പ്രവാസി തൊഴിലാളികള്‍ക്ക് സന്തോഷ വാര്‍ത്ത: കുറഞ്ഞ ശമ്പളം 750 റിയാലാക്കി; ഭക്ഷണവും താമസവും സൗജന്യം

single-img
19 November 2017

ദോഹ: പ്രവാസി തൊഴിലാളികള്‍ക്കൊരു സന്തോഷ വാര്‍ത്ത. തൊഴിലാളികള്‍ക്കുള്ള ഏറ്റവും കുറഞ്ഞ പ്രതിമാസ ശമ്പളം 750 റിയാല്‍(13,000 രൂപ) ആക്കി. ഈ ശമ്പളത്തിനുപുറമേ സൗജന്യതാമസവും ഭക്ഷണവും ചികില്‍സാസൗകര്യവും തൊഴിലാളികള്‍ക്കു ലഭ്യമാക്കും.

തൊഴില്‍മന്ത്രി ഡോ. ഈസ ബിന്‍ സാദ് അല്‍ ജുഫാലി അല്‍ നുഐമിയെ ഉദ്ധരിച്ച് രാജ്യാന്തരവാര്‍ത്താ ഏജന്‍സിയായ എഎഫ്പിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഈ സൗകര്യങ്ങള്‍ ലഭ്യമാക്കേണ്ടതു തൊഴിലുടമയുടെ ഉത്തരവാദിത്തമാണെന്നും തൊഴില്‍ മന്ത്രിയെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു.

ആദ്യമായാണ് വിദേശതൊഴിലാളികള്‍ക്കു ഖത്തര്‍ കുറഞ്ഞ ശമ്പളപരിധി നിശ്ചയിക്കുന്നത്. പുതിയ നിര്‍ദേശം ഉടനടി പ്രാബല്യത്തിലാകും. താല്‍ക്കാലികാടിസ്ഥാനത്തിലാണ് കുറഞ്ഞ ശമ്പളപരിധി നിശ്ചയിച്ചിരിക്കുന്നത്. ഏറ്റവും അനുയോജ്യമായ നിരക്ക് നിശ്ചയിക്കുന്നതിനുള്ള ശ്രമത്തിലാണ് മന്ത്രാലയത്തിലെ ഉന്നതോദ്യോഗസ്ഥര്‍.

രാജ്യത്തുള്ള മുഴുവന്‍ തൊഴിലാളികള്‍ക്കും അവരുടെ അടിസ്ഥാന ആവശ്യങ്ങള്‍ നിറവേറ്റാനും ഖത്തറില്‍ മാന്യമായി ജീവിക്കാനും പര്യാപ്തമായ വിധത്തില്‍ കുറഞ്ഞവേതനം നിശ്ചയിക്കുമെന്ന് ഒക്‌ടോബര്‍ 25ന് വിവിധ രാജ്യങ്ങളിലെ സ്ഥാനപതിമാരുമായി നടത്തിയ കൂടിക്കാഴ്ചയില്‍ തൊഴില്‍മന്ത്രി വ്യക്തമാക്കിയിരുന്നു.

ഒരുമാസം തികയും മുന്‍പുതന്നെ ഇക്കാര്യത്തില്‍ നടപടിയുണ്ടാവുകയും ചെയ്തു. ഇനിമുതല്‍ 750 റിയാലില്‍ കുറഞ്ഞ ശമ്പളത്തിലുള്ള തൊഴില്‍കരാറുകള്‍ക്ക് മന്ത്രാലയം അനുമതി നല്‍കില്ല. തൊഴില്‍കരാറിന് മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചാല്‍ മാത്രമേ വിദേശതൊഴിലാളികളെ ഖത്തറിലേക്ക് എത്തിക്കാന്‍ കമ്പനികള്‍ക്കു സാധിക്കൂ. ഇപ്പോള്‍ നിശ്ചയിച്ചിരിക്കുന്ന കുറഞ്ഞ ശമ്പളം വിശദമായ വിലയിരുത്തലുകള്‍ക്കുശേഷം ഉയര്‍ത്തുമെന്നും തൊഴില്‍മന്ത്രി പറഞ്ഞു.