ചുട്ടുപൊള്ളുന്ന ചൂടില്‍ വെന്തുരുകി ഗള്‍ഫ് നാടുകള്‍, ബഹ്‌റിനില്‍ 115 കൊല്ലത്തിനിടെ ഏറ്റവും കൂടിയ ചൂട് രേഖപ്പെടുത്തി

single-img
12 August 2017

കത്തിയാളുന്ന ചൂടില്‍ വെന്തുരുകയാണ് ഗള്‍ഫ് നാടുകള്‍. ചൂടും പൊടികാറ്റും ശക്തി പ്രാപിച്ചതോടെ ആളുകള്‍ പുറത്തിറങ്ങാനാകാതെ വിഷമിക്കുകയാണ്. പലയിടങ്ങളിലും ചൂട് 50 ഡിഗ്രി സെല്‍ഷ്യസ് കടന്നു. പുറത്ത് ചൂട് ഉയര്‍ന്നതോടെ എയര്‍ കണ്ടീഷനറുകള്‍ക്ക് പോലും തണുപ്പ് നല്‍കാന്‍ സാധിക്കാത്ത അവസ്ഥയാണ്.

വാഹനങ്ങളില്‍ യാത്ര ചെയ്യുന്നവരുടെ അവസ്ഥയാണ് ഏറെ കഷ്ടം. പുലര്‍ കാലത്ത് പോലും പുറത്തിറങ്ങി നടക്കാന്‍ വയ്യാത്ത സ്ഥിതിയാണെങ്ങും.

യു.എ.ഇയില്‍ താപനില ഉയര്‍ന്ന് പലയിടത്തും ഇപ്പോള്‍ 49-50 ഡിഗ്രിയാണ് . വരുംദിനങ്ങളില്‍ ചൂട് കൂടിയേക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അടുത്തയാഴ്ച അത് 60 കടന്നേക്കുമെന്നാണ് വിദഗ്ധര്‍ നിരീക്ഷിക്കുന്നത്. കാറ്റിന് മണിക്കൂറില്‍ 40 കിലോമീറ്ററിലേറെ വേഗതയുണ്ടാകുമെന്നും അറിയിപ്പുണ്ട്. എന്നാല്‍ തെക്കുകിഴക്കന്‍ ഭാഗങ്ങളില്‍ മഴ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍. അല്‍ ഐനില്‍ വെള്ളിയാഴ്ച നല്ല മഴ ലഭിച്ചിരുന്നു.

ബഹ്റൈനില്‍ 42.1 ഡിഗ്രിയാണ് ചൂടെങ്കിലും 115 കൊല്ലത്തിനിടയില്‍ ആദ്യമായാണ് ഇത്രയധികം ചൂട് കൂടുന്നതെന്നാണ് ഔദ്യോഗിക റിപ്പോര്‍ട്ട്. പൊതുവെ 40 ഡിഗ്രിയില്‍ കുറവ് ചൂട് മാത്രമേ ഇവിടെ അനുഭവപ്പെടാറുള്ളൂ. കഴിഞ്ഞ ഒരു മാസമായി 40 ഡിഗ്രിയില്‍ നിന്ന് ചൂട് താഴേക്ക് പോയിട്ടില്ല.

സൗദി അറേബ്യയില്‍ മക്കയില്‍ അടക്കം 40 ഡിഗ്രിക്കുമുകളില്‍ ചൂട് രേഖപ്പെടുത്തിയ പശ്ചാത്തലത്തില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെത്തുന്ന ഹജ്ജ് തീര്‍ഥാടകര്‍ക്കായി എ.സി കുടകള്‍ രൂപകല്‍പ്പന ചെയ്തിരിക്കുകയാണ് അധികൃതര്‍. സൗരോര്‍ജ്ജത്തില്‍ പ്രവര്‍ത്തിക്കുന്ന ഈ കുട ശൈത്യ മേഖലകളില്‍ നിന്ന് വരുന്നവര്‍ക്ക് വലിയ ആശ്വാസമാവും. മക്ക കുടകള്‍ എന്ന പേരിലാണ് ഇവ അറിയപ്പെടുന്നത്. കുവൈത്തില്‍ കഴിഞ്ഞ തവണത്തെ റെക്കോര്‍ഡ് ചൂടായ 54 ഡിഗ്രിയില്‍ എത്തിയിട്ടില്ലെങ്കിലും ചൂടിന് ഒട്ടും കുറവില്ല. 49-50 ഡിഗ്രിയാണ് നിലവിലെ ശരാശരി. ഖത്തറിലും 40നു മുകളിലാണ് ശരാശരി താപനില.

ചൂട് കൂടിയതോടെ ഗള്‍ഫ് നാടുകളില്‍ തീപ്പിടിത്തവും വര്‍ധിച്ചിരിക്കുകയാണ്. അഗ്‌നി ശമന സേനാ ഉദ്യോഗസ്ഥര്‍ക്ക് വിശ്രമമില്ലാത്ത സമയമാണിത്. കുവൈത്തില്‍ ഇന്‍ഡസ്ട്രിയല്‍ ഏരിയയിലുണ്ടായ അഗ്‌നിബാധയില്‍ വന്‍ നാശനഷ്ടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ശക്തമായ ചൂടായതിനാല്‍ ചെറിയ തീപ്പൊരി മതി എല്ലാം കത്തിച്ചാമ്പലാക്കാന്‍ എന്ന സ്ഥിതിയാണ്. ഇതേക്കുറിച്ച് ശക്തമായ മുന്നറിയിപ്പുകളാണ് ഭരണകൂടം ജനങ്ങള്‍ക്ക് നല്‍കുന്നത്.