ഡോക്ടര്‍, പ്ലീസ്.. ഈ മരുന്ന് ഏതാണെന്ന് ഒന്നു വായിച്ചു തരാമോ?: ഡോക്ടര്‍ എഴുതിയ കുറിപ്പ് കണ്ട് വാ പൊളിച്ച് ഫാര്‍മസിസ്റ്റുകള്‍

single-img
22 August 2017

കണ്ണൂര്‍: ഡോക്ടര്‍മാര്‍ ഇംഗ്ലീഷ് കൂട്ടക്ഷരത്തില്‍ എഴുതി നല്‍കുന്ന മരുന്ന് കുറിപ്പടികള്‍ വായിക്കാന്‍ കഴിയാതെ മരുന്നുമാറിപ്പോകുന്ന വാര്‍ത്തകള്‍ നമ്മള്‍ കേട്ടിട്ടുണ്ട്. കുറിപ്പടി വ്യക്തമായി എഴുതി നല്‍കണമെന്ന് സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദ്ദേശമുണ്ടെങ്കിലും ഇതൊന്നും പല ഡോക്ടര്‍മാരും പാലിക്കാറില്ല. മരുന്ന് മാറി കഴിച്ച് രോഗിക്ക് എന്ത് തന്നെ സംഭവിച്ചാലും ഡോക്ടര്‍മാര്‍ തങ്ങളുടെ ശൈലി മാറ്റില്ലെന്ന വാശിയിലുമാണ്.

പരാതികളുടെ എണ്ണം കൂടിയപ്പോള്‍ വീഴ്ചവരുത്തുന്ന ഡോക്ടര്‍മാര്‍ക്കെതിരെ അച്ചടക്ക നടപടിയുമായി ആരോഗ്യ വകുപ്പ് രംഗത്തെത്തിയിരുന്നു. കുറിപ്പടി വ്യക്തമായി എഴുതി നല്‍കണമെന്ന് മെഡിക്കല്‍ കൗണ്‍സിലും ഡ്രഗ്‌സ് കണ്‍ട്രോളറും ലോകാരോഗ്യ സംഘടനയും മാര്‍ഗനിര്‍ദ്ദേശം പുറപ്പെടുവിക്കുയും ചെയ്തു. എന്നാല്‍ ഇതെല്ലാം കാറ്റില്‍ പറത്തിയാണ് ഡോക്ടര്‍മാര്‍ തന്നിഷ്ട പ്രകാരം മരുന്ന് കുറിച്ചു നല്‍കുന്നത്.

ഏറ്റവുമൊടുവില്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് ഹെഡ് ക്വോര്‍ട്ടേഴ്‌സ് ഹോസ്പിറ്റലില്‍ പനിച്ച് വിറക്കുന്ന നാലു വയസ്സുകാരനുമായെത്തിയ മാതാപിതാക്കള്‍ക്ക് ഡോക്ടര്‍ കുറിച്ച് നല്‍കിയ മരുന്നു കുറിപ്പാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. ഡോക്ടര്‍ നല്‍കിയ മരുന്നു കുറിപ്പടികണ്ട് മെഡിക്കല്‍ രംഗത്തുള്ളവര്‍ തന്നെ അല്‍ഭുതം രേഖപ്പെടുത്തുകയാണ്.

നട്ടപ്പാതിരയ്ക്ക് അച്ഛനമ്മമാര്‍ കുഞ്ഞിനെയുമെടുത്ത് മരുന്നിന് വേണ്ടി കണ്ണൂര്‍ നഗരത്തിലൂടെ അലഞ്ഞു. എന്നാല്‍ മരുന്നു കടയിലെ ഫാര്‍മസിസ്റ്റുകള്‍ മരുന്നു കുറിപ്പ് കണ്ട് വാ പൊളിച്ചു നിന്നുപോയതല്ലാതെ മരുന്നേതാണെന്ന് തിരിച്ചറിയാന്‍ അവര്‍ക്ക് സാധിച്ചില്ല.

ഡോക്ടര്‍ എന്താണ് കുറിച്ചു നല്‍കിയതെന്ന് ഡോക്ടര്‍ക്കും ദൈവത്തിനും മാത്രമേ വായിക്കാനാവൂ…. നേരം പുലരുന്നത് വരെ നടന്നിട്ടും മരുന്നുകിട്ടിയില്ലെന്നതാണ് സത്യം. വാട്‌സാപ്പിലൂടെയും ഫേസ് ബുക്കിലൂടെയുമാണ് ഈ വാര്‍ത്ത പരക്കുന്നത്. ആരോഗ്യമന്ത്രി കെ.കെ ശൈലജയുടെ ശ്രദ്ധയിലെത്തും വരെ വാര്‍ത്ത ഷെയര്‍ ചെയ്യണമെന്നും അഭ്യര്‍ത്ഥനയുമുണ്ട്.

കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് ജില്ലാ ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രി കാഷ്വാലിറ്റിയില്‍ നിന്ന് ആഗസ്റ്റ് 17ന് കുറിച്ചു നല്‍കിയതാണ് കുറിപ്പെന്ന് വ്യക്തമായിട്ടുണ്ട്. ഒപി നമ്പറും കുഞ്ഞിന്റെ പേരും വ്യക്തമാണ്. ഇത്രയും സൂചനകള്‍ കൊണ്ട് തന്നെ ഡോക്ടര്‍ ആരെന്ന് കണ്ടെത്താന്‍ പ്രയാസമുണ്ടാവില്ല. എന്നാല്‍ സംഭവത്തില്‍ ഇതുവരെ പരാതിയുമായി ആരും മുന്നോട്ട് വന്നിട്ടില്ല.