ട്വന്റി- 20 ഫോര്‍മാറ്റില്‍ ധോണി യുവാക്കള്‍ക്കു വേണ്ടി വഴിമാറണമെന്ന് ലക്ഷ്മണ്‍

single-img
6 November 2017

മുന്‍ ഇന്ത്യന്‍ നായകന്‍ എം.എസ്.ധോണിയെ വിമര്‍ശിച്ച് മുന്‍ ഇന്ത്യന്‍ താരം വി.വി.എസ്.ലക്ഷ്മണ്‍. ട്വന്റി- 20 ഫോര്‍മാറ്റില്‍ ധോണി പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കാന്‍ സമയമായെന്നു തോന്നുന്നുവെന്ന് ലക്ഷ്മണ്‍ പറഞ്ഞു. എന്നാല്‍ ധോണി ഏകദിനത്തില്‍ ഇന്ത്യയുടെ അനിവാര്യഘടകമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ന്യൂസിലന്‍ഡിനെതിരായ രണ്ടാം ട്വന്റി- 20യിലെ മോശം പ്രകടനത്തിന്റെ പേരിലാണ് വി.വി.എസ്.ലക്ഷ്മണ്‍ ധോണിയെ വിമര്‍ശിച്ചത്. ട്വന്റി 20 ക്രിക്കറ്റില്‍ ധോണിയുടെ റോള്‍ നാലാം നമ്പരിലാണ്. അദ്ദേഹത്തിന് നിലയുറപ്പിക്കാന്‍ കൂടുതല്‍ സമയം വേണം.

ശനിയാഴ്ച വിരാട് കോഹ്ലി ബാറ്റു ചെയ്തത് ഒരു ഉദാഹരണമാണ്. കോഹ്ലിയുടെ സ്‌ട്രൈക്ക് റേറ്റ് 160ല്‍ നില്‍ക്കുമ്പോള്‍ ധോണിയുടേത് വെറും 80 മാത്രമായിരുന്നു. ഒരു വമ്പന്‍ സ്‌കോര്‍ പിന്‍തുടരുമ്പോള്‍ ഈ പ്രകടനം മതിയാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

37 പന്തില്‍നിന്നു 49 റണ്‍സായിരുന്നു കഴിഞ്ഞ മത്സരത്തില്‍ ധോണിയുടെ സമ്പാദ്യം. ഇതില്‍ ആദ്യ 16 റണ്‍സ് നേടാന്‍ ധോണി 18 പന്തുമെടുത്തു. ഇതാണ് വിമര്‍ശനങ്ങള്‍ക്കിടയാക്കിയത്. മത്സരത്തില്‍ ഇന്ത്യ 40 റണ്‍സിനു പരാജയപ്പെട്ടിരുന്നു.