സൗദി രാജാവ് പടിയിറങ്ങുന്നു; രാജ്യത്തിന്റെ സമ്പൂര്‍ണ അധികാരം എംബിഎസിലേക്ക്; സൗദിയുടെ മുഖച്ഛായ മാറും

single-img
17 November 2017

സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് അടുത്ത ആഴ്ച അധികാരമൊഴിയുമെന്ന് റിപ്പോര്‍ട്ട്. തുടര്‍ന്ന് മൊഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ സൗദി രാജാവായി കിരീടധാരണം നടത്തുമെന്നാണ് സൂചന. ഭരണത്തിലിരിക്കെ സൗദിയില്‍ വിപ്ലവകരമായ പരിഷ്‌കാരങ്ങള്‍ക്ക് തുടക്കമിട്ടിരിക്കുന്ന എംബിഎസിന്റെ കൈകളിലേക്ക് സൗദിയുടെ സമ്പൂര്‍ണ നിയന്ത്രണം എത്തുന്നതോടെ സൗദിയുടെ മുഖച്ഛായ തന്നെ മാറുമെന്നാണ് വിലയിരുത്തല്‍.

ഡെയിലി മെയിലാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അധികാരമേറ്റു കഴിഞ്ഞാല്‍ രാജകുമാരന്‍ ആദ്യം ലക്ഷ്യം വെയ്ക്കുക ഇറാനെയും ഹിസ്ബുള്‍ തീവ്രവാദികളേയുമായിരിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അഴിമതിയാരോപണത്തെ തുടര്‍ന്ന് 40 രാജകുമാരന്മാരെ മൊഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ അറസ്റ്റ് ചെയ്യാന്‍ ഉത്തരവിട്ടത് കഴിഞ്ഞയാഴ്ച ആയിരുന്നു.

അഴിമതി വിരുദ്ധ കമ്മീഷന്റെ തലവനായി നിയോഗിതനായതിന് പിന്നാലെയായിരുന്നു ഇത്. അധികാര കൈമാറ്റം നടക്കുന്നതിന്റെ ആദ്യ പടിയായിരുന്നു ഇതെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അധികാരം മകന് കൈമാറിയാലും സല്‍മാന്‍ രാജാവ് സൗദിയുടെ ഔദ്യോഗിക തലവനായി തുടരുമെന്നും സൂചനയുണ്ട്.

ഇറാന്റെ പിന്തുണയോടെ ലെബനനില്‍ പ്രവര്‍ത്തിക്കുന്ന ഹുസ്ബുള്ളയെ ഇസ്രയേലിന്റെ സഹായത്തോടെ അടിച്ചമര്‍ത്താനും എംബിഎസ് പദ്ധതിയിടുന്നുണ്ട്. കാലങ്ങളായി സൗദി പിന്തുടര്‍ന്ന് വരുന്ന മതതീവ്രവാദ വഹാബിസ ആശയങ്ങളെ ഉപേക്ഷിച്ച് രാജ്യത്തെ മിതവാദം പുലര്‍ത്തുന്ന ഇസ്ലാമികതയിലേക്ക് നയിക്കുമെന്ന വിപ്ലവകരമായ പ്രഖ്യാപനം എംബിഎസ് അടുത്തിടെയായിരുന്നു നടത്തിയിരുന്നത്.

കിരീടധാരണത്തിന് തൊട്ടു പിന്നാലെ രാജകുമാരന്‍ എണ്ണ കാര്യത്തില്‍ മധ്യേഷ്യയിലെ തങ്ങളുടെ ഏറ്റവും വലിയ ശത്രുവായ ഇറാനിലേക്ക് ശ്രദ്ധ തിരിക്കുമെന്നും കഴിയുമെങ്കില്‍ സൈനിക നടപടി തന്നെ നോക്കിയേക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

ഇറാനെ സൈനികമായി സഹായിക്കുന്ന ഹിസ്ബുള്ളയെ തകര്‍ക്കാന്‍ ഇസ്രായേലിന്റെ സഹായവും സ്വീകരിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്. അതേസമയം ഇത്തരം കാര്യങ്ങളില്‍ രാജകുടുംബത്തിലെ മുതിര്‍ന്നവരുടെ ഉപദേശം കൂടി അനുസരിച്ചായിരിക്കും നീക്കങ്ങള്‍. ഇസ്രായേലിനെ കൂടാതെ തന്നെ ഹിസ്ബുള്ളയുടെ കേന്ദ്രമായ ലെബനനെതിരേ നീങ്ങാനും പദ്ധതിയുണ്ട്.

നവംബര്‍ നാലിന് റിയാദിന് സമീപത്ത് വെച്ച് ഒരു മിസൈല്‍ ആക്രമണം സൗദി പരാജയപ്പെടുത്തിയിരുന്നു. ഇതിന്റെ പേരില്‍ ഇറാനെയാണ് സൗദി കുറ്റപ്പെടുത്തിയത്. ഇത് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മോശമാക്കാന്‍ ഇടയാക്കിയിട്ടുണ്ട്. സൗദി തലസ്ഥാനത്തെ ലക്ഷ്യമിട്ടുള്ള ഈ റോക്കറ്റ് യെമനില്‍ നിന്നുമായിരുന്നു തൊടുത്തത്. അതേസമയം ആരോപണം ഇറാനിയന്‍ സര്‍ക്കാര്‍ നിഷേധിച്ചിരുന്നു.