ദുബായില്‍ പെണ്‍വാണിഭത്തിന് മസാജ് പാര്‍ലറുകളുടെ പേരില്‍ ബിസിനസ് കാര്‍ഡ്: നടപടിയുമായി ദുബായ് നഗരസഭ

single-img
21 August 2017

ദുബായ്: മസാജ് പാര്‍ലറുകളുടെ മറവില്‍ പെണ്‍വാണിഭ സംഘങ്ങള്‍ വാഴുന്ന നഗരമാണ് ദുബായ്. ഇവിടെ പാര്‍ലറുകളുടെ പേരില്‍ ബിസിനസ് കാര്‍ഡുകള്‍ വിതരണം ചെയ്യുന്നതിനെതിരെ അധികൃതര്‍ നടപടി ശക്തമാക്കാനൊരുങ്ങുകയാണ്. ഇത്തരം കാര്‍ഡുകള്‍ വിതരണം ചെയ്യുന്നവരെ പിടികൂടിയാല്‍ പതിനായിരം ദിര്‍ഹം പിഴ ഒടുക്കേണ്ടി വരും. കൂടാതെ, സ്വന്തം രാജ്യത്തേയ്ക്ക് തിരിച്ചയക്കുകയും ചെയ്യുമെന്ന് ദുബായ് നഗരസഭ മുന്നറിയിപ്പ് നല്‍കി.

നിലവില്‍ 500 ദിര്‍ഹമായിരുന്നു പിഴ. നിയമവിധേന പ്രവര്‍ത്തിക്കുന്ന ഏതെങ്കിലും സ്ഥാപനം ഇത്തരത്തില്‍ കാര്‍ഡ് വിതരണം നടത്തിയാല്‍ അവരുടെ ലൈസന്‍സ് റദ്ദാക്കും. കാര്‍ഡുകള്‍ വിതരണം ചെയ്യുന്നവരെ കൂടാതെ, ഈ കാര്‍ഡുകളില്‍ കാണുന്ന മൊബൈല്‍ നമ്പര്‍ ഉടമകള്‍ക്കെതിരെയും നിയമ നടപടി സ്വീകരിക്കുമെന്ന് ദുബായ് നഗരസഭയ്ക്ക് കീഴിലെ വേസ്റ്റ് മാനേജ്‌മെന്റ് വിഭാഗം ഡയറക്ടര്‍ അബ്ദുല്‍ മജീദ് അബ്ദുല്‍ അസീസ് അല്‍ സൈഫാഈ പറഞ്ഞു.

ദുബായ് നഗരത്തിലെ ചില ഏരിയകളിലെ പാര്‍ക്കിങ്ങുകളില്‍ കാര്‍ നിര്‍ത്തി പോയി തിരിച്ചുവരുമ്പോള്‍ വിന്‍ഡ് സ്‌ക്രീന്‍, വാതില്‍പ്പടികള്‍ എന്നിവിടങ്ങളില്‍ നിറയെ മസാജ് സെന്ററുകളുടെ ബിസിനസ് കാര്‍ഡുകള്‍ തിരുകി വച്ചിരിക്കുന്നത് കാണാം. കാര്‍ഡെടുത്ത് നോക്കിയാല്‍ മലയാളത്തിലെ പ്രമുഖ നടിമാരുടെയും വിവാദനായികമാരുടെയും വര്‍ണ ചിത്രങ്ങളോടെയായിരിക്കും. അനധികൃതമായി പ്രവര്‍ത്തിക്കുന്ന ഇത്തരം മസാജ് കേന്ദ്രങ്ങള്‍ നടിമാര്‍ അറിയാതെയാണ് അവരുടെ ചിത്രങ്ങള്‍ ഉപയോഗിക്കുന്നത്.

പ്രധാനമായും മലയാളികളെ ആകര്‍ഷിക്കാന്‍ വേണ്ടി ചെയ്യുന്ന ഇത്തരം സൂത്രപ്പണികള്‍ക്ക് ബലിയാടാകുന്നത് ഇതൊന്നുമറിയാതെ കേരളത്തില്‍ താമസിക്കുന്ന സിനിമാസീരിയല്‍ നടിമാര്‍. മലയാളം, ഹിന്ദി നടിമാരെ കൂടാതെ, ഫിലിപ്പീന്‍സ്, ചൈന, റഷ്യ തുടങ്ങിയ രാജ്യങ്ങളിലെ പ്രമുഖരുടെയും അര്‍ധനഗ്‌ന ചിത്രങ്ങള്‍ പതിച്ച ബിസിനസ് കാര്‍ഡുകളും കണ്ടെത്താന്‍ സാധിക്കും. ഇത് പതിവായതോടെയാണ് ദുബായ് മുനിസിപ്പാലിറ്റി നടപടിക്കൊരുങ്ങുന്നത്.

അനേകം മലയാളി യുവതികള്‍ ഉള്‍പ്പെടെയുള്ളവര്‍ ചതിക്കുഴിയില്‍ വീഴുന്ന പെണ്‍വാണിഭ സംഘങ്ങള്‍ അടങ്ങിയ അനാശാസ്യ കേന്ദ്രങ്ങളാണ് ഈ മസാജ് പാര്‍ലറുകള്‍. ഇത്തരം കേന്ദ്രങ്ങളിലേക്ക് ആള്‍ക്കാരെ എത്തിക്കുകയാണ് കാര്‍ഡുകളുടെ ലക്ഷ്യം. ഇത്തരം കാര്‍ഡുകളില്‍ പരാമര്‍ശിച്ചിരിക്കുന്ന പല പാര്‍ലറുകളും തട്ടിപ്പാണെന്നും അനധികൃതമായി വ്യക്തികള്‍ പെണ്‍വാണിഭ ഇടപാടുകള്‍ക്ക് വേണ്ടി നടത്തുന്നതാണെന്നും അധികൃതരുടെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്.

ഇത്തരം കാര്‍ഡുകള്‍ നഗരത്തില്‍ വന്‍ തോതിലായതോടെ നഗരവാസികള്‍ക്ക് ശല്യമായി മാറുകയും വിവിധ കോണുകളില്‍ നിന്നും പരാതികള്‍ ഉയര്‍ന്ന് വരികയും ചെയ്ത സാഹചര്യത്തിലാണ് നടപടി. കഴിഞ്ഞ ഏപ്രിലില്‍ ഇത്തരം ഏഴ് ദശലക്ഷം കാര്‍ഡുകള്‍ കണ്ടെത്തിയതായി ഗള്‍ഫ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഇപ്പോള്‍ നാട്ടുകാര്‍ക്കിടയില്‍ ബോധവല്‍ക്കരണത്തിനായും അധികൃതര്‍ ശ്രമിക്കുന്നുണ്ട്. ലാന്റ് നമ്പറുകളോ മസാജ് സെന്ററുകളുടെ പേരുകളോ ഇല്ലാത്ത ഇത്തരം കാര്‍ഡില്‍ സുന്ദരിയായ ഒരു നടിയുടെ ചിത്രത്തോടൊപ്പം അനേകം മൊബൈല്‍ നമ്പറുകളും ഉണ്ടാകും. മണിക്കൂറിന് 300 ദിര്‍ഹം വരെയാണ് മസാജ് സെന്ററുകള്‍ ഈടാക്കുന്നത്.