കുവൈത്തിലെ പ്രവാസികള്‍ക്ക് തിരിച്ചടി: ഇനിമുതല്‍ പൊതുമേഖലയില്‍ വിദേശികള്‍ക്ക് ജോലി കിട്ടില്ല

single-img
28 August 2017

കുവൈത്തില്‍ സ്വദേശിവത്കരണം ശക്തിപ്പെടുത്തുന്നു. പൊതുമേഖലയിലെ മുഴുവന്‍ തസ്തികകളും കുവൈത്തികള്‍ക്ക് മാത്രമായി സംവരണം ചെയ്തു. ഇനി മുതല്‍ നിര്‍ബന്ധിത സാഹചര്യത്തില്‍ യോഗ്യരായ കുവൈത്തികളില്ലെന്ന് ഉറപ്പുവരുത്തിയതിനു ശേഷമേ വിദേശികളെ പരിഗണിക്കുകയുള്ളുവെന്ന് സിവില്‍ സര്‍വീസ് കമ്മീഷന്‍ മേധാവി അഹ്മദ് അല്‍ ജസ്സാര്‍ വ്യക്തമാക്കി.

സര്‍ക്കാര്‍ മേഖലയില്‍ പിന്‍വാതില്‍ വഴി നടക്കുന്ന വിദേശി നിയമനം വിവാദമായ പശ്ചാത്തലത്തില്‍ കുവൈത്ത് ന്യൂസ് ഏജന്‍സിക്കു നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യതക്തമാക്കിയത്. ഈ വര്‍ഷം ജനുവരി മുതല്‍ ആഗസ്ത് 22 വരെ 11516 സ്വദേശികളെ നിയമിച്ചപ്പോള്‍ വെറും 790 വിദേശികളെ മാത്രമാണ് സര്‍ക്കാര്‍ മേഖലയില്‍ നിയമിച്ചത്. വെറും ആറു ശതമാനം മാത്രമാണ് 2017ല്‍ നടന്ന വിദേശി നിയമനത്തിന്റെ തോത്. പിന്നിട്ട രണ്ടു വര്‍ഷങ്ങളിലും ഏതാണ്ട് സമാന സ്ഥിതിയാണെന്നും അഹമ്മദ് അല്‍ ജസ്സാര്‍ പറഞ്ഞു.

2014 ല്‍ സര്‍ക്കാര്‍ മേഖലയില്‍ സ്വദേശി വല്‍ക്കരണത്തിനുള്ള നടപടികള്‍ ആരംഭിച്ചതിനു ശേഷം മേഖലയില്‍ വിദേശികളുടെ എണ്ണം ഗണ്യമായ രീതിയില്‍ കുറഞ്ഞിട്ടുണ്ടെന്നും നിലവില്‍ സര്‍ക്കാര്‍ മേഖലയില്‍ ജോലി ചെയ്യുന്ന വിദേശികളുടെ എണ്ണം 78739 ആണെന്നും അദ്ദേഹം പറഞ്ഞു. ഇവരില്‍ 44 ശതമാനം പേര്‍ ആരോഗ്യ മന്ത്രാലയത്തിലും, 40 ശതമാനം വിദ്യാഭ്യാസ മന്ത്രാലയത്തിലും, 16 ശതമാനം ഇതര ഡിപ്പാര്‍ട്ടുമെന്റുകളിലും ആണ് സേവനമനുഷ്ഠിക്കുന്നതെന്നും അഹ്മദ് അല്‍ ജസ്സാര്‍ വ്യക്തമാക്കി.