ഒമാനിലെ പ്രവാസികള്‍ക്ക് ആശ്വാസം: സ്വകാര്യ മേഖലയിലെ വിദേശികള്‍ക്ക് ആരോഗ്യ ഇന്‍ഷ്വറന്‍സ് നിര്‍ബന്ധമാക്കി

single-img
28 September 2017

ഒമാനില്‍ സ്വകാര്യ മേഖലയിലെ വിദേശികള്‍ക്ക് ആരോഗ്യ ഇന്‍ഷ്വറന്‍സ് നിര്‍ബന്ധമാക്കി. ഒമാന്‍ തൊഴില്‍ നിയമം അനുശാസിക്കുന്ന ആരോഗ്യ പരിരക്ഷ തൊഴില്‍ മേഖലയിലെ എല്ലാ ജീവനക്കാര്‍ക്കും ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് മന്ത്രാലയത്തിന്റെ തീരുമാനം.

നടപടികള്‍ക്ക് മന്ത്രിസഭ കൗണ്‍സില്‍ അംഗീകാരം നല്‍കി. അടുത്ത വര്‍ഷം മുതലായിരിക്കും ഇത് പ്രാബല്യത്തില്‍ വരുക. ഒമാന്‍ തൊഴില്‍ നിയമത്തിലെ മുപ്പത്തി മൂന്നാം വകുപ്പ് പ്രകാരമുള്ള ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി സ്വദേശികള്‍ക്കും വിദേശികള്‍ക്കും നിര്‍ബന്ധമാക്കിക്കൊണ്ടുള്ള തീരുമാനത്തിനാണ് മന്ത്രി സഭ കൗണ്‍സില്‍ അംഗീകാരം നല്‍കിയത്.

ആദ്യ ഘട്ടത്തില്‍ നൂറില്‍പരം തൊഴിലാളികള്‍ ഉള്ള സ്ഥാപനങ്ങള്‍ ഈ ഇന്‍ഷുറന്‍സ് പദ്ധതി നടപ്പിലാക്കണം. രണ്ടാം ഘട്ടത്തില്‍ അമ്പതു മുതല്‍ നൂറു വരെ തൊഴിലാളികള്‍ ഉള്ള സ്ഥാപനങ്ങള്‍ ആരോഗ്യ ഇന്‍ഷുറന്‍സ് അനുവദിക്കണം. ഔദ്യോഗിക കണക്കു പ്രകാരം ഇതിനകം 75 കണ്‍സള്‍ട്ടന്‍സി ഓഫീസുകളും, 374 അന്താരാഷട്ര കമ്പനികളും, രാജ്യത്തെ 1,887 മികച്ച കമ്പനികളും തങ്ങളുടെ ജീവനക്കാര്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കി വരുന്നുണ്ട്.

ഇതര ജി സി സി രാജ്യങ്ങളില്‍ സ്വകാര്യ മേഖലയില്‍ ആരോഗ്യ ഇന്‍ഷ്വറന്‍സ് നിര്‍ബന്ധമാണെങ്കിലും ഒമാനില്‍ ഇതുവരെയും നിര്‍ബന്ധമായിരുന്നില്ല. ഇത് തൊഴിലാളികള്‍ക്ക് അപകടങ്ങള്‍ സംഭവിക്കുമ്പോഴും അസുഖങ്ങള്‍ പിടിപെടുമ്പോഴും ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കിയിരുന്നു. ശമ്പളത്തില്‍ നിന്ന് തന്നെ ചികിത്സക്കും മരുന്നിനും മറ്റും പണം ചെലവഴിക്കേണ്ടി വരുന്നത് കുറഞ്ഞ വരുമാനത്തിന് തൊഴിലെടുക്കുന്നവര്‍ക്ക് സാമ്പത്തിക പ്രതിസന്ധിക്കു കാരണമാകുമായിരുന്നു.

എന്നാല്‍ നിര്‍ബന്ധിത ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതി രാജ്യത്തു നടപ്പിലാകുന്നതോടു കൂടി ഒമാനിലെ വിദേശികളായ തൊഴിലാളികള്‍ക്ക് വലിയൊരു ആശ്വാസം തന്നെയാകും ഉണ്ടാകുക.