സാധാരണക്കാര്‍ക്കും ലോകത്തിന്റെ നെറുകയിലെത്താം; ബുര്‍ജ് ഖലീഫയില്‍ കയറാന്‍ 65 ദിര്‍ഹം മാത്രം

single-img
14 July 2017

 

ദുബൈ: ലോകത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുര്‍ജ് ഖലീഫക്ക് മുകളില്‍ കയറാന്‍ ഇനി 65 ദിര്‍ഹം മാത്രം. ബുര്‍ജ് ഖലീഫ ഉടമകളായ ഇമാര്‍ പ്രോപ്പര്‍ട്ടീസും ദുബൈ ഗതാഗത വകുപ്പായ ആര്‍.ടി.എയും ചേര്‍ന്നാണ് ദാന വര്‍ഷത്തിന്റെ ഭാഗമായി സാധാരണക്കാര്‍ക്കും ലോകത്തിന് മുകളിലെത്താന്‍ രണ്ട് മാസത്തെ അവസരമൊരുക്കുന്നത്.

ജൂലൈ, ആഗസ്ത് മാസങ്ങളില്‍ നടക്കുന്ന ക്യാമ്പയിനില്‍ ദുബൈ മെട്രോ യാത്രക്കാര്‍ക്കാണ് ഈ സുവര്‍ണ്ണാവസരം ലഭ്യമാവുക. കെട്ടിടത്തിന്റെ 124,125 നിലകളിലുള്ള ‘അറ്റ് ദ ടോപ്’ സന്ദര്‍ശിക്കാന്‍ 125 ദിര്‍ഹമാണ് നേരത്തെ ഈടാക്കിയിരുന്നത്. എന്നാല്‍ ക്യാമ്പയിനിങിന്റെ ഭാഗമായി മെട്രോ യാത്രക്കാര്‍ക്ക് 65 ദിര്‍ഹത്തിന് ഇവിടം സന്ദര്‍ശിക്കാമെന്ന് ഔദ്യോഗിക വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

ദുബൈയിലെ 47 മെട്രോ സ്‌റ്റേഷനുകളിലും ഇതിന്റെ ഡിസ്‌കൗണ്ട് വൗച്ചര്‍ ലഭിക്കും. ഇത് ദുബൈ മാളിലെ താഴെ നിലയില്‍ പ്രവര്‍ത്തിക്കുന്ന അറ്റ് ദ ടോപ് ടിക്കറ്റ് കൗണ്ടറില്‍ കാണിക്കണം. എമിറേറ്റസ് ഐഡിയും ഒപ്പം കരുതണം. രാവിലെ ഒമ്പത് മുതല്‍ ഉച്ചക്ക് ഒരു മണിവരെയാണ് പ്രവേശനം ലഭിക്കുക. ദുബൈ നഗരത്തിന്റെ മനോഹരമായ ആകാശക്കാഴ്ചയാണ് അറ്റ് ദ ടോപിലെ നിരീക്ഷണ ഡക്കില്‍ നിന്ന് കാണാനാവുക. 124ാം നിലയില്‍ അത്യാധുനിക ദൂരദര്‍ശിനിയുമുണ്ട്.

ലോകത്തെ ഏറ്റവും ഉയരം കൂടിയ നിരീക്ഷണത്തറയായ 148ാം നിലയിലെ ബുര്‍ജ് ഖലീഫ സ്‌കൈയില്‍ എത്തണമെങ്കില്‍ വേറെ ടിക്കറ്റെടുക്കണം. 1821 അടിയാണ് ഇതിന്റെ ഉയരം.