തടി കുറയ്ക്കാനും ഈന്തപ്പഴം മതി: എങ്ങനെയെന്നോ?

single-img
11 September 2017

ആരോഗ്യ ഗുണങ്ങള്‍ നിരവധിയുള്ള ഒന്നാണ് ഈന്തപ്പഴം. പുരുഷ ലൈംഗിക ശേഷി മുതല്‍ കൊളസ്‌ട്രോള്‍ നിയന്ത്രണം വരെ സഹായകമാക്കും ഈന്തപ്പഴം. കൊഴുപ്പ് വളരെ കുറഞ്ഞ ഫലവര്‍ഗ്ഗമാണിത്. പ്രകൃതിദത്ത പഞ്ചസാരകളായ ഗ്ലൂക്കോസ്, സുക്രോസ്, ഫ്രക്ടോസ് എന്നിവ ഈന്തപ്പഴത്തില്‍ ധാരാളമുണ്ട്. ഇവയിലെ നാരുകള്‍ രക്തത്തിലെ ചീത്ത കൊളസ്‌ട്രോളായ എല്‍ ഡി എല്ലിന്റെ തോത് കുറയ്ക്കും.

ശരീരത്തില്‍ ഹീമോഗ്ലോബിന്റെ അളവ് കുറയുമ്പോഴുണ്ടാകുന്ന വിളര്‍ച്ചയ്ക്ക് ഉത്തമ പരിഹാരം കൂടിയാണ് ഈന്തപ്പഴം. ഈന്തപ്പഴത്തിലെ ഇരുമ്പ് ഹീമോഗ്ലോബിന്റെ ഉത്പാദനത്തിന് സഹായിക്കുകയും വിളര്‍ച്ച അകറ്റുകയും ചെയ്യും. കൂടാതെ തൂക്കം കൂടാനും ശരീരം പുഷ്ടിപ്പെടുന്നതിനും ഇത് സഹായിക്കും.

ഇതിനെല്ലാം തന്നെ വെറുതെ ഈന്തപ്പഴം കഴിക്കുകയല്ല വേണ്ടത്. കഴിയ്‌ക്കേണ്ട രീതിയാണ് ശ്രദ്ധിക്കേണ്ടത്. അത് മാത്രമല്ല ഈന്തപ്പഴം വാങ്ങുമ്പോഴും അല്‍പം ശ്രദ്ധിക്കണം. ആരോഗ്യസംരക്ഷണത്തിന് ഏതൊക്കെ രീതിയില്‍ ഈന്തപ്പഴം കഴിയ്ക്കണം എന്ന് നോക്കാം.

ഈന്തപ്പഴം പാലില്‍ ചേര്‍ത്തു കഴിച്ചാല്‍ കൂടുതല്‍ ഊര്‍ജം ലഭിക്കും. ഒരു രാത്രിമുഴുവന്‍ വെള്ളത്തിലിട്ട ശേഷം ആ വെള്ളത്തോടൊപ്പം ഈന്തപ്പഴം കഴിക്കുന്നതും ഹൃദയാരോഗ്യത്തിന് ഗുണം ചെയ്യും. ഉണങ്ങിയ ഈന്തപ്പഴം കഴിക്കുന്നതു ഹൃദയാരോഗ്യത്തിനും കൊളസ്‌ട്രോള്‍ കുറയ്ക്കുന്നതിനും സഹായിക്കും. ഈന്തപ്പഴം തേനില്‍ മുറിച്ചിട്ട് 12 മണിക്കൂര്‍ വച്ച ശേഷം കഴിക്കുന്നതു തടി കുറയാന്‍ ഏറെ നല്ലതാണ് എന്നു പറയുന്നു.

ദിവസവും മൂന്ന് ഈന്തപ്പഴം കഴിക്കുന്നതു തടി കൂടാതെ തൂക്കം വര്‍ധിപ്പിക്കാന്‍ സഹായിക്കും. ഈന്തപ്പഴവും ബദാമും രാത്രി തിളപ്പിച്ച പാലില്‍ ഇട്ടു വച്ച ശേഷം രാവിലെ അരച്ച് കഴിച്ചാല്‍ പുരുഷലൈംഗിക ശേഷി വര്‍ദ്ധിക്കും.

എന്നാല്‍ ആരോഗ്യത്തിന് ഗുണകരമാണെന്ന് കരുതി ഈന്തപ്പഴം വാങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. ശ്രദ്ധിക്കാതെ ഈന്തപ്പഴം വാങ്ങിയാല്‍ അത് പലപ്പോഴും അനാരോഗ്യമുണ്ടാക്കും. കൃത്രിമ മധുരം ചേര്‍ത്താണ് പലരും ഈന്തപ്പഴം വിപണിയില്‍ ഇറക്കുന്നത്. എന്നാല്‍ ഇത് ശരീരത്തിന് ഹാനീകരമാണ് എന്നതാണ് സത്യം. അതുകൊണ്ട് തന്നെ ഇത് നോക്കി ഉറപ്പിച്ച് വേണം ഈന്തപ്പഴം വാങ്ങിയ്ക്കാന്‍.

ഈന്തപ്പഴത്തില്‍ പൊടി പറ്റാനുള്ള സാധ്യത വളരെ കൂടുതലാണ്. എന്നാല്‍ പലരും ഇക്കാര്യത്തില്‍ ശ്രദ്ധ കൊടുക്കാറില്ല. അതുകൊണ്ട് തന്നെ ഈന്തപ്പഴം വാങ്ങിയ ശേഷം കഴുകിയോ തുടച്ചോ മാത്രമേ ഉപയോഗിക്കാന്‍ പാടുകയുള്ളൂ.