ഹെലിക്കോപ്റ്റര്‍ ഷോട്ടുകള്‍ തൊടുത്ത ബാറ്റ് ധോണിക്ക് ഉപേക്ഷിക്കേണ്ടി വരും: കാരണം എന്തെന്നറിയാമോ?

single-img
20 July 2017

ഹെലികോപ്റ്റര്‍ ഷോട്ടുകളിലൂടെ യോര്‍ക്കറുകളെ പോലും ഗാലറിയിലേക്ക് പറത്തിയ ധോണിക്ക് കരുത്ത് പകര്‍ന്ന പഴയ ബാറ്റ് ഇനി ഉപയോഗിക്കാനാകില്ല.  ഐസിസിയുടെ പുതിയ നിയമപ്രകാരം ബാറ്റുകളുടെ അഗ്രത്തിനുള്ള പരമാവധി കനം 40 മില്ലിമീറ്റര്‍ മാത്രമാണ്. 45 എംഎം അഗ്രത്തോട് കൂടിയ ബാറ്റാണ് ധോണി ഇപ്പോള്‍ ഉപയോഗിക്കുന്നത്.

ഒക്ടോബര്‍ ഒന്നിനാണ് പുതിയ നിയമം പ്രാബല്യത്തില്‍ വരിക. അതിനാല്‍ തന്നെ ശ്രീലങ്കക്കെതിരെ നടക്കുന്ന ഏകദിന, ട്വന്റി 20 പരമ്പരയില്‍ നിയമത്തിന്റെ കുരുക്കില്ലാതെ ബാറ്റ് ചലിപ്പിക്കാന്‍ ധോണിക്കാകും. ധോണിയെ കൂടാതെ കൂറ്റനടിയുടെ രാജാക്കന്‍മാരായ ക്രിസ്‌ഗെയില്‍, ഡേവിഡ് വാര്‍ണര്‍, കെറോന്‍ പൊള്ളാര്‍ഡ് തുടങ്ങിയവര്‍ക്കും ബാറ്റ് മാറ്റേണ്ടി വരും.

ഇന്ത്യന്‍ നായകന്‍ വിരാട് കൊഹ്ലി, ദക്ഷിണാഫ്രിക്കയുടെ ഏകദിന നായകന്‍ എബി ഡിവില്ലിയേഴ്‌സ്, ഓസീസ് നായകന്‍ സ്റ്റീവന്‍ സ്മിത്ത്, ഇംഗ്ലണ്ടിന്റെ ജോ റൂട്ട് തുടങ്ങിയ മുന്‍നിര താരങ്ങളെല്ലാം പുതിയ പരിഷ്‌ക്കാരങ്ങള്‍ക്ക് അനുസൃതമായ ബാറ്റാണ് തുടക്കം മുതല്‍ ഉപയോഗിച്ച് വരുന്നത്.