വിമാനത്താവളങ്ങള്‍ സ്വകാര്യവല്‍ക്കരിക്കാനൊരുങ്ങി സൗദി

single-img
28 July 2017

റിയാദ്: രാജ്യത്തെ മുഴുവന്‍ വിമാനത്താവളങ്ങളും സ്വകാര്യവല്‍ക്കരിക്കാനുള്ള തയ്യാറെടുപ്പുമായി സൗദി അറേബ്യ. ഇതിനായുള്ള പദ്ധതി തയ്യാറാക്കിയതായി ജനറല്‍ അതോറിറ്റി സിവില്‍ ഏവിയേഷന്‍ അറിയിച്ചു. ഈ വര്‍ഷാവസാനത്തോടെയാണ് സ്വകാര്യവത്കരിക്കുക. അതേസമയം ഓഹരികള്‍ എന്നുമുതല്‍ വിപണിയിലിറങ്ങുമെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല.

സൗദി വിഷന്‍ 2030ന്റെ ഭാഗമായി സ്വകാര്യവത്കരണം പ്രോസാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് രാജ്യത്തെ വിമാനത്താവളങ്ങള്‍ സ്വകാര്യ മേഖലക്ക് ഏല്‍പിക്കുന്നത്. വിമാനത്താവളങ്ങളുടെ സേവനം മെച്ചപ്പെടുത്തുന്നതിനും പൊതുഖജനാവിന്റെ ചെലവ് കുറയ്ക്കുന്നതിന്റെയും ഭാഗമായാണ് വിമാനത്താവളങ്ങള്‍ കമ്പനികള്‍ക്ക് കീഴിലാക്കുന്നതെന്ന് ജിഎസിഎ പ്രസിഡന്റ് അബ്ദുല്‍ ഹക്കീം അല്‍ തമീമി അറിയിച്ചു.

മൂന്നുഘട്ടങ്ങളായാണ് സ്വകാര്യവല്‍ക്കരണം നടപ്പിലാക്കുക. ആദ്യഘട്ടത്തില്‍ റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളമാണ് സ്വകാര്യവല്‍ക്കരിക്കുക. തിരഞ്ഞെടുക്കുന്ന ബോര്‍ഡ് ഡയറക്ടര്‍മാരായിരിക്കും കമ്പനി നിയന്ത്രിക്കുക.

സ്വകാര്യവത്കരണ കമ്പനിയുടെ ഓഹരിയുടെ ഒരു പങ്ക് പൊതുജനങ്ങള്‍ക്കായി വില്‍ക്കും. ജിദ്ദ കിങ് അബ്ദുല്‍ അസീസ് വിമാനത്താവളം കഴിച്ചാല്‍ ഏറ്റവും കൂടിയ വിലക്കുള്ള ഓഹരികളായിരിക്കും റിയാദ് വിമാനത്താവളത്തിന്റേതെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

രണ്ടാം ഘട്ടത്തില്‍ വിമാനത്താവളത്തിന്റെ നടത്തിപ്പും അറ്റകുറ്റപ്പണിയും നിര്‍വഹിക്കുന്നതിന് കമ്പനികളുമായി കരാറില്‍ ഏര്‍പ്പെടും. ഇതനുസരിച്ച് ജിദ്ദയില്‍ നിര്‍മിക്കുന്ന പുതിയ വിമാനത്താവളത്തിന്റെ നടത്തിപ്പും അറ്റകുറ്റപണിയും സ്വകാര്യവത്കരിക്കുന്ന കമ്പനിക്കു കൈമാറും.

ജനറല്‍ അതോറിറ്റി സിവില്‍ ഏവിയേഷന്‍ വിമാനത്താവള നിര്‍മ്മാണത്തിനുള്ള പണം മുടക്കും. വിമാനത്താവളത്തില്‍ നിന്നുള്ള ലാഭം ജനറല്‍ അതോറിറ്റി സിവില്‍ ഏവിയേഷനുമായാണ് കമ്പനി പങ്കുവയ്ക്കുക. മൂന്നാംഘട്ടത്തില്‍ ബിഒടി അടിസ്ഥാനത്തില്‍ വിമാനത്താവളം നിര്‍മിക്കുകയും ശേഷം കൈമാറുകയും ചെയ്യും.