ഓസ്ട്രേലിയ വീണ്ടും തോറ്റു: ഇന്ത്യയ്ക്ക് 50 റണ്‍സ് ജയം: കുൽദീപിന് ഹാട്രിക്

single-img
21 September 2017

കൊൽക്കത്ത: ഓസ്‌ട്രേലിയയ്ക്കെതിരെ തുടർച്ചയായ രണ്ടാം മത്സരത്തിലും ഇന്ത്യയ്ക്ക് മികച്ച വിജയം. ഈഡന്‍ ഗാര്‍ഡന്‍സില്‍ ഓസ്‌ട്രേലിയയെ ഇന്ത്യ 50 റണ്‍സിന് പരാജയപ്പെടുത്തി. ഇതോടെ അഞ്ചു ഏകദിനങ്ങളടങ്ങിയ പരമ്പരയില്‍ ഇന്ത്യ 2-0ത്തിന് മുന്നിലെത്തി.

ഇന്ത്യ ഉയര്‍ത്തിയ 253 റണ്ണിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന ഓസീസ് സ്‌കോര്‍ 43.1 ഓവറില്‍ 202 റണ്ണില്‍ അവസാനിച്ചു. പുറത്താവാതെ 62 റണ്‍സ് നേടിയ മാര്‍ക് സ്‌റ്റോയിന്‍സ് ഒറ്റയൊരാള്‍ പോരാട്ടം നടത്തിയെങ്കിലും മറുവശത്ത് വിക്കറ്റുകള്‍ വീണത് ഓസീസിന് തിരിച്ചടിയായി.

ഒമ്പത് റൺസ് എടുക്കുന്നതിനിടെ രണ്ട് വിക്കറ്റ് നഷ്ടമായ ഓസിസിനെ സ്മിത്തും (59) ഹെഡും (39)മാണ് കരകയറ്റിയത്. മൂന്നാം വിക്കറ്റിൽ ഇരുവരും 76 റൺസിന്റെ കൂട്ടുകെട്ടുയർത്തി പ്രതീക്ഷ നൽകിയെങ്കിലും ഹെഡിനെ മടക്കി യുവേന്ദ്ര ചാഹൽ ഇന്ത്യയെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവരികയായിരുന്നു. 85/2 എന്ന നിലയിൽ നിന്നും 148 റൺസ് എത്തുമ്പോഴേക്കും എട്ട് വിക്കറ്റ് ഓസിസിന് നഷ്ടമാവുകയായിരുന്നു. മാർക്കസ് സ്റ്റോയിനസ്(62) വാലറ്റത്തെ കൂട്ടുപിടിച്ച് രക്ഷാപ്രവർത്തനം നടത്തിയെങ്കിലും വിജയത്തിലെത്തിക്കാൻ സാധിച്ചില്ല. ഓസിസ് നിരയിൽ ഏഴ് പേർ രണ്ടക്കം കാണാതെ പുറത്തായി.

ഹാട്രിക് നേടിയ കുല്‍ദീപ് യാദവും മൂന്നു വിക്കറ്റെടുത്ത ഭുവനേശ്വര്‍ കുമാറുമാണ് ഓസീസിന്റെ നട്ടെല്ലൊടിച്ചത്.

1991ന് ശേഷം ഏകദിനത്തില്‍ ഹാട്രിക് നേടുന്ന ഇന്ത്യന്‍ ബൗളറാണ് കുല്‍ദീപ്. ഇതിന് മുമ്പ് ചേതന്‍ ശര്‍മ്മയും കപില്‍ദേവുമാണ് ഇന്ത്യക്കായി ഏകദനിത്തില്‍ ഹാട്രിക് വിക്കറ്റ് പിഴുതിട്ടുള്ളത്. ചേതന്‍ ശര്‍മ്മ 1987ലെ ലോകകപ്പില്‍ ന്യൂസിലന്‍ഡിനെതിരെയും കപില്‍ ദേവ് 1991ല്‍ ശ്രീലങ്കക്കെതിരെയുമാണ് ഹാട്രിക് തികച്ചത്.

92 റണ്‍സെടുത്ത ക്യാപ്റ്റന്‍ വിരാട് കോലിയുടെ മികവിലാണ് ഇന്ത്യയുടെ സ്‌കോര്‍ 250 കടന്നത്. കളി തുടങ്ങി ആറാം ഓവറില്‍ തന്നെ ആദ്യ വിക്കറ്റ് നഷ്ടമായി. ഏഴു റണ്‍സെടുത്ത രോഹിത് ശര്‍മ്മയെ കോള്‍ട്ടര്‍ നെയ്ല്‍ പുറത്താക്കുകയായിരുന്നു. പിന്നീട് രണ്ടാം വിക്കറ്റില്‍ വിരാട് കോലിയും അജിങ്ക്യ രഹാനയെും ചേര്‍ന്ന് ഇന്ത്യന്‍ ഇന്നിങ്‌സിന് അടിത്തറ നല്‍കി. 102 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഇരുവരും പടുത്തുയര്‍ത്തിയത്. 55 റണ്‍സെടുത്ത രഹാന റണ്‍ഔട്ടായതോടെ ആ കൂട്ടുകെട്ട് പൊളിഞ്ഞു. പിന്നാലെ മൂന്നു റണ്ണെടുത്ത മനീഷ് പാണ്ഡയും പുറത്തായി.

കഴിഞ്ഞ കളിയിലെ പ്രകടനം ആവര്‍ത്തിക്കാനാവാതെ ധോനി അഞ്ചു റണ്‍സിനും പുറത്തായി.
പിന്നീട് ആര്‍ക്കും കാര്യമായി ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. ഹാര്‍ദിക് പാണ്ഡ്യ(20), ഭുവനേശ്വര്‍ കുമാര്‍(20), കുല്‍ദീപ് യാദവ്(0),യുസ്വേന്ദ്ര ചാഹല്‍(1) എന്നിവരുടെ വിക്കറ്റുകള്‍ ഓസീസ് ബൗളര്‍മാര്‍ കൃത്യമായ ഇടവേളകളില്‍ വീഴ്ത്തി. 10 റണ്‍സുമായി ജസ്പ്രീത് ബുംറ പുറത്താവാതെ നിന്നു. ഓസീസിനായി റിച്ചാര്‍ഡ്‌സണും കോള്‍ട്ടര്‍ നെയ്‌ലും മൂന്നു വീതം വിക്കറ്റ് വീഴ്ത്തി.