ഐ.സി.സി റാങ്കിങ്ങിലും സച്ചിന്റെ റെക്കോര്‍ഡ് തകര്‍ത്ത് വിരാട് കോഹ്ലി

single-img
30 October 2017

ഐ.സി.സി ഏകദിന റാങ്കിങ്ങില്‍ ബാറ്റ്‌സ്മാന്‍മാരുടെ പട്ടികയില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലി ഒന്നാം സ്ഥാനത്ത് തിരിച്ചെത്തി. കരിയറിലെ ഏറ്റവും മികച്ച പോയിന്റായ 889 പോയിന്റോടെയാണ് കോഹ്ലി ഒന്നാം സ്ഥാനത്തെത്തിയത്.

റാങ്കിങ്ങില്‍ 887 പോയിന്റ് നേട്ടം കൈവരിച്ച ഇന്ത്യന്‍ റെക്കോര്‍ഡ് കോഹ്ലിയുടെയും സച്ചിന്‍ ടെണ്ടുല്‍ക്കറുടെയും പേരിലായിരുന്നു ഉണ്ടായിരുന്നത്. ഇന്നലെ കാണ്‍പൂരില്‍ കോഹ്ലിയുടെ സെഞ്ചുറിയുടെ പിന്‍ബലത്തില്‍ ന്യൂസിലന്‍ഡിനെതിരായ പരമ്പര ഇന്ത്യ സ്വന്തമാക്കിയിരുന്നു.

രണ്ട് സെഞ്ച്വറിയടക്കം ന്യൂസീലന്‍ഡിനെതിരായ പരമ്പരയില്‍ 263 റണ്‍സാണ് കോഹ്ലി നേടിയത്. മുംബൈ ഏകദിനത്തില്‍ 121 റണ്‍സും കാണ്‍പൂരില്‍ 113 റണ്‍സും കോഹ്ലി നേടിയിരുന്നു. 872 പോയിന്റുമായി ദക്ഷിണാഫ്രിക്കയുടെ എബി ഡി വില്ലിയേഴ്‌സ് രണ്ടാം സ്ഥാനത്താണ്.

മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണി പതിനൊന്നാം സ്ഥാനത്താണുള്ളത്. ന്യൂസീലന്‍ഡിനെ 2-1ന് തോല്‍പ്പിച്ചെങ്കിലും ടീം റാങ്കിങ്ങില്‍ ഇന്ത്യക്ക് ദക്ഷിണാഫ്രിക്കയെ മറികടക്കാനായില്ല. 121 പോയിന്റുമായി ആഫ്രിക്കന്‍ സംഘം ഒന്നാം സ്ഥാനത്ത് തുടരുകയാണ്.

ഓസ്‌ട്രേലിയന്‍ ഉപനായകന്‍ ഡേവിഡ് വാര്‍ണര്‍ 865 പോയിന്റുമായി മൂന്നാം സ്ഥാനത്തുണ്ട്. ന്യൂസിലാന്‍ഡിനെതിരായ ഇന്ത്യയുടെ പരമ്പര ജയം, ദക്ഷിണാഫ്രിക്കബംഗ്ലാദേശ് പരമ്പരയിലെ അവസാന മത്സരം, പാകിസ്താന്‍ ശ്രീലങ്ക പരമ്പരയിലെ അവസാന രണ്ട് മത്സരങ്ങള്‍ എന്നിവ കൂടി കൂട്ടിച്ചേര്‍ത്തതാണ് പുതിയ റാങ്കിങ്.