കുവൈത്തില്‍ നിന്ന് എട്ടുലക്ഷം വിദേശികളെ നാടുകടത്തുമെന്ന് റിപ്പോര്‍ട്ടുകള്‍

single-img
30 August 2017

കുവൈത്തില്‍ എട്ടുലക്ഷം വിദേശികളെ നാടുകടത്തുന്നതിന് നീക്കങ്ങളാരംഭിച്ചതായി റിപ്പോര്‍ട്ട്. വിദേശ ജനസംഖ്യ കുറയ്ക്കുന്നതിന്റെ ഭാഗമായാണ് സര്‍ക്കാര്‍ നടപടിയെന്നാണ് റിപ്പോര്‍ട്ടുകള്‍. നാടുകടത്തപ്പെടുന്നവരില്‍ വലിയൊരു വിഭാഗം വിസാ കച്ചവടക്കാരുടെ കെണിയില്‍പ്പെട്ടവരും, മാരകമായ പകര്‍ച്ചവ്യാധി അസുഖങ്ങള്‍ കണ്ടെത്തി നാടുകടത്തല്‍ കേന്ദ്രത്തില്‍ കഴിയുന്നവരും ആയിരിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

അപ്രഖ്യാപിത നിതാഖാത്തിന് സമാനമായി കര്‍ശനനടപടികള്‍ക്കാണ് സര്‍ക്കാര്‍ തീരുമാനം. എങ്കിലും മാനുഷിക പരിഗണന നല്‍കി ക്രമീകരിക്കുന്നതിനുള്ള ഉത്തരവാദിത്വം ആഭ്യന്തരമന്ത്രാലയവും മാന്‍പവര്‍ പബ്ലിക് അതോറിറ്റിയും സംയുക്തമായി രൂപവത്കരിക്കുന്ന കമ്മിറ്റിക്കായിരിക്കും.

റിപ്പോര്‍ട്ട് അനുസരിച്ച് എട്ടുലക്ഷത്തോളം വരുന്ന അടിസ്ഥാനവര്‍ഗ തൊഴിലാളികളെ നാടുകടത്തുന്നതിന് സര്‍ക്കാരിന് സാധിച്ചാല്‍, നിലവിലുള്ള വിദേശ ജനസംഖ്യ 2.2 ദശലക്ഷത്തില്‍ 1.4 ദശലക്ഷമായി കുറയും.