികള്‍ നീക്കി വെക്കേണ്ടി വരും. തൊഴിലാളികളുടെ ചെലവ് വര്‍ധിക്കുന്നത് കമ്പനികള്‍ ഏറ്റെടുക്കുന്ന പദ്ധതി നടത്തിപ്പിനെ ബാധിക്കുകയും ലാഭവിഹിതത്തില്‍ ഗണ്യമായ കുറവുണ്ടാക്കുകയും ചെയ്യും.

ഈ സാഹചര്യത്തില്‍ കമ്പനികള്‍ സ്വദേശികളെ തന്നെ നിയമിക്കാന്‍ നിര്‍ബന്ധിതമാകുകയും കരാര്‍ കമ്പനികളിലെ ജോലിക്കാരുടെ എണ്ണവും ചെലവും നിയന്ത്രിക്കേണ്ടി വരികയും ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പദ്ധതികള്‍ കരാറെടുക്കുന്ന കമ്പനികള്‍ സാധാരണ രണ്ട് വര്‍ഷത്തേക്കോണ് തൊഴിലാളിയെ എടുക്കാറുള്ളത്.

ഈ സാഹചര്യത്തില്‍ ഒന്നുകില്‍ കരാര്‍ കാലാവധി ചുരുക്കും. അല്ലെങ്കില്‍ തൊഴിലാളിയില്‍ നിന്ന് തുക ഈടാക്കും. വലിയ ബാധ്യതയാകും ഇത് തൊഴിലാളികള്‍ക്ക് ഉണ്ടാക്കുക. ഇതോടെ സ്വദേശികള്‍ക്ക് ഈ മേഖലയിലേക്ക് അവസരവമുണ്ടാകും.

ലക്ഷക്കണക്കിന് വിദേശ കരാര്‍ തൊഴിലാളികളെ തീരുമാനങ്ങള്‍ നേരിട്ടും അല്ലാതെയും ബാധിക്കുമെന്നുറപ്പാമെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ചെയ്യുന്നു. സ്വദേശി വത്കരണത്തിന്റെ ഭാഗമായാണ് പദ്ധതികള്‍.

കമ്പനിയുടെ പ്രവര്‍ത്തനത്തെ ഇത് നേരിട്ട് ബാധിക്കുമെന്നതിനാലാണ് ചെലവ് ചുരുക്കാനുള്ള ഊര്‍ജ്ജിത നീക്കത്തെക്കുറിച്ച് ആലോചിക്കുന്നതെന്ന് അതോറിറ്റി മേധാവി ഉസാമ അല്‍അഫാലിഖ് പറഞ്ഞു.