തക്കാളി കഴിച്ചാല്‍ ചര്‍മത്തിലെ അര്‍ബുദം കുറയുമെന്ന് പഠനം

single-img
20 July 2017

തക്കാളി സ്ഥിരമായി കഴിക്കുന്നവരില്‍ അര്‍ബുദമുണ്ടാവാനുള്ള സാധ്യത കുറവെന്ന് പഠനങ്ങള്‍. വിറ്റാമിന്‍, ധാതുക്കള്‍ ഇവ രണ്ടും തക്കാളിയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇതിലുള്ള അയണ്‍, പൊട്ടാസ്യം, ക്രോമിയം തുടങ്ങിയവയെല്ലാം തക്കാളിയുടെ ഗുണം കൂട്ടുന്നു. അതിനാല്‍ പുരുഷന്‍മാര്‍ തക്കാളി കഴിക്കുന്നതു കൊണ്ട് പ്രയോജനം ഏറെയാണ്. അതില്‍ പ്രധാനമാണ് തക്കാളി കഴിക്കുന്നത് പുരുഷന്‍മാരിലെ ത്വക്ക് കാന്‍സര്‍ സാധ്യത തടയും എന്നുളളത്. ദിവസവും തക്കാളി കഴിക്കുന്നത് ചര്‍മ്മ സംരക്ഷണത്തിനും ത്വക്ക് കാന്‍സറിനെ ഒരു പരിധി വരെ തടയുന്നതിനും സഹായിക്കുമെന്നാണ് പഠനം.

യുഎസിലെ ഒഹിയോസ്റ്റേറ്റ് സര്‍വകലാശാലയിലെ ജെസിക്ക കോപ്പര്‍‌സ്റ്റോണിന്റെ നേതൃത്വത്തിലാണ് പഠനം നടത്തിയത്. ഭക്ഷണം മരുന്നല്ലെന്നും എന്നാല്‍ ദീര്‍ഘകാലത്തെ ഉപയോഗം കൊണ്ട് ചില രോഗങ്ങളെ തടയാന്‍ ഭക്ഷണത്തിനു കഴിയുമെന്നും പഠനം പറയുന്നു. എലികളില്‍ നടത്തിയ പഠനത്തില്‍ തക്കാളിയിലെ പോഷകങ്ങള്‍ ചര്‍മത്തിലെ അര്‍ബുദത്തെ തടയുന്നതായി തെളിഞ്ഞു.

35 ആഴ്ച തുടര്‍ച്ചയായ ദിവസം 10 ശതമാനം തക്കാളിപ്പൊടി കഴിച്ച ആണെലികളെ അതിനുശേഷം അള്‍ട്രാവയലറ്റ് വികിരണങ്ങള്‍ ചര്‍മത്തില്‍ ഏല്‍പ്പിച്ചു. അവയുടെ ചര്‍മത്തിലെ അര്‍ബുദ മുഴകള്‍ 50 ശതമാനം കുറഞ്ഞതായി കണ്ടു. തക്കാളിക്ക് നിറം നല്‍കുന്ന ഡയറ്ററി കരോട്ടിനോയ്ഡുകള്‍, അള്‍ട്രാവയലറ്റ് വികിരണങ്ങള്‍ മൂലം ചര്‍മത്തിന് നാശമുണ്ടാകാതെ സംരക്ഷിക്കുന്നു. തക്കാളി പേസ്റ്റ് കഴിക്കുന്നത് സണ്‍ബേണില്‍ നിന്നു സംരക്ഷണം നല്‍കുമെന്ന് മനുഷ്യരില്‍ നടത്തിയ പഠനങ്ങളിലും തെളിഞ്ഞിട്ടുണ്ട്.

തക്കാളിയില്‍ ലൈകോപിന്‍ എന്ന രാസസംയുക്തമുണ്ട്. ഇത് നല്ലൊരു ആന്റി ഓക്‌സിഡന്റ് ആണ്. ഈ രാസവസ്തുവാണ് കാന്‍സറിന്റെ ശത്രു. ലൈകോപിന്‍ തന്നെയാണ് തക്കാളിപ്പഴത്തിന് ചുവപ്പു നിറം നല്‍കുന്നത്. അതുകൊണ്ടാണ് പഴുത്തു ചുവന്ന തക്കാളി കഴിക്കുന്നത് കാന്‍സറിനെ തടയുന്നതെന്നും പഠനത്തില്‍ കണ്ടെത്തി.

അതേപോലെ തക്കാളിപ്പഴമോ തക്കാളി സോസോ സ്ഥിരമായി കഴിക്കുന്നവരില്‍ പ്രോസ്റ്റേറ്റ് കാന്‍സര്‍ 30 ശതമാനം കണ്ട് കുറഞ്ഞിരിക്കുന്നു എന്നും കണ്ടെത്തിയിട്ടുണ്ട്. ഡീഹൈഡ്രേറ്റഡ് തക്കാളി നല്‍കിയ ആണെലികളില്‍ മാത്രമാണ് ട്യൂമറിന്റെ വളര്‍ച്ച കുറഞ്ഞത്. ലൈക്കോപീന്‍ ധാരാളം അടങ്ങിയ ടാന്‍ജരിന്‍ തക്കാളികള്‍ നല്‍കിയപ്പോള്‍ കണ്‍ട്രോള്‍ ഗ്രൂപ്പിനെ അപേക്ഷിച്ച് അര്‍ബുദ മുഴകള്‍ കുറഞ്ഞതായും കണ്ടു.