മുപ്പതുകാരിയുടെ ഗര്‍ഭപാത്രത്തില്‍ നിന്നും നീക്കം ചെയ്തത് 50 മുഴകള്‍

single-img
20 August 2017

ഇറ്റാനഗര്‍: അരുണാചല്‍ പ്രദേശിലെ ഇറ്റാനഗറില്‍ അവിവാഹിതയായ മുപ്പതുകാരിയുടെ ഗര്‍ഭപാത്രത്തില്‍ നിന്നും ഡോക്ടര്‍മാര്‍ നീക്കം ചെയ്തത് 50 മുഴകള്‍. വര്‍ഷങ്ങളായുള്ള കടുത്ത ആര്‍ത്തവ വേദനയെത്തുടര്‍ന്ന് ആശുപത്രിയിലെത്തിയതായിരുന്നു അവര്‍. ഇറ്റാനഗര്‍ രാമകൃഷ്ണ മിഷന്‍ ആശുപത്രിയില്‍ സീനിയര്‍ ഗൈനക്കോളജിസ്റ്റ് ഡോ.പോസ്റ്റിങ് ഹയാങിന്റെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ.

മിയോമസ്(Myomas) എന്നറിയപ്പെടുന്ന അര്‍ബുദ കാരണമല്ലാത്ത ട്യൂമറുകളായിരുന്നു യുവതിയുടെ ഗര്‍ഭപാത്രത്തില്‍. കടുത്ത വേദനയെത്തുടര്‍ന്ന് പല ആശുപത്രികളിലും യുവതി ചികിത്സ തേടിയെങ്കിലും ഗര്‍ഭപാത്രം നീക്കം ചെയ്തുള്ള Hysterectomy യാണ് എല്ലാവരും നിര്‍ദ്ദേശിച്ചത്. തുടര്‍ന്ന് രാമകൃഷ്ണ മിഷന്‍ ആശുപത്രിയില്‍ നിന്നും ഗര്‍ഭപാത്രം സംരക്ഷിച്ചുകൊണ്ടുള്ള Myomectomy എന്ന ശസ്ത്രക്രിയ നടത്തുകയായിരുന്നു.

ആര്‍ത്തവ സമയത്ത് കൂടിയ അളവില്‍ രക്തം നഷ്ടപ്പെടുന്നതുകൊണ്ടുതന്നെ വിളര്‍ച്ചയും ഉണ്ടായിരുന്നു അവര്‍ക്ക്. അതുകൊണ്ടുതന്നെ ഗര്‍ഭപാത്രം സംരക്ഷിച്ചുകൊണ്ടുള്ള ശസ്ത്രക്രിയ അപകടസാധ്യതയുള്ളതായിരുന്നുവെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.

ശസ്ത്രക്രിയയ്ക്കു മുന്‍പ് ആവശ്യത്തിനുള്ള രക്തം ശരീരത്തില്‍ പ്രവേശിപ്പിച്ചിരുന്നു. ഓഗസ്റ്റ് 15നു ചെയ്ത മൂന്നു മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയ വിജകരമായിരുന്നുവെന്നും രോഗം പൂര്‍ണ്ണമായും ഭേദപ്പെട്ട യുവതി വീട്ടിലേക്കു മടങ്ങിയതായും ഡോക്ടര്‍ പറഞ്ഞു.