ദുബായില്‍ താമസകുടിയേറ്റ വകുപ്പിന്റെ പേരില്‍ തട്ടിപ്പ്: പ്രവാസികളില്‍ നിന്ന് പണം തട്ടാന്‍ ശ്രമം; വ്യാജ ഫോണ്‍കോളുകളെ കരുതിയിരിക്കണമെന്ന് അധികൃതര്‍

single-img
16 November 2017

ദുബായില്‍ താമസകുടിയേറ്റ വകുപ്പിന്റെ പേരില്‍ പ്രവാസികളില്‍ നിന്ന് പണം തട്ടാന്‍ ശ്രമം നടക്കുന്നതായി റിപ്പോര്‍ട്ടുകള്‍. താമസകുടിയേറ്റ വകുപ്പിന്റെ വെബ്‌സൈറ്റില്‍ രേഖകള്‍ അപ്‌ലോഡ് ചെയ്യാത്തതിന് പിഴ അടക്കണമെന്ന് ആവശ്യപ്പെട്ടാണ് പലരെയും തട്ടിപ്പിന് ഇരയാക്കിയിരിക്കുന്നത്.

ഡിഎന്‍ആര്‍ഡിയുടെ ടോള്‍ഫ്രീ നമ്പറെന്ന് തോന്നിപ്പിക്കുന്ന വ്യാജ നമ്പറില്‍ നിന്നാണ് പലര്‍ക്കും ഫോണ്‍കോള്‍ ലഭിക്കുന്നത്. ഇത് തിരിച്ചറിയാതെയാണ്‌ പലരും തട്ടിപ്പില്‍ വീണത്. നിരവധി പേര്‍ ഇത്തരത്തില്‍ കബളിപ്പിക്കപ്പെടുന്നതായാണ് സൂചന.

ഐടി എഞ്ചിനീയറായ ഷനിലക്കും ഇത്തരത്തില്‍ ഒരു ഫോണ്‍ കോള്‍ വന്നിരുന്നു. വിസ പുതുക്കുന്ന സമയമായതിനാല്‍ ഫോണ്‍ കോളില്‍ ആദ്യം സംശയമൊന്നും തോന്നിയില്ലെന്ന് ഷനില പറയുന്നു. ഡി എന്‍ ആര്‍ ഡിയുടെ വെബ്‌സൈറ്റില്‍ രേഖകകള്‍ അപ്‌ലോഡ് ചെയ്തിട്ടില്ലെന്നും ഇത് ഗുരുതരമായ കുറ്റമാണെന്നുമായിരുന്നു അറിയിപ്പ്.

ഇതിന് ശക്തമായ നിയമ നടപടികള്‍ നേരിടേണ്ടി വരുമെന്നും ഫോണ്‍വിളിച്ചവര്‍ അറിയിച്ചു. 2200 ദിര്‍ഹം ഇതിന് പിഴയും ആവശ്യപ്പെട്ടു. ഫോണ്‍ ഡിസ്‌കണക്ട് ചെയ്യാതെ മണി എക്‌സ്‌ചേഞ്ചിലെത്തി പണം അയക്കണമെന്ന നിര്‍ദേശമാണ് ഇവര്‍ നല്‍കിയത്. ഇതോടെയാണ് തട്ടിപ്പാണോ എന്ന സംശയം ഉണ്ടായത്.

ഇതോടെ ഡി എന്‍ ആര്‍ ഡിയിലും ദുബൈ പൊലീസിനും ഷനില പരാതി നല്‍കി. എന്നാല്‍ ഇത്തരം ഫോണ്‍കോളുകള്‍ക്ക് വകുപ്പുമായി ബന്ധമില്ലെന്ന് ഡി എന്‍ ആര്‍ ഡി അധികൃതര്‍ അറിയിച്ചു. ഇത്തരം ഫോണ്‍കോളുകളെ കരുതിയിരിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നു.

കടപ്പാട്: മീഡിയ വണ്‍