ഹജ്ജ് കര്‍മ്മത്തെ ചൊല്ലി പുതിയ വിവാദവുമായി ഖത്തര്‍

single-img
31 July 2017

റിയാദ്: ഗള്‍ഫ് പ്രതിസന്ധി തുടരുന്ന സാഹചര്യത്തിലും വിശുദ്ധ ഹജ്ജ് കര്‍മ്മത്തെ ചൊല്ലി ഖത്തര്‍ സൗദി രാജ്യങ്ങള്‍ തമ്മില്‍ തര്‍ക്കങ്ങള്‍ ഉടലെടുക്കുന്നു. പുണ്യസ്ഥലങ്ങള്‍ അന്താരാഷ്ട്രസമൂഹത്തിന്റെ മേല്‍നോട്ടത്തിലും നിയന്ത്രണത്തിലുമാക്കണമെന്നതാണ് ഖത്തറിന്റെ പുതിയ ആവശ്യം. എന്നാല്‍ ഈ ആവശ്യത്തെ തള്ളിയ സൗദി വിദേശകാര്യ മന്ത്രി ആദില്‍ അല്‍ജുബൈര്‍ തങ്ങള്‍ക്കെതിരായ യുദ്ധപ്രഖ്യാപനമാണിതെന്ന് തുറന്നടിച്ചു.

ഖത്തര്‍ പ്രതിസന്ധി വിശകലനം ചെയ്യാന്‍ മനാമയില്‍ ചേര്‍ന്ന യോഗത്തിനുശേഷം പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു സൗദി വിദേശകാര്യ മന്ത്രി. പുണ്യസ്ഥലങ്ങള്‍ അന്താരാഷ്ട്രവത്കരിക്കണമെന്ന ആവശ്യം ഉന്നയിച്ചതിലൂടെ ശത്രുവിന്റെ കളത്തില്‍ ഖത്തറും സ്ഥാനം പിടിച്ചിരിക്കുകയാണെന്ന് ആദില്‍ അല്‍ ജുബൈര്‍ പറഞ്ഞു. നേരത്തെ ഇറാനും ഇതേ ആവശ്യം ഉന്നയിച്ച് രംഗത്തെത്തിയിരുന്നു. ഇറാനുമായി സഹകരിച്ച ഏത് രാജ്യത്തിനും നാശം മാത്രമാണ് ഉണ്ടായിട്ടുള്ളത്.

ഹജ്ജ് നിര്‍വഹിക്കുന്നതില്‍ നിന്ന് ഖത്തര്‍ പൗരന്‍മാരെ തടഞ്ഞിരിക്കുകയാണ്. ഹജ്ജ് ഉംറയും നിര്‍വഹിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മുഴുവന്‍ സഹായവും നല്‍കിയ ചരിത്രമാണ് സൗദി അറേബ്യക്കുള്ളത്. ഹജ്ജിനെ രാഷ്ട്രീയവത്ക്കരിക്കുന്നതിനുള്ള ഖത്തറിന്റെ ശ്രമം അംഗീകരിക്കില്ല. ലോകത്തിന്റെ ഏതുഭാഗത്തുള്ള മുസ്ലീങ്ങളെയും പുണ്യസ്ഥലങ്ങളിലേക്ക് സ്വാഗതം ചെയ്യുന്നു.

അതുപോലെ ഖത്തര്‍ പൗരന്‍മാരെയും സ്വാഗതം ചെയ്യുന്നതായി ആദില്‍ അല്‍ ജുബൈര്‍ പറഞ്ഞു. ഖത്തറിന്റെ നയങ്ങളാണ് ഖത്തറിനെതിരായ നടപടിക്ക് കാരണം. റിയാദ് കരാര്‍ ഖത്തര്‍ നടപ്പാക്കിയിട്ടില്ലെന്നും ആദില്‍ അല്‍ജുബൈര്‍ പറഞ്ഞു. മുമ്പ് ഇതേ ആവശ്യം ഉന്നയിച്ചുകൊണ്ട് ഇറാനും സൗദിയുമായി ഇടഞ്ഞുനില്‍ക്കുകയാണ്.