കുവൈത്തിലേക്ക് ഇനി ഇന്ത്യയില്‍ നിന്നുള്ള വീട്ടുജോലിക്കാരികളെ റിക്രൂട്ട് ചെയ്യാം

single-img
6 September 2017

ഇന്ത്യയില്‍നിന്ന് വീട്ടുജോലിക്കാരികളെ റിക്രൂട്ട് ചെയ്യാനുള്ള നടപടികള്‍ കുവൈത്ത് പുനരാരംഭിച്ചു. സെക്യൂരിറ്റി ഫീസ് നല്‍കണമെന്ന നിബന്ധന ഇന്ത്യ മരവിപ്പിച്ചതോടെയാണ് കുവൈത്ത് റിക്രൂട്ടിംഗ് നടപടികള്‍ പുനരാരംഭിച്ചത്. കുവൈത്ത് ഗാര്‍ഹിക തൊഴിലാളി റിക്രൂട്ടിംഗ് ഓഫീസ് യൂനിയന്‍ മേധാവി ഫാദില്‍ അഷ്‌കലാനിയാണ്് ഇക്കാര്യം അറിയിച്ചത്.

കുവൈത്തിലേക്ക് വേലക്കാരികളെ റിക്രൂട്ട് ചെയ്യുന്നതിന് സ്‌പോണ്‍സര്‍മാര്‍ 2500 ഡോളര്‍ സെക്യൂരിറ്റി ഫീസ് നല്‍കണമെന്ന ഇന്ത്യന്‍ തീരുമാനത്തില്‍ പ്രതിഷേധിച്ച് കഴിഞ്ഞ മൂന്ന് വര്‍ഷമായി വീട്ടുജോലിക്കാരികളെ റിക്രൂട്ട് ചെയ്യുന്നത് നിര്‍ത്തി വെച്ചിരിക്കുകയായിരുന്നു.

ഇനിമുതല്‍ മുമ്പുള്ള പോലെ 400 ദീനാര്‍ കൊണ്ട് ഇന്ത്യയില്‍നിന്ന് ഒരു വേലക്കാരിയെ റിക്രൂട്ട് ചെയ്യുന്നതിനുള്ള എല്ലാ നടപടികളും പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്ന് അഷ്‌കലാനി പറഞ്ഞു. അതേസമയം, ഇന്ത്യന്‍ വേലക്കാരികളുടെ റിക്രൂട്ടിംഗ് നടപടികള്‍ക്കായി ആറ് ഏജന്‍സികളെ പ്രത്യേകം ചുമതലപ്പെടുത്തിയിട്ടുണ്ട്.

ഈ ഏജന്‍സികള്‍ മുഖാന്തിരമല്ലാതെ ഇന്ത്യയില്‍നിന്ന് കുവൈത്തിലേക്ക് വീട്ടുജോലിക്കാരികളെ എത്തിക്കാന്‍ സാധിക്കില്ലെന്നും ഇവയുടെ പ്രവര്‍ത്തനം സുതാര്യമായിരിക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു. ഇത് കൂടാതെ സ്‌പോണ്‍സര്‍മാര്‍ക്ക് നേരിട്ട് വേലക്കാരികളെ റിക്രൂട്ട് ചെയ്യാനുള്ള അനുമതി മാത്രമാണ് പിന്നീടുള്ളത്.

ഇങ്ങനെ റിക്രൂട്ട് ചെയ്യുമ്പോള്‍ യാത്രാ ടിക്കറ്റിനുവേണ്ട തുകയും ഇന്ത്യയിലും കുവൈത്തിലെ ഇന്ത്യന്‍ എംബസിയിലും മറ്റ് നടപടികള്‍ക്കുവേണ്ടിവരുന്ന ഫീസും മാത്രമേ സ്‌പോണ്‍സര്‍ക്ക് ബാധ്യതയായി വരികയുള്ളൂ.