ബംഗാൾ കലാപം: ഹിന്ദുക്കൾ ഗുജറാത്ത് കലാപത്തിലേത് പോലെ പ്രതികരിക്കണമെന്ന് ബിജെപി എം എൽ ഏ

single-img
9 July 2017

പശ്ചിമ ബംഗാളിലെ ബർസിഹത്തിലും ബദൂരിയയിലും നടക്കുന്ന വർഗീയ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ 2002-ലെ ഗുജറാത്ത് കൂട്ടക്കൊലയിലേതുപോലെ പ്രതികരിക്കുവാൻ ഹിന്ദുസമൂഹത്തോട് ആഹ്വാനം ചെയ്യുന്ന ബി ജെ പി എം എൽ ഏയുടെ ഫെയ്സ്ബുക്ക് പോസ്റ്റ് വിവാദമാകുന്നു. ഹൈദരാബാദിലെ ഗോഷമഹാൽ മണ്ഡലത്തിൽ നിന്നുള്ള ബിജെപി എം എൽ ഏ ആയ ടി രാജാ സിംഗ് ആണു സാമുദായിക വിദ്വേഷം വളർത്തുന്ന വീഡിയോ സന്ദേശം ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തതു.

“ബംഗാളിലെ ഹിന്ദുക്കൾക്ക് രണ്ടുവഴികളാണുള്ളത്. ഒന്നുകിൽ കശ്മീരിൽ ചെയ്തതുപോലെ നപുംസകങ്ങളായി അവിടെ നിന്നും ഓടി രക്ഷപ്പെടുക, അല്ലെങ്കിൽ സംഘടിച്ച് ഗുജറാത്തിൽ 2002-ൽ ചെയ്തത് ബംഗാളിൽ ആവർത്തിക്കുക” എന്നാണു ഫെയ്സ്ബുക്ക് പോസ്റ്റിന്റെ ആമുഖമായി ഹിന്ദിയിൽ  എഴുതിയിരിക്കുന്നത്.

പശ്ചാത്തലത്തിൽ ശ്രീരാമന്റേയും ഗോമാതാവിന്റേയും ദുർഗ്ഗയുടേയും ചിത്രമുള്ള തന്റെ ഓഫീസ് മുറിയിൽ നിന്നുകൊണ്ട് രാജാ സിംഗ് സംസാരിക്കുന്ന വീഡിയോ ആണു പോസ്റ്റ് ചെയ്തിരിക്കുന്നത്. ഹിന്ദുക്കൾ ഉണർന്നു പ്രവർത്തിക്കണമെന്നും ഇല്ലെങ്കിൽ കശ്മീരിലേതുപോലെ ഹിന്ദുക്കൾക്ക് ഓടി രക്ഷപ്പേടേണ്ടി വരുമെന്നും വീഡിയോയിൽ രാജാ സിംഗ് പറയുന്നു.

“ഹിന്ദുക്കളെ അവിടെ നിന്നും ആട്ടിയകറ്റിയ ശേഷം ബംഗ്ലാദേശ് പോലെ ഒരു രാജ്യം ഇവർ സൃഷ്ടിക്കും. അതുകൊണ്ട് ബംഗാൾ കടുവകളായ ഹിന്ദുക്കളോട് എനിക്കു പറയുവാനുള്ളത് ഇതാണു- ഉണരൂ, സംഘടിക്കൂ.. സഹോദരന്മാരേ , 2002-ൽ ഗുജറാത്തിലെ ഹിന്ദുക്കളെ കൊന്നവർക്ക് അവർ എപ്രകാരമാണോ മറുപടി നൽകിയത്, അപ്രകാരം ബംഗാളിലെ ഹിന്ദുക്കളും പ്രതികരിക്കണം”

-രാജാ സിംഗ് പറയുന്നു.

തെലങ്കാനയിലെ ബിജെപിയുടെ ഗോരക്ഷാ കൺവീനറായ രാജാ സിംഗ് ഇത്തരത്തിൽ അക്രമത്തിനു ആഹ്വാനം ചെയ്യുന്ന പ്രസംഗങ്ങളുടെ പേരിൽ കുപ്രസിദ്ധിയാർജ്ജിച്ചയാളാണു. കഴിഞ്ഞ വർഷം പാക്കിസ്താനി നടൻ അഭിനയിച്ചതിന്റെ പേരിൽ  ‘യേ ദിൽ ഹേ മുഷ്കിൽ’ എന്ന ചിത്രത്തിന്റെ പ്രദർശനം തടയാൻ ബിജെപി അടക്കമുള്ള വലതുപക്ഷ സംഘടനകൾ മുന്നിട്ടിറങ്ങിയപ്പോൾ ഈ ചിത്രം പ്രദർശിപ്പിക്കുന്ന തിയറ്ററുകൾ കത്തിക്കുവാൻ പരസ്യമായി ആഹ്വാനം ചെയ്തയാളാണു രാജാ സിംഗ്.

രാജാ സിംഗിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് ഇതുവരെ 3600-ലധികം ആളുകൾ ഷെയർ ചെയ്തിട്ടുണ്ട്.

https://www.facebook.com/RajaSinghOfficial/videos/762637360563857