എം.എസ് ധോണിക്ക് പത്മഭൂഷണ്‍ പുരസ്‌കാരത്തിന് ശുപാര്‍ശ

single-img
20 September 2017

ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ നായകന്‍ എം.എസ് ധോണിയെ പത്മഭൂഷണ്‍ പുരസ്‌കാരത്തിനായി ബി.സി.സി.ഐ നാമനിര്‍ദ്ദേശം ചെയ്തു. ഈ വര്‍ഷം പത്മ അവാര്‍ഡുകള്‍ക്ക് ധോണിയെ മാത്രമെ ശുപാര്‍ശ ചെയ്തിട്ടുള്ളൂവെന്നും ബിസിസിഐ വൃത്തങ്ങള്‍ അറിയിച്ചു.

ക്രിക്കറ്റിന് അദ്ദേഹം നല്‍കിയ സംഭാവനകള്‍ പരിഗണിച്ചാണ് ശിപാര്‍ശ. ക്രിക്കറ്റിന്റെ മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യയെ നയിച്ച ധോണി, ഇന്ത്യയെ ഒന്നാം സ്ഥാനത്ത് എത്തിച്ചിരുന്നു. ഐ.സി.സിയുടെ മൂന്ന് ഫോര്‍മാറ്റിലും കിരീടം ചൂടിയ ഒരോയൊരു നായകന്‍ ധോണി മാത്രമാണ്.

രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ രാജീവ് ഗാന്ധി ഖേല്‍രത്‌ന, പത്മ ശ്രീ, അര്‍ജുന പുരസ്‌കാരങ്ങള്‍ ധോണി നേടിയിട്ടുണ്ട്. പത്മഭൂഷണ്‍ നേടിയാല്‍ ഈ നേട്ടം കൈവരിക്കുന്ന 11–ാമത്തെ ഇന്ത്യന്‍ ക്രിക്കറ്റ് താരമായി ധോണി മാറും.

സച്ചിന്‍ തെന്‍ഡുല്‍ക്കര്‍, കപില്‍ ദേവ്, സുനില്‍ ഗാവസ്‌കര്‍, രാഹുല്‍ ദ്രാവിഡ്, ചന്ദു ബോര്‍ഡെ, പ്രഫ. ഡി.ബി. ഡിയോദാര്‍, കേണല്‍ സി.കെ. നായിഡു, ലാലാ അമര്‍നാഥ് തുടങ്ങിയ ക്രിക്കറ്റ് താരങ്ങള്‍ പത്മഭൂഷണ്‍ പുരസ്‌കാരം സ്വന്തമാക്കിയിട്ടുണ്ട്.