ന്യൂസിലന്‍ഡിനെതിരായ ട്വന്റി 20: രണ്ട് മലയാളികളെ ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്തി; വിരമിക്കല്‍ മത്സരത്തിനായി നെഹ്‌റയും ടീമില്‍

single-img
23 October 2017

മുംബയ്: ന്യൂസിലന്‍ഡിനെതിരായ ട്വന്റി 20 മത്സരങ്ങള്‍ക്കുള്ള ടീമിനേയും ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമിനേയും ബിസിസിഐ പ്രഖ്യാപിച്ചു. വിരാട് കൊഹ്‌ലി തന്നെയാവും ടീമിനെ നയിക്കുക. നേരത്തെ കൊഹ്‌ലിക്ക് വിശ്രമം അനുവദിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

മലയാളി താരങ്ങളായ ശ്രേയസ് അയ്യരെയും മുഹമ്മദ് സിറാജിനെയും ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇന്ത്യ എ ടീമിലെ താരമായ ശ്രേയസ് ദക്ഷിണാഫ്രിക്ക, അഫ്ഗാനിസ്ഥാന്‍ ടീമുകള്‍ക്കെതിരെ മികച്ച പ്രകടനം നടത്തിയിരുന്നു. അഞ്ചു മത്സരങ്ങളില്‍നിന്ന് 213 റണ്‍സാണ് ശ്രേയസ് നേടിയത്. 131 ബോളില്‍നിന്ന് 140 റണ്‍സ് എടുക്കുകയും ചെയ്തിട്ടുണ്ട്. ന്യൂസിലന്‍ഡ് എ ടീമിനെതിരെയുള്ള പരമ്പരയില്‍ നാലു ഇന്നിംഗ്‌സുകളില്‍ നിന്നായി സെഞ്ച്വറി അടക്കം മികച്ച പ്രകടനവും ശ്രേയസ് നടത്തി.

ആഭ്യന്തര ക്രിക്കറ്റില്‍ നടത്തിയ പ്രകടനമാണ് മുഹമ്മദ് സിറാജിന് ടീമിലേക്കുള്ള വഴി തുറന്നത്. രഞ്ജി ട്രോഫിയില്‍ നോക്കൗട്ടിലെത്തിയ ഹൈദരാബാദിനായി 41 വിക്കറ്റുകള്‍ സിറാജ് നേടിയിരുന്നു. ഐ.പി.എല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ താരമായ സിറാജ് ആറ് മത്സരങ്ങളില്‍നിന്ന് 10 വിക്കറ്റുകളും നേടി. ഗുജറാത്ത് ലയണ്‍സിനെതിരെ 32 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് നേടിയതാണ് മികച്ച പ്രകടനം.

അതേസമയം വിരമിക്കുന്ന ആശിഷ് നെഹ്‌റയെ ആദ്യ മത്സരത്തില്‍ ഉള്‍പ്പെടുത്തി. നവംബര്‍ ഒന്ന് മുതലാണ് ട്വന്റി20 മത്സരങ്ങള്‍ നടക്കുക. 16 മുതല്‍ ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയും നടക്കും. ആദ്യ രണ്ട് ടെസ്റ്റുകള്‍ക്കുള്ള ടീമിനെയും കൊഹ്‌ലിയാണ് നയിക്കുക.

ഇന്ത്യന്‍ ടീം: വിരാട് കോഹ്‌ലി (ക്യാപ്റ്റന്‍), ശിഖര്‍ ധവാന്‍, രോഹിത് ശര്‍മ, കെ.എല്‍.രാഹുല്‍, മനീഷ് പാണ്ഡെ, ശ്രേയസ് അയ്യര്‍, ദിനേഷ് കാര്‍ത്തിക്, എം.എസ്.ധോണി, ഹാര്‍ദിക് പാണ്ഡ്യ, അക്‌സര്‍ പട്ടേല്‍, യുസ്‌വേന്ദ്ര ചാഹല്‍, കുല്‍ദീപ് യാദവ്, ഭുവനേശ്വര്‍ കുമാര്‍, ജസ്പ്രീത് ബുമ്ര, മുഹമ്മദ് സിറാജ്, ആശിഷ് നെഹ്‌റ.

ശ്രീലങ്കയ്‌ക്കെതിരായ ആദ്യ രണ്ട് ടെസ്റ്റുകള്‍ക്കുള്ള ടീം
വിരാട് കൊഹ്‌ലി (ക്യാപ്ടന്‍), കെ.എല്‍.രാഹുല്‍, ശിഖര്‍ ധവാന്‍, മുരളി വിജയ്, ചേതേശ്വര്‍ പുജാര, അജിങ്ക്യ രഹാനെ, രോഹിത് ശര്‍മ്മ, വൃദ്ധിമാന്‍ സാഹ, ആര്‍.അശ്വിന്‍, രവീന്ദ്ര ജഡേജ, ഉമേഷ് യാദവ്, മുഹമ്മദ് ഷമി, ഹര്‍ദിക് പാണ്ഡ്യ, ഭുവനേശ്വര്‍ കുമാര്‍, ഇശാന്ത് ശര്‍മ്മ.