അബുദാബിയില്‍ എന്‍ട്രി പെര്‍മിറ്റും വീസയും ഇനി മുതല്‍ ടൈപ്പിങ് സെന്ററുകള്‍ മുഖേന മാത്രം

single-img
20 August 2017

അബുദാബിയില്‍ താമസ തൊഴില്‍ വിസകളിലെത്തുന്നവര്‍ക്ക് ഇനി വീസയും എന്‍ട്രി പെര്‍മിറ്റുകളും ലഭ്യമാവുക ആഭ്യന്തരമന്ത്രാലയത്തില്‍ റജിസ്റ്റര്‍ ചെയ്തിട്ടുള്ള ടൈപ്പിങ് സെന്ററുകളിലൂടെ മാത്രം. ടൈപ്പിങ് സെന്ററുകളിലെ ജീവനക്കാര്‍ക്ക് ഇതിനായി പ്രത്യേക പരിശീലനവും നല്‍കിയിട്ടുണ്ട്.

ആഭ്യന്തരമന്ത്രാലയത്തിന്റെ ഉപഭോക്തൃ സേവന കേന്ദ്രങ്ങള്‍ വഴിയായിരുന്നു എന്‍ട്രി പെര്‍മിറ്റുകള്‍ നല്‍കിയിരുന്നത്. എന്നാല്‍ പുതിയ സ്മാര്‍ട് വീസ സംവിധാനം അനുസരിച്ച് ഇനി മുതല്‍ ഉപഭോക്തൃ സേവന കേന്ദ്രങ്ങളില്‍ പോകാതെ തന്നെ എന്‍ട്രി പെര്‍മിറ്റുകള്‍ ലഭിക്കും.

പുതിയ സംവിധാനം അനുസരിച്ച് രേഖകള്‍ സമര്‍പ്പിച്ചാല്‍ തൊട്ടടുത്ത ദിവസം തന്നെ എന്‍ട്രി പെര്‍മിറ്റ് ലഭിക്കും. അര്‍ജന്റ് കാറ്റഗറിയില്‍ അപേക്ഷിക്കുന്നവര്‍ക്ക് ആ ദിവസം തന്നെയും എന്‍ട്രി പെര്‍മിറ്റുകള്‍ നല്‍കുന്നുണ്ട്. വീസ നടപടി ക്രമങ്ങളില്‍ തെറ്റു വരുത്തിയാല്‍ ടൈപ്പിങ് സെന്ററുകള്‍ക്ക് 25 ദിര്‍ഹം മുതല്‍ അയ്യായിരം ദിര്‍ഹം വരെ പിഴ ചുമത്തുമെന്ന് ആഭ്യന്തരമന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

അതേസമയം അബുദാബിയിലേക്കുള്ള സന്ദര്‍ശക വീസകള്‍ക്ക് നിലവിലെ സംവിധാനം തന്നെ തുടരും. ട്രാവല്‍ ഏജന്‍സികള്‍ വഴി തന്നെയായിരിക്കും സന്ദര്‍ശകവീസ തുടര്‍ന്നും ലഭ്യമാക്കുക.