ഡ്രൈവിങ് ലൈസന്‍സ് വിതരണത്തിന് ഇലക്ട്രോണിക് സംവിധാനം ഏര്‍പ്പെടുത്തി കുവൈത്ത്

single-img
27 July 2017

കുവൈത്ത് സിറ്റി: ഡ്രൈവിങ് ലൈസന്‍സ് വിതരണത്തിന് ഇലക്ട്രോണിക് സംവിധാനം ഏര്‍പ്പെടുത്തി കുവൈത്ത്. രാജ്യത്തെ സ്വദേശികളുടെയും വിദേശികളുടെയും ഡ്രൈവിങ് ലൈസന്‍സുകള്‍ ഇലക്‌ട്രോണിക് ഡിവൈസ് വഴി ഇഷ്യൂ ചെയ്യുന്ന സംവിധാനമാണ് നടപ്പിലാക്കാനൊരുങ്ങുന്നത്. ഇലക്ട്രോണിക് വല്‍ക്കരണത്തിനായുള്ള നടപടികള്‍ ഉടന്‍ ആരംഭിക്കുമെന്ന് ഗതാഗത വകുപ്പ് അറിയിച്ചു.

സിവില്‍ ഐഡി വിതരണത്തിന്റെ മാതൃകയില്‍ പ്രത്യേകം തയ്യാറാക്കിയ സെല്‍ഫ് സര്‍വീസ് കിയോസ്‌കുകള്‍ വഴി ലൈസന്‍സ് ലഭ്യമാക്കാനാണ് പദ്ധതി. ഇതിനായി ഏതാനും ആഴ്ചകള്‍ക്കകം രാജ്യത്തെ പതിനഞ്ചു കേന്ദ്രങ്ങളില്‍ സെല്‍ഫ് സര്‍വീസ് കിയോസ്‌കുകള്‍ സ്ഥാപിക്കും.

ഇതോടൊപ്പം ഡ്രൈവിങ് ലൈസന്‍സ് പരിഷ്‌കരിക്കാനും ആലോചനയുണ്ട്. കൂടുതല്‍ സാങ്കേതികത്തികവുള്ളതും അന്താരാഷ്ട്ര നിലവാരമുള്ളതുമായ ന്യൂജനറേഷന്‍ ലൈസന്‍സുകള്‍ ആയിരിക്കും പുതിയ സംവിധാനത്തിലൂടെ ലഭ്യമാക്കുകയെന്നും അധികൃതര്‍ അറിയിച്ചു.