ഖത്തര്‍ പ്രതിസന്ധി: മധ്യസ്ഥ ചര്‍ച്ചക്ക് പിന്തുണയുമായി ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി

single-img
9 July 2017


ദോഹ: ഗള്‍ഫ് പ്രതിസന്ധി പരിഹരിക്കാന്‍ ചര്‍ച്ചകള്‍ ശക്തമാകുന്നു. മധ്യസ്ഥ ചര്‍ച്ചക്ക് പിന്തുണയുമായി ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ബോറിസ് ജോണ്‍സണ്‍ ഖത്തറിലെത്തി. കഴിഞ്ഞ ദിവസം കുവൈത്ത് സന്ദര്‍ശിച്ചതിന് ശേഷമാണ് അദ്ദേഹം ഖത്തറിലെത്തിയത്. ഖത്തറിലെത്തിയ ബോറിസ് ജോണ്‍സണ്‍ പ്രധാനമന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ നാസര്‍ ആല്‍ഥാനി, അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി, വിദേശകാര്യ മന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ ആല്‍ഥാനി എന്നിവരുമായി കൂടിക്കാഴ്ച നടത്തി.

പ്രതിസന്ധി പരിഹരിക്കുന്നതിന് മുന്നോട്ട് വച്ച ഉപാധികള്‍ തള്ളിയ ഖത്തറിനെതിരെ രാഷ്ട്രീയസാമ്പത്തികനിയമ നടപടികള്‍ ശക്തമാക്കുമെന്ന് സൗദി സഖ്യരാജ്യങ്ങള്‍ വ്യാഴാഴ്ച രാത്രി സംയുക്ത പ്രസ്താവനയില്‍ അറിയിച്ചിരുന്നു. നയതന്ത്രസാമ്പത്തിക ഉപരോധത്തിന് പുറമെ ഖത്തറിനെതിരെ അന്താരാഷ്ട്ര തലത്തില്‍ നിയമ നടപടികളിലേക്ക് കൂടി കടക്കുമെന്ന മുന്നറിയിപ്പാണ് പ്രസ്താവനയിലുള്ളത്.

ഇതിനു പിന്നാലെയാണ് മധ്യസ്ഥ ചര്‍ച്ചയ്ക്ക് ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി എത്തിയത്. പ്രതിസന്ധിപരിഹരിക്കാന്‍ കുവൈത്ത് നടത്തുന്ന മധ്യസ്ഥ ശ്രമത്തിന് ബ്രിട്ടന്റെ പൂര്‍ണ പിന്തുണയും അദ്ദേഹം അറിയിച്ചു. പ്രതിസന്ധിപരിഹാരത്തിന് സാധ്യത ഏറെയുണ്ടെന്നാണ് തന്റെ വിശ്വാസമെന്നും പക്ഷേ ഒറ്റരാത്രികൊണ്ട് പരിഹരിക്കപ്പെടുമെന്ന് അവകാശപ്പെടുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം നേരത്തെ മുന്നോട്ട് വെച്ച പതിമൂന്ന് ഉപാധികള്‍ക്ക് പകരം മേഖലയിലെ തീവ്രവാദം തടയുന്നതിന് ജി.സി.സി രാജ്യങ്ങള്‍ക്കിടയില്‍ ഒരു പൊതുകരാര്‍ ഉണ്ടാക്കി പ്രശ്‌നം രമ്യമായി പരിഹരിക്കാനുള്ള നിര്‍ദേശമായിരിക്കും ഇനി ഉണ്ടാവുകയെന്നാണ് സൂചന.