തീയും വെടിയുണ്ടയുമേല്‍ക്കില്ല: വിശുദ്ധ കഅ്ബയെ പുതപ്പിക്കുന്ന കിസ്‌വയുടെ പ്രതിരോധ ശക്തി കൂട്ടുന്നു

single-img
21 October 2017

വിശുദ്ധ കഅ്ബയെ പുതപ്പിക്കുന്ന കിസ് വയുടെ പ്രതിരോധ ശക്തി കൂട്ടുന്നു. ഏതു കാലാവസ്ഥയേയും പ്രതിരോധിക്കുന്ന തീയും വെടിയുണ്ടയുമേല്‍ക്കാത്ത കിസ്‌വയാണ് നിര്‍മിക്കുന്നതെന്ന് കിങ് അബ്ദുല്‍ അസീസ് കിസ് വ നിര്‍മാണ ഫാക്ടറി മേധാവി ഡോ. മുഹമ്മദ് ബാജൂദ അറിയിച്ചു.

ഇതിനായി മക്ക ഉമ്മുല്‍ ഖുറാ സര്‍വകലാശാല കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഗവേഷകര്‍ പദ്ധതി സമര്‍പ്പിച്ചു കഴിഞ്ഞു. ആയിരം കിലോയോളം വരും ഇതിന്റെ ആകെ ഭാരം. സ്വര്‍ണവും വെള്ളിയും ചേര്‍ന്ന 120 കിലോ നൂലാണ് ഇതിനുപയോഗിക്കുന്നത്.

നൂതന സാങ്കേതികവിദ്യ ഉപയോഗിച്ച നൂലുകള്‍ പട്ടുനൂലുകളില്‍ ചേര്‍ത്താകും കിസ് വയുടെ പ്രതിരോധ ശേഷി കൂട്ടുക. വിദഗ്ദരായ തൊഴിലാളികള്‍ക്ക് എട്ടുമാസം വേണം ഇതിന്റെ നിര്‍മാണത്തിന്. 240 പേരാണിതില്‍ പങ്കു ചേരുക.

ഖുര്‍ആന്‍ സൂക്തങ്ങളാല്‍ അലങ്കരിച്ച കിസ്‌വ തുന്നിടെയുക്കുന്നത് ലോകത്തിലെ ഏറ്റവും നീളം കൂടിയ തയ്യില്‍ മെഷീനിലാണ്.
അറഫാ സംഗമ ദിനമായ ദുല്‍ഹജ്ജ് ഒന്‍പതിനാണ് എല്ലാ വര്‍ഷവും കഅ്ബയെ പുതപ്പിക്കുന്ന കിസ് വ മാറ്റാറുള്ളത്. 86 പേര്‍ചേര്‍ന്ന് രാവിലെ തുടങ്ങുന്ന ചടങ്ങ് വൈകിട്ട് വരെ നീളും.