മക്കയില്‍ ഭീകരാക്രമണ ശ്രമം സുരക്ഷാസേന തകര്‍ത്തു; ഭീകരന്‍ പൊട്ടിത്തെറിച്ചു; പിന്നില്‍ വിദേശ ശക്തികളെന്ന് സൗദി

single-img
24 June 2017

മക്ക: സൗദി അറേബ്യയിലെ മക്കയിലുണ്ടായ ഭീകരാക്രമണശ്രമം സുരക്ഷാസേന തകര്‍ത്തു. ഭീകരാക്രമണത്തിന് ശ്രമിച്ച ഭീകരരിലൊരാള്‍ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിനിടെ സ്വയം പൊട്ടിത്തെറിച്ചു. സംഭവത്തില്‍ ആറ് വിദേശ തീര്‍ത്ഥാടകര്‍ക്ക് പരിക്കേറ്റു. ഭീകരാക്രമണ ശ്രമത്തിന് പദ്ധതിയിട്ടത് വിദേശ രാജ്യത്തു നിന്നാണെന്ന് സൗദി ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി. രാജ്യത്ത് അസ്ഥിരത ഉണ്ടാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണ് ആക്രമണശ്രമമെന്നും ആഭ്യന്ത്രമന്ത്രാലയം വ്യക്തമാക്കി. മന്ത്രാലയ വൃത്തങ്ങള്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.

ഹറം പള്ളിയെ ലക്ഷ്യമാക്കിയായിരുന്നു ആക്രമണമെന്ന് സൗദി ആഭ്യന്തരവകുപ്പ് വക്താവ് മന്‍സൂര്‍ അല്‍ തുര്‍ക്കിയെ ഉദ്ധരിച്ച് അല്‍ അറബിയ ടിവി റിപ്പോര്‍ട്ട് ചെയ്തു. വെള്ളിയാഴ്ച രാത്രി വൈകിയായിരുന്നു സംഭവം. മേഖലയില്‍ വന്‍ പൊലീസ് സന്നാഹത്തെ വിന്യസിച്ചു. മക്കയിലെ അല്‍ അസ്സില മേഖലയില്‍ പിടിയിലായ ഭീകരനില്‍നിന്നു ലഭിച്ച വിവരങ്ങളാണു ഭീകരാക്രമണ നീക്കം തകര്‍ക്കാന്‍ സഹായകരമായതെന്നാണു വിവരം.

തുടര്‍ന്നുള്ള പരിശോധനയ്ക്കിടെ മക്കയിലെ തന്നെ അജ്യാദ് അല്‍ മസാഫിയില്‍ ഭീകരന്‍ ഒളിച്ചിരുന്ന വീട് സുരക്ഷാസേന വളഞ്ഞു. കീഴടങ്ങാനുള്ള നിര്‍ദേശം തള്ളി ഇയാള്‍ പൊലീസിനു നേരെ വെടിയുതിര്‍ക്കുകയും ചെയ്തു. ഏറ്റുമുട്ടലിനൊടുവില്‍ ബെല്‍റ്റ് ബോംബ് ഉപയോഗിച്ച് സ്വയം പൊട്ടിത്തെറിച്ചതായി അധികൃതര്‍ അറിയിച്ചു.

റമസാനില്‍ ലക്ഷക്കണക്കിനു തീര്‍ഥാടകരുള്ള സമയത്ത് മക്കയില്‍ ഭീകരരെ പിടികൂടാനായത് ഏറെ പ്രാധാന്യത്തോടെയാണ് സുരക്ഷാസേന കാണുന്നത്. സൗദി ഭരണാധികാരി സല്‍മാന്‍ രാജാവും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനുമടക്കം ഭരണ രംഗത്തെ പ്രമുഖരെല്ലാം മക്കയിലുണ്ട്. ഹറം പള്ളിയില്‍ തീര്‍ഥാടകര്‍ സുരക്ഷിതരാണ്. തറാവീഹ് നമസ്‌കാരവും മറ്റു പ്രാര്‍ഥനകളും സുഗമമായി തുടര്‍ന്നു.