സൗദിയും യു.എ.ഇയും മൂല്യവര്‍ധിത നികുതി നടപ്പാക്കുന്നു

single-img
18 August 2017

യു.എ.ഇ യില്‍ നടപ്പാക്കാനിരിക്കുന്ന മൂല്യവര്‍ധിത നികുതിയുടെ (വാറ്റ്) രജിസ്‌ട്രേഷന്‍ സെപ്റ്റംബര്‍ 15 മുതല്‍ ആരംഭിക്കുമെന്ന് ഫെഡറല്‍ ടാക്‌സ് അതോറിറ്റി (എഫ്.ടി.എ). ഗള്‍ഫ് മേഖലയില്‍ ആദ്യമായി മൂല്യവര്‍ധിത നികുതി നടപ്പാക്കുന്നതിന്റെ ക്രെഡിറ്റ് നേടിയ സൗദി അറേബ്യ, യു.എ.ഇ എന്നീ രാജ്യങ്ങളില്‍ ജനുവരി ഒന്നു മുതലാണ് വാറ്റ് നടപ്പായി തുടങ്ങുക.

യു.എ.ഇയില്‍ മൂന്നരലക്ഷം സ്ഥാപനങ്ങളാണ് വാറ്റ് സംവിധാനത്തില്‍ ഉള്‍പ്പെടുക. ജനുവരി ഒന്നു മുതല്‍ കുറ്റമറ്റ രീതിയില്‍ വാറ്റ് നടപ്പാക്കാനുള്ള മുന്നൊരുക്കങ്ങള്‍ ഇരു രാജ്യങ്ങളിലും സജീവമാണ്. സൗദിക്കും യു.എ.ഇക്കും പുറമെ വാറ്റ് നടപ്പാക്കാന്‍ മറ്റു ഗള്‍ഫ് രാജ്യങ്ങള്‍ക്ക് അടുത്ത വര്‍ഷം അവസാനം വരെ സമയമുണ്ടെന്ന് ഫെഡറല്‍ ടാക്‌സ് അതോറിറ്റി ഡയറക്ടര്‍ ജനറല്‍ ഖാലിദ് അലി അല്‍ ബുസ്താനി അറിയിച്ചു. 5 ശതമാമായിരിക്കും മൂല്യവര്‍ധിനത നികുതി നടപ്പാക്കുന്നത്.

3,75,000 ദിര്‍ഹം വാര്‍ഷിക വരുമാനമുള്ള മുഴുവന്‍ കമ്പനികളും നിര്‍ബന്ധമായും വാറ്റ് സംവിധാനത്തില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. യു.എ.ഇയിലെ മൂന്നരലക്ഷം കമ്പനികള്‍ വാറ്റ് സംവിധാനത്തിന്‍ കീഴില്‍ വരുമെന്നാണ് കണക്കാക്കുന്നത്. പുകയില, പുകയില ഉത്പന്നങ്ങള്‍, ഊര്‍ജദായക പാനീയങ്ങള്‍ എന്നിവയ്ക്ക് 100 ശതമാനം എക്‌സൈസ് നികുതിയും, പഞ്ചസാര ചേര്‍ത്ത പാനീയങ്ങള്‍ക്ക് 50 ശതമാനം എക്‌സൈസ് നികുതിയുമാണ് ഈടാക്കുക.

ഓഗസ്റ്റ് രണ്ടാം പകുതിയോടെ പ്രവര്‍ത്തനം ആരംഭിക്കുന്ന വെബ്‌സൈറ്റ് ആഴ്ചയില്‍ എല്ലാ ദിവസവും 24 മണിക്കൂറും പ്രവര്‍ത്തിക്കും.യു.എ.ഇ.യിലെ നികുതി സംബന്ധിച്ച എല്ലാ വിവരങ്ങളും വെബ്‌സൈറ്റിലുണ്ടാകും. അതേസമയം ഗള്‍ഫ് പ്രതിസന്ധി തുടരുന്ന സാചര്യത്തില്‍ ജി.സി.സിയുടെ ഭാഗമായ ഖത്തര്‍ വാറ്റിന്റെ കാര്യത്തില്‍ എന്തു നിലപാട് സ്വീകരിക്കും എന്നതും രാഷ്ട്രീയ കേന്ദ്രങ്ങള്‍ താല്‍പര്യപൂര്‍വമാണ് ഉറ്റുനോക്കുന്നത്.