ഇയര്‍ബഡ് ഉപയോഗിക്കാന്‍ പാടില്ല: പാക്കറ്റിനു പുറത്തെഴുതിയിരിക്കുന്നതു വായിച്ചിട്ടുണ്ടോ ?

single-img
2 August 2017

 

മിക്കവരും ചെവിയിലെ അഴുക്ക് അല്ലെങ്കില്‍ മെഴുകു നീക്കം ചെയ്യാന്‍ ആശ്രയിക്കുന്നതാണ് ഇയര്‍ ബഡുകള്‍ അഥവാ ചെവി തോണ്ടി. ചിലര്‍ കണ്‍പീള നീക്കം ചെയ്യാനും മൂക്ക് വൃത്തിയാക്കാനുമൊക്കെ ഈ കോട്ടന്‍ ബഡ് ഉപയോഗിക്കും. എന്നാല്‍ ചെവിയിലെന്നല്ല ശരീരത്തിന്റെ ഒരു ഭാഗത്തും ഇത് കടത്തി വിടാന്‍ പാടില്ല എന്നത് എത്ര പേര്‍ക്കറിയാം?..

ഇയര്‍ ബഡ് ഉപയോഗിക്കുന്നതിലൂടെ ലഭിക്കുന്ന പ്രത്യേകമായൊരു സുഖം മൂലം പലരും ഇത് വെറുതെ ചെവിയില്‍ കടത്തി വിടുന്നു. എന്നാല്‍ എത്രയും കൂടുതല്‍ ഇയര്‍ ബഡ് ഉപയോഗിക്കുന്നുവോ അത്രയും കൂടുതല്‍ ചെവിക്കകത്തു ഇയര്‍ ബഡ് ഉപയോഗിക്കുവാന്‍ കാരണമായ നാഡി പ്രവര്‍ത്തനമോ അത് വഴി ഉള്ള ചൊറിച്ചിലോ സംഭവിക്കുന്നു എന്നതാണ് ഇത് സംബന്ധിച്ച പഠനം വ്യക്തമാക്കുന്നത്. ഇത് ക്രമേണെ നമ്മുടെ കേള്‍വിശക്തി കുറഞ്ഞു വരുന്നതിലേക്ക് നയിക്കുകയും ചെയ്യും.

സിഗരറ്റ് പാക്കറ്റിനു പുറത്തെഴുതിയിരിക്കുന്നതു പോലെ ഒരു നിയമ പ്രകാരമുള്ള മുന്നറിയിപ്പ് ഓരോ ഇയര്‍ ബഡ് പാക്കറ്റിലും എഴുതിയിട്ടുണ്ട്. ഈ ഉല്‍പ്പന്നം ചെവിയില്‍ ഇടാന്‍ പാടില്ല എന്നത് തന്നെയാണ് ഇതിലൂടെ അര്‍ത്ഥമാക്കുന്നത്. ശരീരത്തിന് വളരെ ഹാനികരം ആയി മാറുന്നു എന്ന് കണ്ടതിനെ തുടര്‍ന്ന് ഇവ ചെവിയില്‍ ഇടുന്നത് ഗുരുതരമായ ആരോഗ്യ പ്രശനങ്ങള്‍ക്ക് കാരണമാകും എന്ന മുന്നറിയിപ്പ് 1970 ലാണ് ആദ്യമായി വരുന്നത്. പക്ഷേ എന്തിനു വേണ്ടി ഉപയോഗിക്കരുതെന്ന് നിര്‍മ്മാതാക്കള്‍ പറഞ്ഞുവോ, അതിനു വേണ്ടി മാത്രമാണ് ഇന്ന് കോട്ടന്‍ ബഡ് ഉപയോഗിക്കുന്നതും ഉപയോഗിച്ച് കൊണ്ടിരിക്കുന്നതും എന്നതാണ് സത്യം.

നിരവധി ആളുകളുടെ കേള്‍വി പൂര്‍ണ്ണമായും അല്ലെങ്കില്‍ ഭാഗികമായും നഷ്ടപ്പെടാന്‍ കാരണമായ ചെവിയില്‍ എളുപ്പത്തില്‍ കടത്തിവിടാവുന്ന ഈ വസ്തു വളരെ പെട്ടെന്നാണ് ലോകമെമ്പാടും പ്രചാരത്തിലായത്. ചെവി ചൊറിയുമ്പോള്‍ മാത്രമല്ല, വെറുതെയിരിക്കുമ്പോള്‍ ചുമ്മാ ചെവിയില്‍ ഇയര്‍ ബഡ് ഇടുന്നതും മിക്കവര്‍ക്കും പിന്നീടൊരു ഹോബിയായി മാറിക്കഴിഞ്ഞു. ഇതിന്റെ ദോഷവശങ്ങളെക്കുറിച്ച് ആരും തന്നെ വേണ്ടത്ര ഗൗനിക്കാറില്ല എന്നതാണ് ഇതിലൂടെ വ്യക്തമാകുന്നത്.

ചെവിക്കകത്ത് രൂപം കൊള്ളുന്ന മെഴുക്ക് പുറം തള്ളേണ്ട വസ്തു ആണെന്നും അത് അഴുക്കാണെന്നും ഉള്ള തെറ്റായ ധാരണ എങ്ങനെയോ ലോകം മുഴുവന്‍ പരക്കുകയും ചെയ്തു. സത്യത്തില്‍ ചെവിയെ അണുബാധയില്‍ നിന്നും സംരക്ഷിക്കുന്ന ഒരു കവചം കൂടിയാണ് ഇയര്‍ വാക്‌സ്. കണ്ണില്‍ കണ്ണുനീര്‍ രൂപപ്പെടുന്നത് പോലെയാണ് ചെവിയില്‍ വാക്‌സ് രൂപം കൊള്ളുന്നത്. കണ്ണീര്‍ കൃഷ്ണമണിയെ സഹായിക്കുന്നതു പോലെ ഒരു പ്രവര്‍ത്തനമാണ് ഇയര്‍ വാക്‌സിന്റേത്.

ചെവിയുടെ ഉള്‍ വശമായ ചെവിക്കനാല്‍ വളരെ ലോലമായ ചര്‍മ്മം മൂലം നിര്‍മ്മിതം ആയതിനാല്‍ ഇവയെ സംരക്ഷിക്കുന്ന ജോലിയാണ് ഇയര്‍ വാക്‌സിനുള്ളത്. എന്നാല്‍ ഇയര്‍ ബഡ് ഇടുന്നത് മൂലം ചെവിക്കാനലിനും ദോഷം സംഭവിക്കുന്നുണ്ട്. ചെവിക്കകത്ത് എന്താണോ ആവശ്യമായുള്ളത് അതിനെ പുറത്തെടുത്തു കളയുകയാണ് ഇയര്‍ ബഡുകള്‍ ചെയ്യുന്നത് എന്നുള്ളതാണ് സത്യം . ശരീരത്തിന്റെ ഓരോ അവയവങ്ങളിലും ഇത്തരം സംരക്ഷണ കവചങ്ങള്‍ ഉണ്ടെന്ന് നാം മനസ്സിലാക്കേണ്ടതുണ്ട്.

മാത്രമല്ല മിക്കപ്പോഴും വാക്‌സിനെ പുറത്തേക്കു എടുക്കുന്നതിനു പകരം അകത്തേക്ക് തള്ളി ഇയര്‍ ഡ്രമ്മിനു കേടുവരുത്തുകയാണ് ഇയര്‍ ബഡ് ചെയ്യുന്നത്. ഇങ്ങനെ വാക്‌സ് അകത്തേക്ക് തള്ളപ്പെടുന്നത് ഭാവിയില്‍ ബധിരതയിലേക്കു നയിക്കുകയും ചെയ്യും. ചെവിക്കു മധ്യത്തില്‍ ഉള്ള ലോലമായ അസ്ഥികളെ കൂടി അപകടപ്പെടുത്താന്‍ ഇയര്‍ ബഡുകള്‍ കാരണമാകും എന്നും പഠനം പറയുന്നു.