സൗദിയില്‍ നിയമലംഘനം നടത്തുന്ന വിദേശികള്‍ക്ക് കടുത്ത ശിക്ഷ

single-img
1 August 2017


ജിദ്ദ: സൗദിയില്‍ വിദേശികള്‍ നിയമലംഘനം നടത്തിയതായി കണ്ടെത്തിയാല്‍ ആറു മാസം തടവും 50,000 റിയാല്‍ പിഴയും ശിക്ഷ അനുഭവിക്കേണ്ടിവരുമെന്ന മുന്നറിയിപ്പുമായി പാസ്‌പോര്‍ട്ട് ഡയറക്ടറേറ്റ്.

പൊതുമാപ്പ് അവസാനിച്ച സാഹചര്യത്തില്‍ രാജ്യത്തെ എല്ലാ പ്രവിശ്യകളിലും പരിശോധന കര്‍ശനമാക്കുകയുണ്ടായി. ഈ സാഹചര്യത്തിലാണ് അനധികൃതമായി കഴിയുന്ന വിദേശ തൊഴിലാളികള്‍ക്ക് പാസ്‌പോര്‍ട്ട് വകുപ്പ് മുന്നറിയിപ്പ് നല്‍കിയത്. ശിക്ഷാ കാലാവധി കഴിഞ്ഞാല്‍ വിദേശികളെ നാടുകടത്തുമെന്നും ഡയറക്ടറേറ്റ് മുന്നറിയിപ്പ് നല്‍കി.

വിദേശികള്‍ സ്വന്തം നിലയില്‍ ജോലി ചെയ്യുന്നതും തെരുവുകളില്‍ കച്ചവടം നടത്തുന്നതും രാജ്യത്ത് നിയമ ലംഘനമാണ്. തൊഴിലുടമയുടെ കീഴിലല്ലാതെ ജോലി ചെയ്യാന്‍ വിദേശികള്‍ക്ക് അനുമതിയില്ല. സ്വന്തമായി തൊഴില്‍ ചെയ്യുന്ന വിദേശികള്‍ക്ക് 10,000 റിയാല്‍ പിഴയും ഒരു മാസം തടവും ശിക്ഷ ലഭിക്കും.

ഇഖാമയില്‍ രേഖപ്പെടുത്തിയിട്ടുളള തൊഴിലിന് വിരുദ്ധമായി ജോലി ചെയ്യുന്നതും നിയമ ലംഘനമാണെന്ന് ആഭ്യന്തര വകുപ്പും തൊഴില്‍ വകുപ്പും വ്യക്തമാക്കി.