പേവിഷബാധ: അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍

single-img
1 September 2017

വളര്‍ത്തുമൃഗങ്ങളെ ഇഷ്ടപ്പെടാത്തവര്‍ നമുക്കിടയില്‍  വിരളമാണ്.  നല്ലൊരു പൂച്ചയെ കൊഞ്ചിക്കാനും  നല്ല നായ്ക്കളെ ഓമനിക്കാനും ഇഷ്ടപ്പെടത്തവര്‍ ഉണ്ടോ?..
പക്ഷേ മുന്‍കരുതലുകള്‍ ഒന്നും തന്നെയില്ലാ എങ്കില്‍ ഈ ഇഷ്ട്ടം നമ്മെ മരണത്തില്‍ കൊണ്ടെത്തിക്കും. വീട്ടില്‍ വളര്‍ത്തുന്ന മൃഗമായാലും പേ ഇളകാനുള്ള സാധ്യത ഒരുപാടേറെയാണ്……..

 

വീട്ടില്‍ വളര്‍ത്തുന്ന പൂച്ചയുടെയും  പട്ടിയുടെയും കടിയേറ്റ്  ആശുപത്രിയില്‍  എത്തിക്കുന്നത് ഇന്ന് സര്‍വ്വസാധാണമായ ഒരു കാഴ്ചയാണ്.  നമ്മുടെ ഈ ഓമന മൃഗങ്ങള്‍ക്ക് പേയിളകിക്കഴിഞ്ഞാലുള്ള അവസ്ഥ ഒരിക്കലെങ്കിലും  ചിന്തിച്ചിട്ടുണ്ടോ? പേ വിഷം (റാബിസ്) നാഡീഞരമ്പുകള്‍ വഴി  മസ്തിഷ്‌കത്തിലെത്തി അവിടെ വ്യാപിക്കാന്‍ നാലാഴ്ച മുതല്‍ എട്ടാഴ്ച വരെ സമയമെടുക്കും. ഈ സമയത്ത്  ശരീരത്തില്‍ മറ്റു രോഗലക്ഷണമൊന്നും കാണുകയില്ല.  ഈ ദീര്‍ഘമായ കാലയളവിനുള്ളില്‍ പേ വിഷത്തിനെതിരെയുള്ള  കുത്തിവയ്പ് ആരംഭിച്ചാല്‍ മരണം ഒഴിവാക്കാവുന്നതാണ്. പേയിളകി  കഴിഞ്ഞാല്‍ മരണം ഉറപ്പാണ്. അതുകൊണ്ട് എത്രയും വേഗം  കുത്തിവയ്‌പ്പെടുക്കുന്നതാവും അഭികാമ്യം.
പേ വിഷബാധയ്‌ക്കെതിരെ  ചര്‍മ്മത്തിനുള്ളില്‍  എടുക്കുന്ന  നൂതന പ്രതിരോധ കുത്തിവയ്പ്പാണ്  ഐ.ഡി.ആര്‍.വി( ഇന്‍ട്രാ ഡെര്‍മന്‍ റാബിസ് വാക്‌സിനേഷന്‍). ഇത് പ്രധാന സര്‍ക്കാര്‍ ആശുപത്രികളില്‍ സൗജന്യമാണ്.

 

കടിച്ചമൃഗത്തിന് വിഷബാധയേറ്റിരുന്നോ  എന്നു മനസിലാക്കാനും ലളിതമായ  ഒരു മാര്‍ഗമുണ്ട്.  അതിനെകെട്ടിയിട്ട്  നിരീക്ഷിക്കുക. പേ പിടിച്ച  മൃഗത്തിന് പത്തു ദിവസത്തില്‍  കൂടുതല്‍ ആയുസുണ്ടാവില്ല.  അതു ചത്തുപോയല്‍ കടിയേറ്റ ആളിനും ഈ വിഷബാധയുണ്ടാകാന്‍ സാധ്യതയുണ്ട്.

 

വളര്‍ത്തുമൃഗങ്ങളായ  നായ, പൂച്ച ഇവയുടെ  കടിയെറ്റാലോ  മാന്തലേറ്റാലോ ഉടന്‍  തന്നെ  മുറിവേറ്റ ഭാഗം സോപ്പും വെള്ളവും  ഉപയോഗിച്ച് 15 മിനിറ്റ്  നേരം  കഴുകുക. രോഗസാധ്യത 80 ശതമാനം വരെ  കുറയ്ക്കാന്‍  ഇതുമൂലം  സാധിക്കും, പേവിഷബാധ  കുത്തിവയ്പ്പ് (ഐ.ഡി.ആര്‍.വി) കൃത്യമായ ഇടവേളകളില്‍  (കടിയേറ്റ് 0, 3, 7, 28 ദിവസങ്ങളില്‍)  എടുത്തുവെന്ന് ഉറപ്പാക്കുക,  കുത്തിവെയ്പ്പ് എടുത്ത ഭാഗം തിരുമ്മുകയോ  തുടയ്ക്കുകയോ  ചെയ്യരുത്. മുറിവ് സാരമുള്ളതാണെങ്കില്‍  റാബീസ് ഇമ്മ്യൂണോ  ഗ്ലോബുലിന്‍  (ആര്‍.ഐ.ജി.എസ്) കുത്തി വയ്‌ക്കേണ്ടിവരും.

 

പേ വിഷബാധയുള്ള ജന്തുവിന്റെ  കടിയേറ്റാലും  എല്ലാവരും  രോഗബാധിതരാകണമെന്നില്ല. ജന്തുവിന്റെ ഉമിനീരില്‍ നിന്ന്  മനുഷ്യനടക്കമുള്ള  ജീവജാലങ്ങളിലേക്കും  പടരുന്ന  വിഷം പത്തില്‍ അഞ്ചുപേരെയേ ബാധിക്കാറുള്ളെന്നാണ് വൈദ്യശാസ്ത്രരംഗത്തെ  നിരീക്ഷണങ്ങള്‍ തെളിയിക്കുന്നത്. എന്നാല്‍ സാധാരണ മൈക്രോസ്‌കോപ്പില്‍ കൂടി  ഈ വൈറസിനെ  കാണാന്‍  സാധിക്കാത്തതു കൊണ്ട് വിഷബാധയുണ്ടായോ  എന്ന് വിലയിരുത്താനുള്ള മാര്‍ഗ്ഗങ്ങള്‍ നിലവിലില്ല. കടിയേറ്റാലുടനെ  പ്രതിരോധകുത്തിവെയ്‌പ്പെടുക്കുക എന്ന പരമ്പരാഗ രീതി തന്നെ പ്രായോഗിക്കുന്നതാണു അഭികാമ്യം.