കുവൈത്തിലെ വിദേശ തൊഴിലാളികളുടെ റിക്രൂട്ട്‌മെന്റ് നടപടികള്‍ ഇനി വേഗത്തിലാകും

single-img
15 July 2017

കുവൈത്ത്: വിദേശ തൊഴിലാളികളുടെ റിക്രൂട്ട്‌മെന്റ് നടപടികള്‍ വേഗത്തിലാക്കാനൊരുങ്ങി കുവൈത്ത്. ഇതിനായി വിവിധ രാജ്യങ്ങളിലെ കുവൈത്ത് എംബസികളുമായി ഇ ലിങ്കിംഗ് സ്ഥാപിക്കാന്‍ തയ്യാറെടുക്കുകയാണ് മാനവശേഷി വകുപ്പ്.  മാന്‍ പവര്‍ റിക്രൂട്ട്‌മെന്റ് അതോറിറ്റിയുടെയും വിദേശ രാജ്യങ്ങളിലെ കുവൈത്ത് നയതന്ത്ര കാര്യാലയങ്ങളുടെയും കമ്പ്യൂട്ടര്‍ ശൃംഖലകള്‍ തമ്മില്‍ ബന്ധിപ്പിക്കാനാണ് പുതിയ പദ്ധതി.

വിദേശത്തു നിന്ന് റിക്രൂട്ട് ചെയ്യപ്പെടുന്ന തൊഴിലാളി കുവൈത്തിലെത്തുന്നതിനു മുന്‍പ് തന്നെ തൊഴില്‍ പെര്‍മിറ്റുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ഇലിങ്കിംഗ് നടപ്പാക്കുന്നതിലൂടെ സാധിക്കുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. പരീക്ഷണാര്‍ത്ഥം ഈജിപ്തിലെ കുവൈത്ത് എംബസിയുമായാണ് ആദ്യം കംപ്യുട്ടര്‍ ബന്ധം സ്ഥാപിക്കുക. സംവിധാനം വിജയകരമാണെന്നു കണ്ടാല്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള മറ്റു റിക്രൂട്ടിങ് രാജ്യങ്ങളിലേക്കും ഇത് വ്യാപിപ്പിക്കുമെന്ന് അതോറിറ്റി ആക്റ്റിങ് ഡയറക്ടര്‍ അഹമ്മദ് അല്‍ മൂസ പറഞ്ഞു.

മുപ്പതു വയസ്സില്‍ താഴെ ഉള്ള വിദേശികള്‍ക്ക് തൊഴില്‍പെര്‍മിറ്റ് അനുവദിക്കുന്നത് നിര്‍ത്തിയെന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും അഹമ്മദ് അല്‍ മൂസ വ്യക്തമാക്കി. വിസ അനുവദിക്കുന്നതിന് പ്രായം നിര്‍ണയിക്കുന്നത് മാന്‍ പവര്‍ അതോറിറ്റി അല്ലെന്നും നിലവിലെ മാനദണ്ഡങ്ങള്‍ അനുസരിച്ചു അര്‍ഹരായ എല്ലാവര്‍ക്കും തൊഴില്‍ പെര്‍മിറ്റ് അനുവദിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.