ഖത്തര്‍ ഉപരോധം റദ്ദാക്കണമെന്ന് ഗള്‍ഫ് രാജ്യങ്ങളോട് വീണ്ടും അമേരിക്ക

single-img
22 July 2017

വാഷിങ്ടണ്‍: ഗള്‍ഫ് രാഷ്ട്രങ്ങള്‍ ഖത്തറിനെതിരെ തുടരുന്ന ഉപരോധം റദ്ദാക്കണമെന്ന് വീണ്ടും അമേരിക്ക. അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സണനാണ് ഈ ആവശ്യം ഉന്നയിച്ചത്. ഭീകരവാദത്തിനെതിരെ യോജിച്ച മുന്നേറ്റത്തിന് ഗള്‍ഫ് രാജ്യങ്ങള്‍ തയ്യാറെടുക്കുന്ന സാഹചര്യത്തില്‍ ഖത്തറിനെതിരായ നടപടികള്‍ നീക്കേണ്ടതുണ്ടെന്ന് ടില്ലേഴ്‌സണ്‍ അഭിപ്രായപ്പെട്ടു. അമേരിക്കന്‍ സന്ദര്‍ശനം നടത്തുന്ന ഒമാന്‍ വിദേശകാര്യമന്ത്രി യൂസഫ് ബിന്‍ അലാവി ബിന്‍ അബ്ദുള്ളയുമായുള്ള കൂടിക്കാഴ്ചയ്ക്ക് മുമ്പാണ് ടില്ലേഴ്‌സണ്‍ ഖത്തര്‍ വിഷയത്തില്‍ നിലപാട് ആവര്‍ത്തിച്ചത്.

മറ്റ് രാജ്യങ്ങളുടെ നിബന്ധനകള്‍ സംബന്ധിച്ച ചര്‍ച്ചകള്‍ക്ക് തയാറാണെന്ന് ഖത്തര്‍ അറിയിച്ച സാഹചര്യത്തില്‍ ഉപരോധം പിന്‍വലിക്കണമെന്ന് ടില്ലേഴ്‌സണ്‍ ആവശ്യപ്പെട്ടു. ജൂണ്‍ ആദ്യവാരം സൗദി അറേബ്യ, യുഎഇ,ഈജിപ്ത്,ബെഹ്‌റിന്‍ തുടങ്ങിയ രാജ്യങ്ങള്‍ ഖത്തറിന് ഉപരോധമേര്‍പ്പെടുത്തിയത്. ഉപരോധമേര്‍പ്പെടുത്തിയ ആദ്യ ദിനങ്ങളിലും തീരുമാനം പിന്‍വലിക്കണമെന്ന ആവശ്യവുമായി ടില്ലേഴ്‌സണ്‍ രംഗത്തെത്തിയിരുന്നു.

അതേസമയം ഖത്തറിനെതിരായുള്ള ഉപരോധം നീക്കുന്നതിനായി രാജ്യത്തിന്റെ പരമാധികാരത്തെ മാനിച്ചുകൊണ്ടുള്ള ഏത് തരത്തിലുള്ള ചര്‍ച്ചകള്‍ക്കും തയ്യാറാണെന്ന് ഖത്തര്‍ അമീര്‍ ശൈഖ് തമിം ബിന്‍ ഹമദ് അല്‍ഥാനി ഇന്നലെ വ്യക്തമാക്കിയിരുന്നു. ഇതിനായി രാജ്യത്തിന്റെ അന്തസും അഭിമാനവും പണയം വെക്കില്ലെന്നും ശൈഖ് തമിം പറഞ്ഞു. ഖത്തര്‍ ടെലിവിഷനിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

സൗദി അനുകൂല രാഷ്ട്രങ്ങള്‍ ഖത്തറിനു മേല്‍ ഉപരോധം ഏര്‍പ്പെടുത്തിയതിന് ശേഷം ഇതാദ്യമായാണ് അമീര്‍ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നത്.
പ്രതിസന്ധി പരിഹരിക്കുന്നതിനും ഉപരോധം നീക്കുന്നതിനും ഏത് തരത്തിലുള്ള നയതന്ത്രചര്‍ച്ചകള്‍ക്കും ഖത്തര്‍ തയ്യാറെണന്ന് അമീര്‍ ശൈഖ് തമിം ബിന്‍ ഹമദ് അല്‍ഥാനി പറഞ്ഞു. ഇതിനു പിന്നാലയായിരുന്നു അമേരിക്കയുടെ പ്രതികരണം.