ഒമാനില്‍ കുടുംബവിസക്ക് അപേക്ഷിക്കുന്നതിനുള്ള പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി

single-img
11 October 2017

കുടുംബവിസക്ക് അപേക്ഷിക്കുന്നതിനുള്ള പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ റോയല്‍ ഒമാന്‍ പൊലീസ് പുറത്തിറക്കി. വേതനപരിധി അറുനൂറില്‍ നിന്ന് മുന്നൂറ് റിയാലായി ചുരുക്കിയ സാഹചര്യത്തിലാണ് നിലവിലെ മാനദണ്ഡങ്ങളില്‍ പൊലീസ് മാറ്റം വരുത്തിയത്.

കുടുംബവിസക്കുള്ള അപേക്ഷകര്‍ മൂന്ന് മാസത്തെ ബാങ്ക് സ്‌റ്റേറ്റ്‌മെന്റും ഒപ്പം ഫ്‌ലാറ്റിന്റെ വാടക കരാറുമാണ് സമര്‍പ്പിക്കേണ്ടത്. വാടക കരാര്‍ അപേക്ഷകന്റെ പേരിലോ തൊഴിലുടമയുടെ പേരിലോ ആയിരിക്കണമെന്നും ബന്ധപ്പെട്ട വകുപ്പ് സാക്ഷ്യപ്പെടുത്തിയതാകണം വാടക കരാറെന്നും പുതുക്കിയ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.

അപേക്ഷകരുടെ പ്രതിമാസ വേതനം മുന്നൂറ് റിയാലില്‍ കുറയരുതെന്നും പൊലീസ് അറിയിച്ചു. അമേരിക്ക, കാനഡ, ആസ്‌ത്രേലിയ, ബ്രിട്ടന്‍, ഷെങ്കന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ റെസിഡന്‍സ് വിസയുള്ള ഇന്ത്യ, ചൈന, റഷ്യ പൗരന്‍മാര്‍ക്കാണ് ഒമാനില്‍ സ്‌പോണ്‍സര്‍മാരില്ലാത്ത വിസ ലഭിക്കുകയെന്നും ആര്‍.ഒ.പി അറിയിച്ചു.

പാസ്‌പോര്‍ട്ടിന് കുറഞ്ഞത് ആറുമാസമെങ്കിലും കാലാവധിയുള്ളവര്‍ക്കാണ് വിസക്ക് അപേക്ഷിക്കാന്‍ അര്‍ഹതയുള്ളത്. തിരിച്ചുള്ള വിമാന ടിക്കറ്റും ഹോട്ടല്‍ ബുക്കിങ് രേഖകളും ഹാജരാക്കുകയും ഇവര്‍ക്ക് ഒപ്പം യാത്ര ചെയ്യുന്ന പങ്കാളിക്കും കുട്ടികള്‍ക്കും മുകളില്‍ പറഞ്ഞ രാജ്യങ്ങളുടെ വിസയില്ലെങ്കില്‍ കൂടി ഒമാനില്‍ വിസ അനുവദിക്കുമെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.

ഒരു മാസത്തേക്ക് 20 റിയാല്‍ ആണ് വിസാ ഫീസ്. ഒരു വര്‍ഷകാലത്തേക്ക് പരീക്ഷണാടിസ്ഥാനത്തിലാണ് ഇത് നടപ്പിലാക്കുകയെന്നും ഒരു വര്‍ഷത്തിന് ശേഷം ആവശ്യമെങ്കില്‍ ഈ സൗകര്യം പുനരവലോകനം ചെയ്യുമെന്നും റോയല്‍ ഒമാന്‍ പൊലീസ് വ്യക്തമാക്കി.