ആഘോഷ ദിനങ്ങള്‍ മുന്നില്‍ കണ്ട് അധികൃതര്‍ പരിശോധന കര്‍ശനമാക്കി

single-img
27 August 2017

ദോഹ: ബലിപെരുന്നാള്‍ ആഘോഷങ്ങള്‍ വിപണിയില്‍ തിരക്ക് വര്‍ദ്ദിപ്പിക്കാന്‍ സാധ്യതയുള്ളതിനാല്‍ വിവിധ വകുപ്പുകളുടെ മേല്‍നോട്ടത്തില്‍ വിപണിയില്‍ പരിശോധന ശക്തമാക്കാന്‍ അധിക്രതര്‍ തീരുമാനിച്ചു. സുരക്ഷിതമായ ഈദ് ആഘോഷം ഉറപ്പാക്കാനായി നഗരസഭാ പരിസ്ഥിതി മന്ത്രാലയം, സാമ്പത്തിക വാണിജ്യമന്ത്രാലയം എന്നിവയുടെ നേതൃത്വത്തിലാണ് വ്യാപാര ശാലകളിലും ഭക്ഷണശാലകളിലുമെല്ലാം പരിശോധന നടത്തുന്നത്.

വ്യാപാര, ഭക്ഷ്യ ശാലകളില്‍ തിരക്ക് വര്‍ദ്ധിക്കുമ്പോള്‍ ശുചിത്യവും ക്യത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനാണ് പരിശോധന കര്‍ശനമാക്കാന്‍ അധിക്രതര്‍ തീരുമാനിച്ചിരിക്കുന്നത്. രാജ്യത്തെ കടല്‍തീരങ്ങളിലും വാണിജ്യ നിരത്തുകളിലും സെന്‍ട്രല്‍ മാര്‍ക്കറ്റിലുമെല്ലാം നഗരസഭ പരിസ്ഥിതി മന്ത്രാലയത്തിലെ പൊതുശുചിത്വ വിഭാഗത്തിന്റെ നേതൃത്വത്തില്‍ ശുചീകരണ ജോലികള്‍ക്കും ശനിയാഴ്ച തുടക്കമായി. ബലിപെരുന്നാള്‍ ആഘോഷത്തെ വരവേല്‍ക്കാന്‍ എല്ലാ തയ്യാറെടുപ്പുകളും സ്വീകരിച്ചതായി വകുപ്പ് അധികൃതര്‍ വ്യക്തമാക്കി. ഷിഫ്റ്റ് സമ്പ്രദായത്തില്‍ ഈദ് ദിനങ്ങള്‍ കഴിയുന്നതുവരെ 24 മണിക്കൂറും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ തുടരും.

വാണിജ്യ നിരത്തുകളിലും സെന്‍ട്രല്‍ മാര്‍ക്കറ്റിലും തുടങ്ങി ജനത്തിരക്കേറുന്ന പൊതു സ്ഥലങ്ങളിലെല്ലാം ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. കോര്‍ണിഷ്, അല്‍ വഖ്‌റ തുടങ്ങി രാജ്യത്തെ ബീച്ചുകളിലും സന്ദര്‍ശകരെ സ്വീകരിക്കാന്‍ ഒരുക്കങ്ങള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുകയാണ്. ഭക്ഷണശാലകളില്‍ ആരോഗ്യസുരക്ഷ ഉറപ്പാക്കാന്‍ നഗരസഭകളിലെ ആരോഗ്യ നിയന്ത്രണ വിഭാഗത്തിന്റെ നേതൃത്വത്തിലാണ് പരിശോധനയ്ക്ക് തുടക്കമായത്. ഭക്ഷണ സാധനങ്ങള്‍ വില്‍ക്കുന്നതിന് മുമ്പ് വൃത്തിയും സുരക്ഷയും ഉള്ളതാണെന്ന് ഉറപ്പാക്കുകയാണ് പരിശോധനയുടെ ലക്ഷ്യം. ഭക്ഷണശാലകള്‍, ഷോപ്പിങ് മാളുകള്‍, ഗ്രോസറികള്‍, അറവുശാലകള്‍ എന്നിവിടങ്ങളിലാണ് ആരോഗ്യ നിയന്ത്രണ വകുപ്പിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തുന്നത്.

വെള്ളിയാഴ്ചകളില്‍ ഒഴികെയുള്ള ദിവസങ്ങളില്‍ രണ്ട് ഷിഫ്റ്റുകളിലായാണ് പരിശോധന നടത്തുന്നത്. പുലര്‍ച്ചെ അഞ്ചുമുതല്‍ പത്ത് വരെയും ഉച്ചക്ക് ഒന്ന് മുതല്‍ വൈകീട്ട് ആറുവരെയുമാണ് പരിശോധന. ഒട്ടകം, പശു എന്നിവയുടെ അറവുശാലകളില്‍ രാവിലെ അഞ്ച് മുതല്‍ ഉച്ചക്ക് മൂന്ന് വരെയും സെന്‍ട്രല്‍ മാര്‍ക്കറ്റിലും വെള്ളിയാഴ്ച ഒഴികെയുള്ള ദിവസങ്ങളില്‍ രാവിലെ അഞ്ച് മുതല്‍ വൈകീട്ട് ആറ് വരെയാണ് പരിശോധന. സെന്‍ട്രല്‍ മാര്‍ക്കറ്റിലേയും കോര്‍ണിഷിലേയും മീന്‍ ചന്തകളിലും പരിശോധന തുടരുന്നുണ്ട്. സെന്‍ട്രല്‍ മാര്‍ക്കറ്റിലെ ഇറക്കുമതി ചെയ്ത ഉത്പന്നങ്ങള്‍, പ്രാദേശിക ലേല സ്ഥലം, ബൂത്തുകള്‍ സൂപ്പര്‍മാര്‍ക്കറ്റുകള്‍, ഗ്രോസറികള്‍, പച്ചക്കറിപഴം സംഭരണശാലകള്‍, ശീതീകരണ സംഭരണശാലകള്‍ എന്നിവിടങ്ങളിലെല്ലാം പരിശോധന നടത്തുന്നുണ്ട്.

ഈദ് ദിവസങ്ങളില്‍ പ്രത്യേക സംഘത്തിന്റെ നേതൃത്വത്തിലാണ് സെന്‍ട്രല്‍ മാര്‍ക്കറ്റിലും വ്യവസായ മേഖലയിലെ സംഭരണശാലകളിലും പരിശോധന നടത്തുകയെന്ന് മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു. ആഭ്യന്തര മന്ത്രാലയത്തിന്റെയും ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വകുപ്പിന്റെയും സഹകരണത്തോടെ അറവുശാലകളില്‍ ശുചിത്വം ഉറപ്പാക്കാന്‍ നഗരസഭ നിയന്ത്രണവകുപ്പിലെ പൊതുനിയന്ത്രണ വകുപ്പ് ഉദ്യോഗസ്ഥരാണ് പരിശോധന നടത്തുന്നത്. നഗരസഭയിലെ കീടനിയന്ത്രണ വിഭാഗത്തിന്റെ നേതൃത്വത്തില്‍ പള്ളികളിലും ഈദ് പ്രാര്‍ഥനായിടങ്ങളിലും അറവുശാല, പാര്‍ക്ക് എന്നിവിടങ്ങളിലും കീടനിയന്ത്രണം നടത്തുന്നുണ്ട്. വിലയിലെ കൃത്രിമം, കാലാവധി കഴിഞ്ഞ ഉത്പന്നങ്ങളുടെ വില്‍പ്പന, ഓഫര്‍ വ്യവസ്ഥകള്‍ പാലിക്കാതിരിക്കുക തുടങ്ങിയ ലംഘനങ്ങള്‍ പിടികൂടാനായി സാമ്പത്തിക വാണിജ്യ മന്ത്രാലയത്തിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തുന്നത്.