ഖത്തര്‍ പ്രതിസന്ധിയെ ചൊല്ലി രാജകുടുംബത്തില്‍ പൊട്ടിത്തെറി: സൗദിയെ പിന്തുണച്ച 20 രാജകുടുംബാംഗങ്ങളെ ജയിലിലടച്ചു ?

single-img
30 September 2017

ഖത്തര്‍ ഭരണകൂടം പൊട്ടിത്തെറിയുടെ വക്കിലെന്ന് റിപ്പോര്‍ട്ടുകള്‍. ഖത്തര്‍ പ്രതിസന്ധിയില്‍ ഭരണകൂടത്തിനെതിരേ രാജ കുടുംബത്തില്‍ തന്നെയുള്ളവര്‍ പ്രതിഷേധം കനപ്പിച്ചുവെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. ഫ്രഞ്ച് മാഗസിന്‍ ആയ ലെ പോയിന്റാണ് ഇ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ഖത്തര്‍ ഭരണകൂടത്തിനെതിരേ ഉപരോധം പ്രഖ്യാപിച്ച സൗദി അറേബ്യയ്ക്ക് പരസ്യമായ പിന്തുണ പ്രഖ്യാപിക്കാന്‍ ഒരുങ്ങിയ രാജകുടുംബത്തിലുള്ളവരെ ജയിലില്‍ അടച്ചതായാണ് വിവരം. ഖത്തര്‍ അമീര്‍ ശൈഖ് തമീം ആണ് 20 രാജകുടുംബാംഗങ്ങളെ തടവിലിടാന്‍ ഉത്തരവിട്ടതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

സൗദി അറേബ്യ, യുഎഇ, ബഹ്‌റൈന്‍, ഈജിപ്ത് എന്നീ രാജ്യങ്ങളെ പിന്തുണച്ചതാണ് ഇവര്‍ ചെയ്ത കുറ്റമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. മാത്രമല്ല, ഖത്തര്‍ ഭരണകൂടത്തിന്റെ നയങ്ങളെ ഇവര്‍ എതിര്‍ക്കുകയും ചെയ്തു. അന്വേഷണ റിപ്പോര്‍ട്ട് എന്ന പേരിലാണ് മാഗസില്‍ വാര്‍ത്ത നല്‍കിയിരിക്കുന്നത്.

ഫ്രഞ്ച് ബിസിനസുകാരനും ഒരു ഫ്രഞ്ച് മാനേജ്‌മെന്റ് ട്രെയിനിങ് കമ്പനിയുടെ ചെയര്‍മാനുമായ ജീന്‍ പിയറി ക്ലമാദിയുവിനെ ഉദ്ധരിച്ചാണ് മാഗസിന്‍ വാര്‍ത്ത പുറത്തുവിട്ടത്. ഇതിന്റെ ആധികാരികത സംബന്ധിച്ച് വ്യക്തതയില്ല.

ജീന്‍ കുറച്ചുദിവസം ഖത്തറില്‍ ജയിലില്‍ കഴിഞ്ഞിരുന്നു. വണ്ടിച്ചെക്ക് കേസില്‍ പിടിക്കപ്പെട്ടപ്പോഴാണ് ജീന്‍ ജയിലിലായത്. ഇവിടെ വച്ചാണ് ഇയാള്‍ക്ക് രാജകുടുംബത്തിലുള്ളവരെ ജയിലിലടച്ചുവെന്ന വിവരം ലഭിച്ചത്. കഴിഞ്ഞ ജൂണ്‍ അഞ്ചിനാണ് സൗദിയുടെ നേതൃത്വത്തിലുള്ള രാജ്യങ്ങള്‍ ഖത്തറിനെതിരേ ഉപരോധം പ്രഖ്യാപിച്ചത്.